Wednesday 24 December 2014

യുദ്ധം

യുദ്ധം കനത്ത വ്യസനവും
നരച്ച നാളെകളും
ഒരിക്കലും അവസാനിയ്ക്കാത്ത
വിഷാദവും മാത്രം തരുന്നു.
സമാധാനം വിദൂരമായ
ഒരു വിശ്വാസം മാത്രമായി തീരുന്നു.
ജീവിച്ചിരിയ്ക്കുമ്പോൾ
തിരസ്ക്കരിയ്ക്കപ്പെടുന്ന  ജീവിതം,
 സ്നേഹം, മരിയ്ക്കപ്പെട്ടവരുടെ
കുഴിമാടത്തിൽ റീത്തായ് കിടക്കുമ്പോൾ
ചെന്തീക്കനൽ കണക്കെ വേദനയുടെ-
തിരുശേഷിപ്പുകൾ അവസാനത്തെ
ആകാശവും കടന്ന് നിഷ്പക്ഷപാതം-
ജ്വലിയ്ക്കുന്ന സൂര്യനെ പോലും
ഉണക്കി കളയുന്നു.       















Tuesday 23 December 2014

ചിരി നിലച്ച വീടുകൾ

ചിരി നിലച്ച വീടുകൾ
നമ്മുക്ക് വേണ്ട.
മനസ്സിന്റെ വാതായനങ്ങൾ
തുറന്നിടുക
അവിടെ സ്നേഹത്തിന്റെ
കാറ്റും വെളിച്ചവും
നിറഞ്ഞു തുളുമ്പട്ടെ.
നമ്മുക്ക്
നിശ്ചയിച്ചിരിയ്ക്കുന്ന കാലം
നിഴൽ പോലെ കടന്നു പോകുന്നു.
മരണത്തിൽ നിന്നും
തിരിച്ചു വരവില്ല,
അത് മുദ്രയിട്ട് ഉറപ്പിച്ചതാണ്.




Wednesday 17 December 2014

വിലാപം

എന്റെ ഹൃദയം തകർന്നിരിക്കുന്നു.
വിലാപം ഒടുങ്ങുന്നില്ല.
പാൽപ്പുഞ്ചിരികൽ മറഞ്ഞ്
സ്വപ്നങ്ങളുടെ നാമ്പുകൾ
ഇരുട്ടിന്റെ ശവപ്പെട്ടിയ്ക്കുള്ളിൽ
സമാധാനം നിറഞ്ഞ ലോകത്തിനായി
നിഷ്കളങ്കരാം വിശുദ്ധരായ് തീർന്നവർ.
മതങ്ങൾ മനുഷ്യസ്നേഹത്തിൻ സന്ദേശങ്ങൾ.
മതാന്ധത ബീഭത്സതയുടെ വേദാന്തങ്ങൾ ,
നരഹത്യകളവർ തൻ ദുഷ്ട ഹീനമാം കർമ്മം.
കണ്ണുനീരല്ല ഭൂമിതൻ കണ്‍കളിൽ
ചോരപ്പുഴയാണസഹ്യമാം നോവിന്റെ
കുഞ്ഞുങ്ങൾ വറ്റി മറഞ്ഞോരീ നെഞ്ചിലെ
അമ്മതൻ തീയിന്റെ വേവാണ്‌,വിദൂരമാം
ശാന്തിതൻ ഗായത്രികൾ തേടും കിതപ്പാണ്.  



      


Tuesday 9 December 2014

Emotions

She laid on his chest
Listening to his heartbeats
He kept his eyes closed
Feeling warmth of her body heat
Hours passed like minutes
Evening converted into night
But nobody moved for a moment
Nobody cared for any other sight
Silence and silence and only silence
Love, care and only pure emotions
He took her face in his hands, feeling the love’s bliss
First Kissed her cheek, then touched her lips
Looked inside each others eyes and both saw their whole world
Then slept in this position feeling more and more of each other.




Sunday 7 December 2014

പകിടയുരുളുമ്പോൾ

രാവുകളും പുലരികളും
ഹൃദ്യമാം സന്ധ്യകളും
നെഞ്ചിലിരുന്നു കുറുകുന്ന
ചോര തുടിക്കും സ്വപ്നങ്ങളും
പകിടയുരുളുമ്പോൾ പിടയുന്ന
പെണ്‍മനസ്സ് പോലെ  ഇരുണ്ടും
ജ്വലിച്ചും നില്ക്കുന്ന അല്പായുസ്സിന്റെ
അന്തിചുടലയിൽ ഇരുട്ട് വന്യതയോടെ
പത്തി താഴ്ത്തിയ സർപ്പമായി 
ഇഴയതെ കിടക്കുന്നു.
എല്ല് തൊടുന്ന തണുപ്പിൽ
 മൃത്യുവിന്റെ ഉന്മാദം-
അദൃശ്യമായി എനിക്ക് ചുറ്റും.
ഒരു കുടന്ന വായുവിന്റെ
ആദ്യ സ്പർശത്തിൽ
വേനൽ പൂവുകൾ മണക്കുന്നു.    





Monday 24 November 2014

,I did not die.

I am thousand winds that blow
I am the diamond glints on snow
I am the sunlight on ripened grain.
I am the gentle autumn rain.
when you awaken in the morning rush
I am the swift uplifting rush of quiet-
birds of circling flight.
I am the soft star that shines at night.
Don't stand at my grave and cry
I am not there,I did not die.

Wednesday 5 November 2014

സൂര്യകാന്തി

സൂര്യകാന്തി
സൂര്യന്റെ പ്രണയം
തേടി വന്നവൾ.
പകൽ മുഴുവൻ
അവർക്കൊരെ മനസ്സാണ്.
സൂര്യൻ ഉമ്മ വച്ച് തുടുപ്പിച്ച
പൂവിതളുകളിൽ
തൊട്ടു നോക്കുന്ന കാറ്റിനറിയാം
ഇരുളിലും ഇനിയും
 തണുക്കാത്തപ്രണയ ചൂട് .




വിൽക്കാനുണ്ട് ദൈവങ്ങൾ

ഇടുങ്ങിയ വഴികളും തിരക്കുള്ള തെരുവുകളും,
വഴിയോരം നിറയെ പണിശാലകൾ.
മനസ്സിൽ ആവാഹിച്ചെടുത്ത ദൈവരൂപങ്ങളെ
കൈവിരലാൽ ഉയിർ കൊള്ളിക്കുന്ന ശിൽപികൾ.
സർഗ്ഗാത്മകതയും ഉന്മാദവും ചേർത്ത്
ഏഴ് ദിവസവും ദൈവങ്ങളെ സൃഷ്ടിക്കുന്നു.
ഒരുപ്പാട്‌ ദേവതകൾക്ക് ജന്മം കൊടുക്കേണ്ടതുണ്ട്.
അപൂർണ്ണ രൂപങ്ങളും മുഖമില്ലാത്ത ദേഹങ്ങളും
അങ്ങിങ്ങ് ചുട്ടി കുത്താൻ കാത്തു കിടക്കുമ്പോൾ
 ദാരിദ്ര്യത്തിന്റെ വേവും ചൂടും കൈപ്പണികളിലുണ്ട്.
കളിമണ്ണിൽ കണ്ണീരും കഷ്ടപ്പാടും ചേർത്ത്
അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന  യഥാർത്ഥ ദൈവങ്ങൾ-
നിങ്ങളീ മാനവരെന്നറിയുന്നു ഇന്ന് ഞാൻ.    
     



