Wednesday, 6 November 2013

മരുഭൂമി

സ്നേഹ ഭാവങ്ങളുടെ നീരുറവ വറ്റിയ
ജീവിതത്തിൻറെ മരുഭൂമിയിൽ
ആധുനികതയുടെ മാത്സര്യങ്ങളിലാതെ
എൻറെ മൗനങ്ങളുടെ പർണ്ണശാലയിൽ
ധ്യാനവും മനനവുമായ് കഴിയുന്ന ചിന്തകളിൽ
സ്പന്ദിച്ചു നില്ക്കുന്ന വിഹ്വലതകൾ
മുൻപേ പോയ ജന്മങ്ങൾതൻ തീവ്രമാം
ചോര പ്രളയങ്ങൾക്ക് ശേഷമെന്നാണ്
രസിക്കാൻ പറ്റിയ മാനസികാവസ്ഥയുടെ
താഴ്വരകളിലേക്ക് എല്ലാം മായ്ക്കുന്ന
കടലായി കടന്നു വരിക.   
          


Tuesday, 5 November 2013

അഹം

പൂവിനും കിളികൾക്കും
ഞാനെന്ന തോന്നലില്ല
മനുഷ്യർക്കേയൊള്ളൂ.
സംഹാരമൊരു പോംവഴിയല്ലെ-
ന്നാകിലുമതെയൊള്ളൂ പോംവഴിയെന്ന്
നിഗമനത്തിലാഴുന്നവർ
ജ്വലത്തായ ആഹവനഗ്നിയിലൊഴിക്കുന്നതു
സ്നേഹത്തിൻറെ നെയ്യല്ല
ഭൂകമ്പത്തിൻറെയും ഉരുൾ-
പൊട്ടലിൻറെയും സൂചകങ്ങളായി
അടിത്തട്ടിൽ നിന്നെത്തുന്ന
മുരളൽ പോലെ മനുഷ്യ മനസിൻറെ
ഭൂപ്രദേശത്ത് പാതി മൃഗവും
പാതി മനുഷ്യനുമായ വിചിത്ര ഭാവങ്ങളുടെ
പരിവർത്തനങ്ങൾ .
പശിയടക്കാൻ അന്നമില്ലാതെ
തണുപ്പകറ്റാൻ ഉടുപുടവയില്ലാതെ
ചുരുണ്ട് കിടക്കാൻ കിടപ്പാടമില്ലാതെ
അലയുന്നവരെ കാലം മറക്കുകയോ
വിഴുങ്ങുകയോ ചെയ്യും ദുഃഖമറിയാത്തവർ
താൻത്തന്നെ പ്രപഞ്ചവും പ്രകൃതിയു-
മെന്നറിയാതെ സ്വയം മാന്തി തിന്നവെ
വരളുകയല്ലാതെ വളരുന്നതെങ്ങിനെ.
അതിമാത്രമിരുൾ തിങ്ങുമന്ധകൂപത്തിൽ
കതിരവനുടെ ചെറുകിരണമെന്നപോൾ
കരിഞ്ഞു പോകാത്ത പ്രത്യാശയുടെ
കൂമ്പുള്ള മനസുകൾ ദുസ്വപ്നാനുഭൂതിയുടെ
ചാര കൂമ്പാരത്തിൽ നിന്നും ഉത്സാഹത്തിമിർപ്പോടെ      
പറന്നുയരുന്നതെ ന്നോയെന്നറിയാതെ
കണ്ണുനീരിൻറെ വക്കത്തു തിളങ്ങുന്ന നർമ്മം
ശോകത്തിന് ഗൗരവം കൂട്ടുന്നു.
                      
   


Monday, 4 November 2013

പുനർജ്ജന്മം


ആത്മാവിനെ
ഒളിപ്പിച്ച് നിർത്താതെ
കവിതയെഴുതുംപോൾ
ഞാനൊരു മേഘശകാലമാണ്.
നിൻറെ ഹൃദയാകാശത്തിലൊട്ടി
നില്ക്കാൻ വെമ്പുമെൻ പ്രണയത്തിന്
കാട്ടു തേനിൻറെ മധുരം.
വസന്തങ്ങൾ അതിൽ
അലിഞ്ഞു ചേർന്നിരിക്കുന്നു
എൻറെ നട്ടുച്ചകളുടെ മൗനം
തീക്ഷണ നൊമ്പരമായി
വരണ്ട വയൽ മേനികളെ
അമൃത് പുരട്ടുംപോഴും
മുളം കാടുകൾക്ക്‌ സംഗീതമായ്
കാറ്റെന്നെ നല്കുമ്പോഴും
ഞാൻ നിന്നിൽ മാത്രം
അനുരുക്തയാണ്.
ജീവിതത്തിന്റെ മധുരിമ
ഊഷ്മള നിശ്വാസങ്ങൾക്കയെൻറെ
രക്ത ധമനികളെ ത്രസിപ്പിക്കുംപോൾ
എന്നിൽ ഞാൻ നിൻറെ
പുനർജ്ജന്മം സ്വപ്നം കാണുന്നു.          .        