സ്ത്രീ

ചുവന്ന തെരുവ്
ദാരിദ്ര്യവും ആകുലതകളും നിറഞ്ഞ
സങ്കട ദേഹങ്ങളെ പുരുഷൻ
അനുകമ്പയുടെ ചെരിപ്പ് പുറത്ത് ഊരിവച്ച്
പ്രാപിക്കാനെത്തുന്നയിടം. 
ഇല്ലാത്ത കാമം ഉണ്ടെന്നു വരുത്തി
വരണ്ട മനസ്സുമായി നിത്യവൃത്തി കഴിക്കുന്നവർ.
കറ വീണ ജീവിതത്തിന്റെ ഇരുളടഞ്ഞ ചുവരിനുള്ളിൽ
സ്ത്രീ വ്യഭിചാരത്തിന്റെ മാംസ ശരീരം മാത്രമായി-
കൊത്തി വലിയ്ക്കപ്പെടുന്നു.
കൈകാലുകളിൽ അദൃശ്യമാം പാരതന്ത്ര്യത്തിൻ
തുടലുകളുമായവൾ ജനിയ്ക്കുന്നു.
അപ്രാപ്യമാം വെണ്‍മേഘങ്ങൾ നീന്തിയലയും
നീലാകാശം തൊടാൻ കൊതിക്കുന്ന സ്വപ്‌നങ്ങൾ,
സർഗ്ഗ ശക്തികളുടെ ചേതനകൾ വിലക്കുകളുടെചലനങ്ങളിൽ
 മുറുകിയവളൊരു വ്യക്തിയല്ലാതായി മറയുന്നു.
അപഹാസ്യയാം ആജ്ഞാനുവർത്തി നീ
വേവും നീറ്റലും ഹൃദയമൊരു മെഴുകുപ്പോലുരുകി-
ദേഹിയില്ലാ ദേഹമായ് പുകമറയ്ക്കുള്ളിലെങ്കിലും
അകമെ ഇനിയുമുണ്ട് ചാരം മൂടിക്കിടക്കും കനലുകൾ-
ഉദിയ്ക്കാതെയുഴറുന്ന സൂര്യ താപങ്ങൾ.      




    
              

Tuesday 4 November 2014

സാമ്രാജ്യം

കാലപ്പഴക്കം കൊണ്ട് ഉറച്ചു പോകുന്ന
ഒരു ശീലം മാത്രമാണ് വിവാഹം.
വെയിൽ കത്തുന്ന മിഴികളിൽ
സ്ത്രീകളുടെ മുഖമില്ലാതിരുളുന്ന രൂപങ്ങൾ. 
ജീവിതം വർഷങ്ങൾ താണ്ടിയതിന്റെ ക്ഷീണം
വേലിയേറ്റത്തിൽ അടിച്ചുയരുന്ന തിരമാലകൾ പോലെ
എന്തൊയൊന്ന് മനസ്സിനെ വന്നു മുക്കി കളയുന്നു.
വേണമെങ്കിലും വേണ്ടെങ്കിലും സ്ത്രീയുടെ -
നഗ്നശരീരത്തിലൊരു അനുഷ്ഠാന കലയായി കാമം രതി-
കുട്ടികൾ പിന്നെ ഒത്തുതീര്പ്പുകളുടെ സാമ്രാജ്യവും.
ഇതിൽ എവിടെയാണ് ഒഴുകി നിറയാൻ കൊതിച്ച്
വറ്റിപ്പോയ പ്രണയത്തിന്റെ നീലിച്ച നദികൾ. 







 


ഒരു നക്ഷത്രം

സ്നേഹംഅങ്കുരിക്കുമ്പോഴെ തൃപ്തമാണ്.
അതിന് ഒന്നും തന്നെ ആവശ്യമില്ല .
സ്നേഹിക്കപ്പെടണമെന്ന് പോലുമില്ല.
ഒരു നക്ഷത്രം മതി അതിനൊരു
 രാവ് കഴിച്ചുക്കൂട്ടാൻ.
കണ്ണടച്ചുള്ള ഒരു ചിരിയുടെ ഓർമ്മ മതി
അതിനൊരു ജന്മം കഴിച്ചുക്കൂട്ടാൻ.









അന്ധകാരം

സാക്ഷരതയ്ക്കുമേൽ
മൂഡവിശ്വാസങ്ങളുടെ
കനത്ത അന്ധത കരുക്കൾ കൊണ്ട്
ജീവിതത്തെ വെട്ടിനിരത്തുന്നു.
മന്ത്രവാദക്കളങ്ങളിൽ മാന്ത്രീക-
കണ്‍കളെരിഞ്ഞു ജീവനൊടുങ്ങി,
 കേരളം കിരാത  വളർച്ച നേടുന്നു.
നടുങ്ങുന്നു മനം മരണത്തിൽപ്പോലും
കണ്ടറിയുന്നതില്ല വിജ്ഞാനികളാം
അഞ്ജാനികളായ് മാറും മർത്യൻ.            


മരം പെയ്യുമ്പോൾ

മരം പെയ്യുമ്പോൾ
 കണ്ണുകൾ തുറക്കാതിരിക്കാം
ഇറ്റു വീഴുന്ന വെള്ളത്തുള്ളികളിൽ
മറന്നു വച്ചൊരോര്മ്മ പുസ്തകം
അഗ്നിയാളുന്ന ചുംബനങ്ങൾ കാത്തു കിടക്കുന്നു.
ദാഹത്തിന്റെ വേനലറുതിയിൽ
 നനവിന്റെ ചുടു നിശ്വാസങ്ങളുടെ മണം.

മരം പെയ്യുമ്പോൾ
ചക്രവാളത്തിൽ കടലിനെ
കൈകോർത്ത് പിടിക്കുന്നു മേഘങ്ങൾ. 
മണൽപ്പരപ്പിൽ മുന്നോട്ടും പിന്നോട്ടും
ആദ്യന്തമില്ലാതെ നീളുന്ന വഴിയിൽ
വിരലുകൾ കൂടുതൽ ചേർത്തു പിടിക്കുന്നത്‌
പരസ്പരം ത്രസിപ്പിക്കുന്ന തിരിച്ചറിയലാണ്.

മരം പെയ്യുമ്പോൾ
ഓർക്കാപ്പുറത്ത് ഉരുൾപ്പൊട്ടലിന് മുൻപുള്ള
മൗനത്തിന്റെ ഇരുണ്ട ഇടനാഴിയിൽ
ഓക്കുമരവും സൈപ്രസ് വൃക്ഷവും പോലെ നമ്മൾ
ചില്ലകളിൽ ചില്ലകളുരുമ്മി സ്വയം വിസ്മരിച്ച്
തിരിഞ്ഞ് പോകാനൊരുങ്ങുന്ന ഹൃദയത്തിന്റെ
ചിറകടികളിൽ കുരുങ്ങിവീഴുന്നു.
വിയർപ്പും കണ്ണീരും രക്തവും ഇഴുകി പിടിച്ച -
മിഴികളിൽ കരിഞ്ഞു പോകുന്നതൊരു കിനാവല്ല
വിറ കൊള്ളുന്ന നീല നക്ഷത്രങ്ങളുടെ തിളക്കങ്ങളാണ്.

മരം പെയ്യുമ്പോൾ
മദ്ധ്യാഹ്നങ്ങൾ വീണുരുകുന്ന
മണൽപ്പാറകളിലൊളിച്ച വിത്തുകൾക്കുള്ളിൽ
അണക്കെട്ടാനാവാത്ത ഹരിതത്തിന്റെ
മഹാ സമുദ്രം ഇരമ്പിയാർക്കുന്നു.
ജനി മരണങ്ങൾ കെട്ടിപ്പുണരുന്നു. 

മരം പെയ്യുമ്പോൾ
വസന്തങ്ങൾ വറ്റിമറഞ്ഞ് മഞ്ഞു മൂടിയ
മനസ്സിന്റെ ഉണങ്ങാത്ത മുറിവുകളിൽ
ഗ്രീഷ്മ സങ്കടം ചുരത്തിയ കണ്ണീരൊഴുക്കുകൾ.
 പക്ഷികൾ വറ്റിപ്പോയ മരക്കൊമ്പുകളിൽ
 ചുവന്ന ചോര നാമ്പുകൾ വരണ്ട പേനയിൽ നിന്നും    
ബലിക്കല്ലിലേക്ക് കവിത ചുമക്കുന്നു .







         
    
 

Monday 27 October 2014

It's beautiful

It's beautiful
the summer on the sea
breezes over the mind in blow
flowers are blooming on the dance with follow.

It's beautiful
I see sun just above the sea
you and me
just in front of sunset
we never forget.

It's beautiful
the moon smile to me
it baths romantic strolls,
and the sparkling stars speak to me
love shines so far.



Thursday 9 October 2014

Day after Day

last night while sitting alone
I was thinking of the days
we had spent together....
when a kind fairy seemed to
whisper in my ear be patient
the days of loneliness
will soon be over.

Saturday 27 September 2014

തിമിരം

ജീവിതം കാത്തിരിപ്പുകളുടെ
ആകെ തുകയാവുമ്പോൾ
വരുമെന്നുറപ്പുള്ളത് മരണം മാത്രം.
നരച്ച ശവക്കച്ചപ്പോലെ മൂടൽ മഞ്ഞ്‌
ചക്ക്രവാളത്തെ മറയ്ക്കുന്നു.
നോക്കിയിരിക്കെ അവൻ വരും.
കാറ്റിൽ മരണത്തിന്റെ മണമുണ്ട്,
രുചിയുണ്ട്, ശബ്ദമുണ്ടതിന്റെ  കനത്ത-
 കാലൊച്ചയിൽആകാശം കുലുങ്ങുന്നു.       
എനിക്ക് കണ്ണീരടക്കാൻ കഴിയുന്നില്ല,
ഒരിക്കലും മരിക്കാതിരിക്കുന്നതെങ്ങിനെ...?
ചിറകുകൾ ഒടിഞ്ഞ് നെഞ്ചിൽ-
തിളയ്ക്കുന്ന ചൂടുമായി ഇനിയിവിടെയെന്നെൻ
പിറവി വീണ്ടുമെന്നൊരു പക്ഷിക്കുഞ്ഞ്-
കണക്കെ വിറച്ചിരിക്കുമെൻ തൊണ്ടയിലൊരു
തേങ്ങൽ കുറുകി പിടയവെ മൃതിയുടെ -
തിമിര ഗൃഹത്തിൽ സകലം മൗന ഗ്രസ്തം, നിശ്ശൂന്യം.  
 



 

Saturday 9 August 2014

ഗാസയിലെ തീ

ഒരു യുദ്ധം തീരുമ്പോൾ മറ്റൊന്ന് തുടങ്ങുന്നു,
വെടിയൊച്ചകൾ ആകാശം മുട്ടെ
ഉയരുന്നു പുകച്ചുരുളുകൾ.
ഇത് കണ്ണീർപ്പഴക്കങ്ങളെയെങ്ങോട്ടോ
പലായനം ചെയ്യിക്കാനധർമ്മത്തിൻ കിരാതത്വം.
ബോംബുകൾ പെയ്തു വീണു ചിന്നി ചിതറി
തെറിക്കും കബന്ധങ്ങളിൽ, ദീനരോദനങ്ങളിൽ
പൊടിയുന്ന ചങ്കുമായി തൻ പൈതങ്ങളെ
തിരഞ്ഞു തളരുന്നോരമ്മ കാലുകൾ.
അക്ഷരങ്ങൾക്കും പകർത്തുവാനാവുമൊ 
മനം നൊന്തുയരുമാ ഗാന്ധാരീ വിലാപങ്ങൾ.
ഇനിയുമടയാത്ത നിർജീവമാം മിഴികളിൽ
മുങ്ങി കിടക്കുന്നു നിങ്ങൾ തൻ സ്വപ്‌നങ്ങൾ,
കിനാക്കളില്ലാ കരിന്തിരി വെട്ടങ്ങളായ്.
മാംസം വെന്തൊരു തീ കാറ്റിൻ മണമേറ്റ് കരിഞ്ഞ
മണൽക്കുഴിയിൽ ഗാസ ചുവന്നു വിതുമ്പുമ്പോൾ
യുദ്ധ കൊതിയുടെ നിറുകയിൽ നിന്നീ രക്തത്തുള്ളികൾ
 പാനം ചെയ്തു ഗുരുതിക്കളമാടിയുറയാൻ
ഏതു മത വിശ്വാസങ്ങളേത് വർഗ്ഗങ്ങൾ ഒരേ
 ആകാശമൊരേ ഭൂമിയും വെട്ടിമുറിച്ചതിരുകൾ തീർപ്പു.
 ചിന്തിക്കു മൗനം പുലർത്താതെ നമ്മുക്കും ലജ്ജിയ്ക്കാമിനി,
ഈ ആശങ്കകളിൽ സമാധാനമൊരു വിശ്വാസം മാത്രമാവുന്നു.
കനത്ത വ്യസനവും നരച്ച നാളെകളും ഒരിക്കലും
അവസാനിയ്ക്കാത്ത വിഷാദങ്ങളും മാത്രമീ യുദ്ധാന്ത്യത്തിൻ
തിരുശേഷിപ്പുകളെന്നാകിലും നിഷ്പക്ഷപാതം ജ്വലിയ്ക്കുമൊരു
സൂര്യനെ സ്വപ്നം കാണുന്നുണ്ട് ഗാസയുടെ ഉരുകുന്ന നെഞ്ചകം.









      



    

still waiting

Rain drops are falling down
those will vanish to some where
but I am waiting
until that drizzle come again.
Jasmines have died
lily blossoms have gone
but I am waiting till next summer
to see those expecting
Heart feels immense lonely
since you have left me
but I won,t shed tears
I am waiting
until you come to my life.

Saturday 28 June 2014

Dear death

Dear death,
If you say i come today
I won't cry
I won't worry
I read the story of life
and I learnt what dose it mean.


Monday 16 June 2014

ഏകാന്തതയുടെ കവാടങ്ങൾ

മിഴിനീർപ്പൂ ഇതളുകൾ പൊഴിയുന്നുണ്ട്‌.
പൊഴിയുന്നവയ്ക്കു ഇരിക്കാനൊരിടം
തിരയുന്നുണ്ട് നിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ .
നീ ഉത്ഭവിച്ചത്‌ എന്റെ ഭൂത കാലത്തിൽ നിന്നാണ്.
നിന്റെ കണ്ണുകളും പുഞ്ചിരിയും മുൻജന്മങ്ങളിലും
എനിക്ക് പരിചിതമായിരുന്നു.
ചെറിയ മാത്രയിൽ മാത്രം നിന്റെ സാമീപ്യം
ഞാൻ അനുഭവിച്ചറിയുന്നു.
നീയും ഞാനും മൗനം അന്യോന്യം പകർന്ന്
വാക്കുകൾ കൊണ്ടാകാശം തൊടുന്ന
ഒരു ഗന്ധർവാകൃതി ഞാൻ നിനക്ക് നേടിത്തന്നു.
ആ ഹ്രസ്വകാലം ഇന്ദ്രജാലത്തിന്റെ ഋതുകാലമായി.
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ഇടയിൽ സഞ്ചരിച്ച്
വേലിയേറ്റത്തിൽ കടലെന്ന പോലെ ഞാനഹങ്കരിക്കുന്നു.
കവിളുകളിൽ തീനാളങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്വപ്‌നങ്ങൾ.
പൌർണ്ണമികൾ ആവര്ത്തിക്കപെടും ഞാൻ പ്രണയിനിയാണ്. 
ഏതു മൂഡസമൂഹമാണ് എന്റെ നേത്രങ്ങളിൽ
 ഉന്മാദത്തിന്റെ തിളക്കമുണ്ടെന്ന് വിധിച്ച മാന്യനാമധേയങ്ങൾ.
അവരുടെ കണ്ണുകളിലെ ക്രൗര്യം ദർശിച്ചിട്ടോ
എന്റെ പൂമുഖം വിട്ടു നീ തിരിഞ്ഞു നടന്നത്,
ദൈവമെന്ന അപാരമായ ഏകാന്തത മാത്രം കൂട്ടായി തന്നത്.
എന്റെ ആത്മാവ്‌ വെറും അടിമയാണ് മോചനമില്ലാത്ത
സര്ഗ്ഗ ശക്തികളുടെ തടവറയിലെ അടിമ. 