Sunday, 3 November 2013

ചിത

ഭൂമിയിലേക്ക്‌ പുറപ്പെട്ട
കാറ്റിനൊപ്പം ഒളിച്ചോടിയ
മഴയെ കണ്ടെത്തി നിൻറെ
കണ്ണുകളുടെ തടവിൽ പാർപ്പിക്കണം.
അത് കരഞ്ഞു തീരുംപോൾ തെളിയുന്ന
മഴവില്ലെനിക്ക് സ്വന്തമാക്കണം.
പുഴയുടെ ആഴങ്ങളിൽ അടുത്ത് കണ്ട
ആകാശം ചേർത്ത് പിടിക്കാൻ
ഓടിയെത്തിയ ചില്ലകള് ഒരു വിളിപ്പാട-
കലെയെങ്കിലുമൊന്നു തൊടാനാവാതെ
തിരഞ്ഞു കൊണ്ടിരിക്കുന്നു
ജീവിതത്തെ തിരയും പോലെ
ആഴങ്ങളി ലൊരാകാശത്തെ.
ഒരു മഞ്ഞു തുള്ളിയുടെ കാത്തിരി-
പ്പിൻറെ ധ്യാനത്തിനോട്
ഓർമ്മകളുമായ് അലയുന്ന
തണുത്ത സന്ധ്യകളോട്
വിരഹാർദ്രമീ ചിതയുടെ അവസാന 
 കനലിനോടും നിൻറെ കണ്ണുനീർ-
തുളളികൾ പറഞ്ഞുവോ മാപ്പ്.   
                 

Friday, 1 November 2013

ഇനിയെത്ര ദൂരം

ഒരു മാത്ര നീയും വിതുമ്പിയോ നിലാവേ
വിരഹാർദ്രമെൻ നോവുകളാലെ
ഓർമ്മകൾ മഴവില്ലു തിരയുമെൻ മിഴിയിൽ
നീ വർഷമായ് പെയ്തു നിന്നു,എന്നും .

ഒരു യാത്രാ മൊഴിയുടെ മൗനമായ് പ്രണയത്തിൻ
എൻ ജീവ നാളമണഞ്ഞു പോകെ 
നിന്നെ കുറിച്ചിട്ട വാക്കുകൽ പ്രാണനിൽ സാന്ദ്രമാം
കവിതയായ് വീണു തുളുമ്പിടുന്നു

ഈ ചുടു നിശ്വാസ വേനലിൽ മോഹങ്ങൾ
നിന്നെ തിരയുമീയിരുൾ വീഥിയിൽ
എവിടെയാണെങ്കിലും നിന്നടുത്തെത്തുവാൻ
എൻ മനമേറെ കൊതിച്ചിടുന്നു.

പിരിയുവാനാണെങ്കിൽ എന്തിനു നീയെൻറെ
അനുരാഗ ഗന്ധം പകർന്നെടുത്തു
ഇനിയെത്ര ദൂരം ഞാൻ നിന്നിലേക്കെത്തുവാൻ
എനിക്കായൊരു ജന്മം നീ ജനിക്കും വരെയെന്നോ.    
              

ഗന്ധം

പുലർ വെയിൽ പോലെ നീ
കാലത്തിൻറെ പടവുകളിലൂടെ
അടിവച്ചകലുംപോഴെൻ
സ്വപ്നത്തിൽ കണ്ട ശ്യാമ മേഘങ്ങൾ
മഴത്തുള്ളികളായ് എവിടെയോ വീണു
തകര്ന്നു ചിതറിയിട്ടുണ്ടാവാം.
ചിന്തകൾ നിനച്ചിരിക്കാതെ വീശുന്ന
കാറ്റയെന്നോർമ്മ കടലിൽ തിരയിളക്കുമ്പോൾ
ഹൃദയം നിൻറെ ഹൃദയതാളത്തി നൊപ്പം
മിടിക്കുന്നത്‌ ഞാനറിഞ്ഞിരുന്നു
എൻറെ ദിനസരികുറിപ്പുകൾ നിൻറെ
പേരിൻറെ കണക്ക് പുസ്തകങ്ങളായി.
ഇതെൻറെ പ്രണയമാണ്,
എൻറെ കണ്ണിൽ കൊളുത്തി വച്ചിട്ടും
നീ കാണാതെ പോയത് ,
എൻറെ ചുണ്ടിൽ വിറയാര്ന്നു നിന്നിട്ടും
നീ അറിയാതെ പോയത് .
ഇനി ഞാനൊരു കാര്യം പറയട്ടെ
ഈയെഴും വാക്കുകൾ നിനക്ക് വേണ്ടിയാകയാൽ
ഈ തൂലികയെൻറെ ഹൃദയമാകുന്നു
അതിനാൽത്തന്നെ ഇതിൽ തെളിയും
മഷിയെൻറെ സിരകളിലൊഴുകും രക്തമാവുന്നു
ഇനി നീയീ കടലാസൊന്നു മണത്തു നോക്കു
ഇതിനൊരു രക്ത ഗന്ധമില്ലേ.