                  


Saturday 14 June 2014

ഷേക്സ്പിയറോട്

ദൂരെ ദൂരെയുള്ള കടലരികിന്റെ
അദൃശ്യതയിൽ നിന്നുയരുന്ന നിന്റെ ഉജ്ജ്വല മുഖം.
ഹേ കവി സൂര്യാ, ചക്രവാളത്തിന്റെ
നെഞ്ചകം അങ്ങയെ അറിഞ്ഞു.
അവൾ അങ്ങയുടെ നെറ്റിയിൽ ഉമ്മ വച്ചു.
കാനന ശാഖകളാകുന്ന കൈയിൽ കോരിയെടുത്ത്
മൂടൽമഞ്ഞിന്റെ മൂടുപടത്തിൽ നിന്നെ ഒളിപ്പിച്ചു.
ദേവതമാർ ഓടികളിക്കുന്ന പൂക്കൾ വിരിഞ്ഞ 
ശാദ്വല ഭൂമിയിൽ അവൾ നിന്നെ നോക്കികണ്ടു.
ചെറുമരത്തോപ്പിലെ ഗായക സംഘം
ഗാഡനിദ്രയിലാണ്ടാപ്പോൾ പുലർച്ചക്കുണരുന്ന
കിളികൾ അങ്ങേക്ക് സ്വാഗതമോതി.
ആംഗലനാടിന്റെ കവിസൂര്യാ
ശതാബ്ദങ്ങൾക്ക് ശേഷം ഈ നിമിഷമീ തീരത്തെ
താലവൃക്ഷങ്ങൾ വിറപൂണ്ട ശാഖികൾ
വാനിലേയ്ക്കുയർത്തി അങ്ങേയ്ക്കായി സ്തുതിപാടുന്നു.



           
        
 

പെണ്ണുടലിന്റെ രോദനം

ബാല്യത്തിന്റെ പൂവുടലുകളിൽ
മൃഗതൃഷ്ണയുടെ
ആരോഹണാവരോഹണങ്ങൾ. 
കൗമാരത്തിന്റെ കൂത്താട്ടങ്ങളിലും
യൗവ്വനത്തിന്റെ ആഘോഷങ്ങളിലും
പതിയിരുന്ന് കടിച്ചു കീറുന്ന
കുളച്ചണ്ടിയുടെ ഗന്ധമുള്ള കാട്ടുജീവികൾ.  
ആന്തരാവയവങ്ങളെ കൊത്തിവലിച്ച്
ലോകത്തിന്റെ വിദൂരതിർത്തികളിൽ  
കെട്ടിത്തൂക്കി നിർത്തുന്നു.
ആയിരം കുടന്ന വെള്ളം കോരിയെടുക്കാനുള്ള
ആവേശത്തോടെ പെണ്‍ ശരീരമാകുന്ന
തടാകത്തിലേക്ക് ഇറങ്ങി ചെല്ലുന്നവർ,
രക്തപ്പുഴകളിൽ തീക്ഷണ നൊമ്പരം പോലെ
തലയിട്ടടിക്കുന്ന ഉന്മാദ നൃത്തങ്ങളിൽ
തകരുന്ന ശിശിരത്തിലെ വസന്തശോഭകൾ. 
ജീർണതയുടെ പുതുപര്യായങ്ങൾ പോലെ
പല്ലും നഖവും ഉപയോഗിച്ച് ഇര തേടി 
മായാ മൃഗങ്ങളായ് വിഹരിക്കുന്ന 
അവരുടെ ഉള്ളിൽ അന്ധകാരവും
സിരകളിൽ നായാട്ടിന്റെ രുചിയുറഞ്ഞ
കാമത്തിന്റെ ദ്രാവകവും ഒഴുകി നടന്നു.
എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ
മരവിച്ച ധർമ്മസംഹിതകളെ മറികടന്ന്
സ്ത്രീ ശരീരങ്ങളിൽ അമൃതേത്ത് നടത്തുന്ന
ശ്വാനന്മാരുടെ കണ്ണുകളെ ഞാൻ ഭയപ്പെടുന്നു. 
ആണ് പെണ്ണിന് നരകമാകത്തൊരു ലോകം
വിദൂര സ്വപ്നങ്ങളിൽ  മൃതിയാണ്ട് കിടക്കുന്നു.
   
 
 

  

Wednesday 11 June 2014

തീരങ്ങൾ

മനസ്സിൽ പുഴയും ആകാശവും കിളികളും.
ഒരു വിളിയുടെ അറ്റത്ത്‌ പൂത്തുലയുന്ന ആര്ദ്രതയുടെ
 ഋതുക്കളിൽ മഴയ്ക്ക്‌ആയിരം കൈകളുണ്ട്.  
നെറ്റിയിലെ സന്ധ്യ ചുരുങ്ങിയ പൊട്ടിൽ നിന്ന്
വെയിൽ തുടച്ചു കളയുന്ന കാറ്റിലൊരു ചെമ്പക -
പൂമരം ചിറകുകൾ വിരിച്ച് പറന്നു നടന്നു.
സ്വപ്നങ്ങളുടെ കാടകം ഉള്ളം നനഞ്ഞ
പൂക്കളുമായ്‌ കണ്ണിലൂടെ ഒഴുകിപോയി .
നിലാവിന്റെ വെണ്‍ പ്രാവുകൾ പറന്നിറങ്ങാത്ത
എന്റെ മുറികളിൽ പൊട്ടാത്ത മൗനതിന്റെ
രാത്രിയും പകലും ഒരില വെള്ളത്തിൽ വാക്കുകൾ
വരിഞ്ഞു കെട്ടിയ തീരങ്ങളെ മായ്ച്ചു കളയുന്നു.
കൈയിൽ ചുരുട്ടിപ്പിടിച്ച പ്രണയ തീയ്യ്‌  അണഞ്ഞു പോകുന്നു ,
ജീവിതത്തിന്റെ വഴികൾ വളവു തിരിഞ്ഞ് മറഞ്ഞു പോവുന്നു.






          
    

ചാരുകസേര

വാത്സല്യത്തിന്റെ കൊടുമുടികൾ
പടിയിറങ്ങി പോയ എണ്ണയും കുഴമ്പും
മണക്കുന്ന പഴമയുടെ ദീർഘനിശ്വാസങ്ങൾ. 
പൊട്ടി ചിതറിയ വാക്കുകളുടെ
പടക്കങ്ങൾ നിറഞ്ഞ പൂരപ്പറമ്പ് പോലെ  
ജീവിത വൈവിധ്യങ്ങളിലെ വിഹ്വലത മാത്രം
ചാരുകസേരയുടെ ചുളിവു നിറഞ്ഞ
ശീലയ്ക്കുള്ളിൽ കുരുങ്ങി കിടന്നു.

 

കാക്ക

മറവിയുടെ തുറമുഖങ്ങളിൽ
വീണ്ടും വീണ്ടും വന്നണയുന്ന
ഓര്മ്മകളുടെ നാവികൻ.
കനികളുടെ പുതുമയിലേക്കും
മഴയുടെ ആഴങ്ങളിലേക്കും
വെയിലിന്റെ ദൂരത്തിലേക്കും
പാറി നടക്കുമ്പോഴും
നനഞ്ഞ കൈ കൊട്ടുന്ന
ശ്രാദ്ധ മുറ്റത്തേക്ക്‌ ചിന്തകൾ
തിരസ്ക്കരണത്തിന്റെ വേദിയിൽ നിന്ന്
എച്ചിലിന്റെ പഴമയിലേക്ക്‌ ചന്തങ്ങളില്ലാതെ
കറുകറുത്ത് വളർന്ന് വലിയൊരു കാക്കയായി.

   

കാഴ്ച .

പറയാം ഹ്രസ്വമെൻ കാഴ്ച .
തെരുവിലെ തീവ്ര വിസ്ഫോടനത്തിലോ
ചെങ്കോൽ കൊതിയിലോ ഒരു വിടരാ-
പൂമൊട്ടാരോ നുള്ളിയെറിഞ്ഞതിൻ
രക്തഗന്ധത്തിലോ ഞാനെന്തേ കാഴ്ച ചിതറുന്നു.
ഏതു മോഹത്തിൻ ഉൾത്തിരമാലകൾ
കണ്ടു കണ്ടെന്നുമേറെ കാണാതെയാവുന്നു.
കാണുന്നതിൻ മുൻപ് മാറുന്നു കാഴ്ചകൾ.
അടുത്തതകന്നു പോയ്‌ അകന്നതോ മാഞ്ഞു പോയ്‌,
സത്യമസത്യമായ് അസത്യമോ പൊരുളായി,
വഴിയായ വഴിയെല്ലാം ഇരുളും വെളിച്ചമായ്
വിഭ്രമമോടെ വിഴുങ്ങുന്നിതെൻ മിഴി.  






   

കൈരേഖകൾ പറയുന്നത്

അശാന്തിയുടെ മൂർച്ചയിൽ
യാത്ര ശാന്തിയാണ്. 
ചിത എവിടെ വേണമെന്ന്,
ഏതു കാറ്റ് തീയാളിക്കുമെന്ന്,
എനിക്കിപ്പോൾ അറിയുന്നില്ല.
വരണ്ട ഭാരതപ്പുഴ തളര്ന്ന മൗനമായി.  
ഭൂമിയുടെ കൈരേഖകളിൽ നിന്നുപോലും
പുഴ പിന്മാറിയിരിക്കുന്നു.
യാത്രകൾ മതിയാക്കി
 നിശ്ചല സ്മൃതികളുമായി
 കയങ്ങളിൽ മാത്രം പുഴ തങ്ങി നില്ക്കുന്നു.





 

അഹല്യാമോക്ഷം

ഞാനകപ്പെട്ടു പോയ കിടങ്ങിന്റെ
മൃതി സ്പർശമായി നിന്റെ ഓർമ്മകൾ.
കണ്ണുകളിൽ പുക പെരുകുന്നു.
അകന്നു മാറലുകളുടെ പച്ച വിറകിന്മേൽ
എന്റെ ജന്മ ദീർഘമായ ശവദാഹം.  
ചുടുക്കാട്ടിൽ വെട്ടി നുറുക്കപ്പെട്ട
സൗന്ദര്യമായി യൗവ്വന കാലം കിടന്നു,
മുക്തിയുടെ കാരുണ്യ ചുംബനവും കാത്ത്.



    

Near to Me

my death is near
It is sure and certain
That out of this bed
I shall not get.
but cry not for me
shed not blood for me
no are weep for me.
Death whispered in my ear
but no one could hear.
I can't see the blood its being
washed away from the rain.
To many gone and I know
live never been strong
for once before I was with death
Its where belong.
no more tears,no more pain
no more screaming,no more hiding
for I am finally dying.
Only my dreams will wonder.


എല്ലാം മയക്കുന്ന കടലിൽ

വായുവിലേക്ക് മധുരദലങ്ങൾ
വിടർത്താൻ കഴിയുന്നതിനു മുമ്പ്
സ്വന്തം സൗന്ദര്യം സൂര്യദേവന്
അര്പ്പിക്കാൻ കഴിയുന്നതിനു മുമ്പ്
വെറുക്കപ്പെട്ട പുഴുക്കുത്തേല്ക്കുന്ന
പൂമൊട്ടു പോലെ മരണം സകലതിന്റെയും
അനിവാര്യമായ അന്ത്യമാകുന്നു.
എല്ലാത്തിലും ഞാൻ കണ്ടത് മരണത്തെയാണ്‌.
നാലുപാടും അന്ധകാരവൃതമായ ആ ഇരുട്ടിൽ
വഴിക്കാട്ടാനുള്ളോരു മിന്നമിനുങ്ങിൻ
 വെട്ടമിന്നെന്റെ കവിതകൾ.
ആ നേർത്ത വെളിച്ചത്തിൽ ഇരുട്ടിലൂടെ
ഞാൻ മുന്നോട്ടു പോകുമ്പോഴും എല്ലാം
മായ്ക്കുന്ന കടലായി മരണം ഇരമ്പിയാർക്കുന്നു.

            

കവിതകളിൽ ജീവിക്കുന്നവൾ

മുളയിലും വിളയിലും മണ്‍പശിമയിലും
സൂര്യന് താഴെ മരണത്താൽ ചുറ്റപ്പെട്ട
എന്റെ ജീവിതത്തിനു നടുവിൽ
കവിതകളുടെ ഒരു ഉദ്ധ്യാനം.
ഒരു വരി പോലും കോറിയിടാതെ
ഇവിടെ പ്രവേശിക്കാൻ
കാലം പോലും ധൈര്യപ്പെടുന്നില്ല. 
 അഗ്നിനാളങ്ങളെ ചുംബിക്കുന്ന വേദനയുടെ
 സൃഷ്ടികളിൽ തീക്ഷ്ണമായ ഏകാന്തതയുടെ
ലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നുരഞ്ഞു പതയുന്നു.
ഒരു കണ്ണിൽ വിശ്വാസവും മറുകണ്ണിൽ ദൈന്യവുമായി
ഇനിയെത്ര നാൾ ഞാൻ പിടിച്ചു നില്ക്കും.
സമയം ജീവനെയും കൈയെഴുത്ത് പ്രതികളെയും
ഒരുമിച്ചാക്രമിക്കുമ്പോൾ ആത്മാവിൽ തറയ്ക്കുന്ന
ചിറകടിയൊച്ചകൾ മേഘങ്ങളെ തൊടുന്നു.
ഇടിമിന്നലുകൾക്ക് കീഴിൽ ഒളിച്ചിരിക്കാൻ ഞാൻ 
പൂവും തണലും കനിയും പാമ്പും പ്രതീകങ്ങളിൽ
താമസമാക്കിയ കവിതകാട്ടിലൊരക്ഷരമായി.
നെടുവീർപ്പുകൾക്കിടയിൽ ഓർമ്മയുടെ നെടുമ്പാത. 
അതിൽ വീഴുന്നു ചോര ഞരമ്പുകൾ അമർന്നൊരു കരച്ചിൽ.
കലങ്ങിയൊലിക്കുന്ന മനം തിരയുന്നു
തേങ്ങി മറയാനൊരു നിലവറ .
മരണം പോലൊരു വാക്കില്ലാ വെള്ളക്കടലാസ്സ്.
വിറയ്ക്കുന്ന കൈകളിൽ നിന്നും ശൂന്യതയുടെ ആ താൾ
നക്ഷത്രങ്ങളെക്കാൾ ദൂരേക്ക്‌ കാറ്റിലൂടൂർന്നു പോയി.




                  

ആരോ ഒരാൾ

ഒരേ തൂവൽ പക്ഷികൾ
നാം രണ്ടു കവിതകൾ
അക്ഷരങ്ങളിലഗ്നി കടഞ്ഞവർ.
കടൽ പോലെ നിറഞ്ഞും
മുകിൽ കനവായ് പൊഴിഞ്ഞും
ഈ കടവിൽ നിന്നേതോ
ദിശയിലേക്കെന്നോ അകന്നവർ.
എഴുതി നിറയുവാൻ
അക്ഷര കൂടുകൾ തേടിയോർ
ആരോ വിരിച്ചൊരീ ആകാശം തൊട്ടിടാൻ
കാല തിരശീലയ്ക്കു പിന്നിൽ നാം
കാത്തു കാത്തിരുന്നു മടുക്കുമ്പോൾ
പരസ്പരം  ഹൃദയത്തിൽ നിന്നും
കോരിയെടുക്കുന്ന വാക്കുകൾക്കിടയിലെ
മഞ്ഞു കണങ്ങളലിയുന്ന മിഴിനീരിൽ
നിന്നൊരു മഴവില്ലെനിക്ക് തരിക  നീ പ്രണയമേ.
ഒരു തുള്ളിയായ് മന ശംഖിൽ നീരായ്
ഊറി നിറയുന്നു ഞങ്ങൾ രണ്ടു കവിതകളായി.  

  



 

വിശുദ്ധ.

ഇറോം ശര്മിള ചാനു അധർമ്മത്തിന്റെ
 അന്ധമായ കാട്ടു നീതിയിൽ നന്മയുടെ
ആകാശത്തിൽ കനലായി നീയെരിയുന്നു.
കെട്ട കാലത്തിന്റെ ഇരുണ്ട കാഴ്ചയിൽ
അന്നപാനങ്ങളില്ലാതെ സഹജീവികൾക്കായി
ത്യജിച്ച നിന്റെ യൗവ്വനവും ജീവസൗഖ്യങ്ങളും  
ആത്മനൊമ്പരങ്ങളും രാജ്യവും ജനങ്ങളും
മറന്ന നിൻ ദുരന്ത ദുരിത കാഴ്ചയിൽ രസിക്കും
മാനിയാക്കുകൾ മാഫിയകളും അഴിമതിക്കാരും
അജയ്യരും അപ്രമാദികളുമാകുമ്പോൾ
നിന്റെ സഹന ശബ്ദങ്ങളുടെ ഒറ്റയാൾ പോരാട്ടം
ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്തള്ളി മാറ്റപ്പെടുന്നു.
നിന്റെ ഏകാന്തതയുടെ വിളറി വെളുത്ത മുഖം
ഭാരതീയതയുടെ നെഞ്ചിൽ നീറും മുറിവാകവെ
നിന്നെ സിരകളിലാവാഹിക്കുമെന്നുൾത്തടത്തിൽ
ഇറോം നീയൊരു വിശുദ്ധയാണ് സത്യസന്ധതയുടെ
കൈയൊപ്പ്‌ ചാർത്തിയ ജീവിച്ചിരിക്കുന്ന വിശുദ്ധ.  

 
                    

ഒരു ഭ്രാന്തദർശനങ്ങൾ

പ്രപഞ്ചത്തിന്റെ പൊരുൾ തേടിയുള്ള
യാത്രയിൽ ഉത്തമബോധ്യത്തോടെയാണ്
ഞാൻ ഉന്മാദ ലവണം മോന്തി കുടിച്ചത്.
അപ്പൂപ്പൻ താടി പോലെ പറന്നു നടന്ന
മറവിയുടെ മധുരം കിനിയുന്ന  മതിഭ്രമം   
ഭൂമിയെ ചങ്ങലയ്ക്കിടാതിരിക്കാനായി
സ്വയം ഭ്രാന്തനെന്നോതി എന്നിലേയ്ക്ക്
ഏറ്റു വാങ്ങുമ്പോൾ നിസ്സാരതയും
നിരർത്ഥകതയും നിറഞ്ഞ മനുഷ്യാവസ്ഥയെ
കല്ലുരുട്ടലിന്റെ ഭ്രാന്തകലയാക്കി മാറ്റുന്നു നിങ്ങൾ.
മടുപ്പിന്റെ പ്രഭാതങ്ങളിൽ മലമുകളിൽ നിൽക്കുമ്പോൾ
സൂര്യൻ കൈയെത്താ ദൂരത്തൊരു മാമ്പഴമാവുന്നു.
ഭ്രാന്തദർശനങ്ങൾ വഴിപ്പെടാത്ത മനുഷ്യയുക്തിയിൽ
മൂത്ത് വിളഞ്ഞയീ ഉന്മാദവന്യത നാളെ ജയിക്കുമോ
എന്നറിയില്ലയെങ്കിലും രാവിലെ മുതൽ ഭൂമിയെ
വലയം ചെയ്ത് അന്തിക്ക് കടലിൽ ചാടുന്ന
സൂര്യകുസൃതി പോലെ ഞാനും ഭ്രാന്തിന്റെ
ഊർജ്ജം ഉരുട്ടി കയറ്റി ചിരിക്കുന്നു.  

 
    

പിൻവിളിക്കായി

മണലിലെ സ്വർണ്ണത്തരികളെ പോലെ
അദൃശ്യമാണെന്റെ സന്തോഷങ്ങൾ.
നിരാശയുടെ നിമിഷങ്ങളിൽ
മണൽത്തരികൾ മാത്രം കണ്ണിൽപ്പെടുന്നു.
സ്വർണ്ണത്തരികൾ മാത്രം കണ്ടിരുന്ന
പ്രകാശമാനമായ നിമിഷങ്ങളുമുണ്ടായിരുന്നു.
ഏകാന്തതയുടെ വെയിൽ ചിതയിൽ ഒരു പൂവിനെ
നിശാശലഭം വന്നു തൊടുന്നത് പോലെ
വിദൂരമെങ്കിലുമൊരു പിൻവിളിക്കായി
കാതോർത്തിരിക്കുന്നു ചുടു കിനാവിന്റെ
മണൽക്കാറ്റിലെൻ  നെഞ്ചെരിയും
നോവിന്റെ തീരങ്ങൾ മാത്രം.  

 
       

ശിലാദേവത.

ഞാൻ സ്വർണ്ണം
ജനങ്ങളുടെ ചോരകുടിക്കുന്ന
 ശിലാദേവത.
പൂമ്പോടിയുടെ
ഊർവരത പോലുമില്ലാതെ
മനുഷ്യരുടെ അഹന്തയിൽ
ഞാൻ തിളങ്ങി നിന്നു.
എന്റെ മാന്ത്രിക വിദ്യയിൽ
സ്വാതന്ത്ര്യം നഷ്ട്പ്പെട്ട്
സ്ത്രീകൾ ചുട്ടു കൊല്ലപ്പെട്ടു.
നഗരങ്ങൾ കത്തിയെരിയിച്ച്
കൊള്ളക്കാരും കൊലപാതകികളും
സാമ്രാട്ടുകളായി മേഞ്ഞു നടന്നു.
മനുഷ്യൻ മനുഷ്യനല്ലാത്തിടത്തോളം
ഖനികളുടെ തണുപ്പിൽ നിന്നും ഞാൻ
ആത്മ ശൂന്യയായി കഴുത്തുകളിലെ
കൊന്നപ്പൂക്കളായി ആക്രമങ്ങളെ പ്രലോഭിപ്പിച്ച്
 വശീകരിച്ചു കൊണ്ടേയിരിക്കും.



           

മൗനം മറച്ച ദുഃഖം

പെറ്റിട്ട ഒരു കുഞ്ഞിനുപോലും
പറയി മുലകൊടുത്തില്ല.
പച്ചില കൊണ്ട് പേറ്റുചോര തുടച്ച്
പൂക്കൾകൊണ്ട് പൈതലിനെ സ്നാനം ചെയ്ത്
നിറഞ്ഞു തുളുമ്പിയ മുലകളിൽ നിന്നും
ഇറ്റി വീണ മുലപ്പാലും അന്തമില്ലാത്ത
അലച്ചലിന്റെ ദുർവിധിയിൽ
അണപൊട്ടിയൊഴുകിയ കണ്ണീരും ചേർന്ന
മിശ്രിത പെണ്‍ലവണത്തിൽ എഴുതപ്പെട്ട
കാലചരിത്രത്തിൽ വാ കീറിയ ദൈവം
ഇര കല്പിച്ച പ്രമാണത്തിന്റെ ഭാരമേന്തി
നിശബ്ദമായ അനുഗമനത്തിന്റെ
മാതൃ ദുഃഖമെരിയുകയായിരുന്നു
പ്രപഞ്ച സ്പന്ദനങ്ങളിൽ.    

        
 

Tuesday 10 June 2014

പശ്ചിമഘട്ടം

പച്ചപാടങ്ങളാണ് വരവേറ്റത്.
ഇലകൊഴിഞ്ഞ് പൂക്കൾ മാത്രമായി 
നില്ക്കുന്ന മരങ്ങൾ പെട്ടന്നൊരു
മഴച്ചാറ്റലിൽ ഇല ചാര്ത്തുകളില്ലാതെ
നനയുന്ന ഭൂമി വരണ്ടുണങ്ങിയ മണ്ണ്
തണുപ്പിന്റെ തുള്ളികൾ ഏറ്റുവാങ്ങവെ
ആവിപൊന്തുമീ ചുടു നിശ്വാസങ്ങളിൽ
ഉന്മത്തമാമൊരു മണ്ണിൻ മണം പൂകി
കാറ്റിൽ താളം പിടിച്ചു തലയാട്ടി കതിരുകൾ.
മേൽനോട്ടക്കാരായ കാരണവന്മാരെ പോലെ
തലയുയർത്തി നില്ക്കുന്ന കരിമ്പനകൾ.
ഉയരങ്ങൾ കീഴടങ്ങുമ്പോൾ കുളിര് കൂട്ടിനെത്തുന്നു.
പുറംലോകങ്ങളിലേക്ക് പശ്ചിമഘട്ടം
 വാതിൽതുറന്നിട്ടിരിക്കുന്നു.

 






.     
  

അമ്മത്തൊട്ടിലുകൾ.

ഭൂമിയുടെ സ്പന്ദനവും
കാറ്റിന്റെ മര്മ്മരവും
നദികൾ പ്രകൃതിയുടെ
അമ്മത്തൊട്ടിലുകൾ.
കൊല്ലാനിഷ്ട്മില്ലാത്ത
കുഞ്ഞുങ്ങളെ പുഴയിൽ
ഒഴുക്കി വിധിയുടെ വഴിക്ക്
അയക്കുന്നു അധർമ്മാധർമ്മങ്ങൾ.

  

  

പന്തിരുകുലം

ദേശാന്തരങ്ങളുടെ അതിരുകൾ ഭേദിച്ച്
ഭൂമിലോകത്തിന്റെ അന്തമില്ലാത്ത
സഞ്ചാരപഥങ്ങളിൽ പുളഞ്ഞു നടന്ന
അതീന്ദ്രിയജ്ഞാനത്തിന്റെ തൃഷ്ണകൾ.
മന്ത്രോച്ചാരണത്തിനു പകരം മാദക ഭാഷണങ്ങൾ    
ഹോമാഗ്നിക്ക് പകരം കാമാഗ്നിയും
തീർത്ഥത്തിനുംപൂക്കൾക്കും പകരമോ
ശുക്ലവുംഅണ്ഡവും  ഗുരുതിയായ്പേറ്റുചോരയും
മണി കിലുക്കമയല്ലോ ഉണ്ണിക്കരച്ചിലും.
സദാ ത്രസിച്ചു നില്ക്കുന്ന ബീജ കാമനകളും
സദാ വിടര്ന്നു നില്ക്കുന്ന ഗർഭപാത്രവും കൊണ്ട്
വിസ്മയകരമായ ജന്മ വൈവിധ്യങ്ങളുടെ
പേറ്റു പിറവികളായി പന്തിരുകുല സൃഷ്ടികൾ.

    
    

 

ചിത്രശലഭങ്ങൾ

മണ്ണിലേക്ക് ലയിച്ചു ചേരുന്ന
ചിത്രശലഭങ്ങളുടെ അദൃശ്യ മരണം.
അവർക്ക് വേണ്ടി കരയാനാളുണ്ടായില്ല,
ബലിയും ആണ്ടുശ്രാദ്ധവുമുണ്ടായില്ല.
എങ്കിലും വരാനിരിക്കുന്ന തലമുറകളുടെ
ബലിപിണ്ഡത്തിൽ കാലത്തെ ഹോമം ചെയ്ത്
ലോകാവസാനത്തിന്റെ മടുപ്പും മ്ലാനതയും
മറികടക്കാനായി കറവറ്റാത്ത കഥകളും
കളിയും ചിരിയുമായവർ
പ്രണയ സല്ലാപം രചിച്ചു വച്ചിരിക്കുന്നു. 

              
    

ഉത്സവങ്ങൾ

ഇരയും വെള്ളവും തേടിയലയുന്ന
ഏകാന്ത യാത്രികനിൽ നിന്ന്
ഇഴ പിരിയുന്ന സ്വത്വം.
പടരുകയും പൂക്കുകയും പരക്കുകയും
ചെയ്ത ഗോത്രകാല സ്മൃതികളുടെ
അടയാളങ്ങൾ പോലെ അതിർത്തികളെ
അപ്രസക്തമാക്കി കാലദേശങ്ങൾ കടന്ന്
തലമുറകളെ ബന്ധിപ്പിച്ചു നിർത്തുന്ന
ഉത്സവങ്ങൾ നമ്മെ എവിടെയൊക്കെയോ
കോർത്തുകെട്ടുന്ന ആദിമമായ വേരുകളാവുന്നു.

 

       

ദൈവങ്ങൾ

ശരീരമുള്ള ഞാൻ
ശരീരമില്ലാത്ത ദൈവങ്ങൾ
സ്വർണ്ണവും വെള്ളിയുമണിഞ്ഞ
നിർജ്ജീവ ശിലാലോഹങ്ങളിൽ
അഹന്തതയുടെ പ്രതിഛായകൾ.
ഭഗവത്ഗീതയും ബൈബിളും
ഖുറാനും പകുത്തെടുത്ത
ശരീരമുള്ളവരിൽ ഞാൻ തേടിയ
മനുഷ്യർ മാത്രം ഉണ്ടായിരുന്നില്ല.

   
         

 

Thursday 1 May 2014

A Story Of Hope

I send letters to my beloved dear Krishna
but he send no message of reply,
purposely preserving silence.
I sweep his path in readiness
and gaze and gaze
till my eyes turn blood-shot.
I have no peace by night or day,
my heart is fit to break.
for you,I have lived these days
and I am surrounded by
countless memories.
the flames of love in my heart
have always been burning for you.
Oh my Giridhara, you were my companion
informer births,when will you come....?


Tuesday 29 April 2014

my sight

I saw krishna in trees,
in stones,in creepers,
in flowers,thunder,lightning,
and in every living and non-living being.
whether day or night I remember.
when you fall out of my sight,
I am restless day and night burning.
I climb hill tops and watch for
signs of your return.
my eyes are swollen with tears.
It is your beauty that makes me drunk.
my Lord is the great dark snake.
That love comes up from the
ground of the heart.
what can you tell me of love,
get up,stop sleeping-
the days of a life are short.
I was trying to fly but I couldn't find wings.
But you come along and you changed everything.
My beloved dwells in my heart all day,
I have actually seen that abode of joy.
My lord is Hari ,the indestructible.
My lord,I have taken refuge with you,
your maidservant .


Friday 18 April 2014

മേഘമൽഹാർ

തെരുവിൽ നിലാവ് വീണ്
തണുത്തുറഞ്ഞു കിടന്നു.
എല്ലാം മായ്ക്കുന്ന കടലിലേക്ക്‌
ഒഴുകിപ്പായാൻ മുറ്റത്തെ ഏറാൽ വെള്ളത്തിൽ
 ഞാനൊരു പുഴയാവാൻ കൊതിച്ചു.
എനിക്ക് ചുറ്റും ഏവരുമെന്നിട്ടും
സ്വന്തം നിഴലിന്റെ വറുച്ചട്ടിയിലെ
രാവിന്റെ നിശബ്ദതയിലും
പകലിന്റെ ആൾക്കൂട്ടത്തിലും
ആയുസ്സ് മുഴുവൻ അത്രയേറെ തനിച്ചായ
ജീവിതത്തിന്റെ ഗ്രീഷ്മ വ്യഥകൾ.
എനിക്കായി ആരോ എവിടെയോ ഒറ്റയ്ക്കാണ്.
ഏതോരു ഋതുവിൽ മഴവില്ലിന്റെ മുറ്റത്ത്‌
പടിവാതിൽക്കൽവരെ നാം കണ്ടിരുന്നു,
പിന്നെയെങ്ങു പോയിയെന്നറിയാൻ വയ്യാതാവുന്നു.
മുഖമില്ലാതിരുളുന്ന കുന്നുകളിൽ 
കത്തുന്ന ഏകാന്തതയുടെ വരണ്ട മിഴികളിൽ
വാതിൽ ചാരി അകന്നുപ്പോകുന്ന ശ്യാമ മേഘങ്ങൾ.
പെയ്തു നിറയാനൊരു മേഘമൽഹാർ
ഏകാന്തതയുടെ ഈ അനശ്വരതയിൽ തിരയുന്നുണ്ട് ഞാൻ,
വെന്തുപ്പോയ വാകമരങ്ങൾക്കൊരു ശരത്ക്കാലവും.



   
     
  

Thursday 10 April 2014

നീയും ഞാനും

നീ
വരണ്ട കിനാമിഴികളിൽ
മൊഴിയറ്റ മൗനത്തിന്റെ
കത്തിയെരിഞ്ഞ ഗ്രീഷ്മം.
നീ
ഒരൊറ്റ ചുംബനം
കൊണ്ടെന്നെ പൂമരമാക്കിയ
ഋതു സൂര്യൻ.
നീ
ഞാൻ മറന്നുവച്ച
കടൽ ശംഖിലെ
സമുദ്ര സംഗീതം.
നീ
ഓർമ്മ കലങ്ങി
ഓളം തല്ലുന്ന
ജലപാളികളിലൊരു
ചുവന്ന മഷിത്തുള്ളി.
നീ
ശൂന്യമായ മനസ്സിന്റെ 
വിഭ്രാന്തിയിൽ നിന്നടർന്നു
വീണ നഗ്ന നിദ്രയെ ചുറ്റും
പ്രേമക്ഷുബ്ധമെൻ കിനാവള്ളി.
നീ
പുക പൊന്തുമെൻ
ദാഹത്തിൽ മഴയുടെ
മന്ത്ര ധാരകൾ.
ഞാനോ
നിന്നിലൂടൊഴുകി പോയ
ശബ്ദരഹിതമാം
വേദനയുടെ വെള്ളച്ചാട്ടം.


    



    

Wednesday 9 April 2014

പുഴുക്കൾ.

 മിനുത്തുകൊഴുത്ത് വെളുത്ത
നടു തടിച്ചുകുറിയ കുറെ പുഴുക്കൾ.
മരിച്ചവരുടെ ശരീരത്തിൽ മാത്രം
ഉണ്ടാകുന്നവ അനേകായിരങ്ങൾ.
ജീവനുള്ള ചോള മലര് പോലെ
പരന്നു കൊണ്ടിരുന്നു.
എന്റെ ശരീരം പുഴുക്കളാൽ
പണിത രൂപമായി മാറുന്നു.
അവസാനം ഞാനില്ലാതെ
പുഴുക്കൾ മാത്രം ബാക്കിയാവുന്നു.
എന്റെ ഗർഭപാത്രത്തിൽ നിന്നും
കണ്ണുകളിൽ നിന്നും അവ
പുളഞ്ഞു പുറത്തു വരുന്നു,
എനിക്കു പിറന്ന കുഞ്ഞുങ്ങളെ പോലെ.
അവയും ജീവികൾ തന്നെ.
ഒരു സത്യത്തിന്റെ വെളിപാട് മാത്രം,
ഇത്രയേയൊള്ളൂ കാര്യമെന്ന വലിയ സത്യം
ശരീരത്തിന്റെ അവസാനത്തെ അവകാശികൾ.
എങ്കിലും മർത്ത്യരെക്കാൾ ഭേദമത്രേ ഓരോ പുഴുവും
അതിന്റെ കൂട്ടത്തിലെ മറ്റൊരു പുഴുവിനെ
തിന്നാറില്ല കടിച്ചു കീറി കൊല്ലാറില്ല തമ്മിൽ
ഉപദ്രവിക്കാറു പോലുമില്ലയെന്നതിനാൽ  
അവസാനത്തെ ചിരി അവരുടേത് മാത്രമാവട്ടെ.

             

സഖാവ്

നീ നിറുത്തിയിടത്ത് നിന്നും
ഞങ്ങൾ തുടങ്ങുന്നു സഖാവെ
നിന്റെ നിലയ്ക്കാത്ത ചോരയുടെ
ദീർഘസന്ദേശങ്ങളിൽ നിന്ന്.
ഇനിയുമുണ്ട് ചാരം മൂടി
കിടക്കും കനലുകൾ,
ദിക്കറിയാതെ ഉദിക്കാതെയുഴറുന്ന 
സൂര്യ താപങ്ങൾ,
ഇനിയുമുണ്ട്
നാവു പന്തങ്ങൾക്ക് തീയായി മാറുവാൻ
ശ്വാസം മുട്ടി പിടയുന്ന ചിന്തകൾ.
 കാലത്തിന്റെ കനൽ വഴിയിൽ
അടഞ്ഞ വാതിലുകൾ തുറന്ന്
നാം നേരിന്റെ വിപ്ലവ പുഴയായ്
ഒഴുകുവാൻ തുറന്ന് വയ്ക്കുക
സ്വപ്നത്തിന്റെ തീക്കനൽപ്പേറി
ചുവന്ന കണ്‍പോളകൾ.







  

ചെമ്പക കല്ലുകൾ

പേരറിയാതെ
 മണ്മറഞ്ഞു പോയ
ശിലാശിൽപ്പികൾക്ക് മുന്നിൽ
വിനമ്രരാവുക.
ചെമ്പകപ്പൂ നിറമുള്ള കല്ലുകളിൽ 
കവിത വിരിയിച്ചവർ,
രാഗത്തിൽ നിന്ന് വിരാഗത്തിലേക്ക്
മനസ്സിനെ സംക്രമിപ്പിക്കുന്ന
ഉളിയുടെ നാദം.
വസ്തുവിനെ ഭാവത്തോടിണക്കി 
നിർത്തുന്ന ബ്യഹദാകാരം
അഗ്നിയും കാറ്റും സൂക്ഷിക്കുന്ന
ജീവിതത്തിന്റെ അർഥം തിരയലാണ്.