Tuesday, 28 April 2015

പൂമ്പാറ്റകൾ

പൂക്കളിൽ നിന്നും പൂക്കളിലെയ്ക്ക്
ചിറകുകൾ മുളച്ച മറ്റൊരു പൂ പോലെ
പൂമ്പാറ്റകൾ കണ്ണുകളിൽ നിറപ്പൊലിമയുടെ
മിന്നലാട്ടങ്ങളാവുന്നു .
എന്തൊരഴകാണ് ഈ വർണ്ണവിസ്മയങ്ങൾക്ക്.
പൂക്കൾക്ക് മുകളിലൂടെ തേൻകുടങ്ങൾ തേടി
അവ ഒഴുകി പറക്കുമ്പോൾ,
കണ്ണ് ചിമ്മാതെ നോക്കി നില്ക്കാൻ
ഉള്ളിലിനിയുമൊരു കുട്ടികാല കൗതുകമുണരുന്നു.      
Thursday, 23 April 2015

ഇരു പുഴകൾ

മിഴികൾ നനവും നീലാകാശവും
കുടികൊള്ളും സമുദ്രങ്ങൾ,
ഇമകൾ മറച്ച തിരശീലയ്ക്കുള്ളിൽ
നീ അഗ്നിയും അമൃതുമാവുന്നു.  
ഇരുപുഴയാം നാമൊരു നദിയായി
കര കവിയാതൊഴുകുവാനൊരു മോഹം
തീരാനോവിൻ കെടാ കനലായ്
 ജ്വലിയ്ക്കുന്നുവെങ്കിലും
വറ്റിപ്പോയ രണ്ടു നീർച്ചാലുകളുണ്ടിന്നും
ഹൃദയാന്താരെ വറ്റിമറയാതൊഴുകുന്നു സ്വച്ഛം. 

             

Sunday, 19 April 2015

കൈയൊപ്പ്‌

സമാന്തരങ്ങളിൽ
സമാനതകളിൽ ഓർമ്മകൾ
അന്യോന്യം നിശബ്ദമായി
സംസാരിക്കുന്നു, ചില കഥകൾ പോലെ
തുടക്കമോ ഒടുക്കമോ ഇല്ലാതെ
എവിടെ നിന്ന് എപ്പോൾ
എന്നതറിയാതെ ,ഏതോ തിരിച്ചറിവുകളിൽ,
ദൂരങ്ങളിൽ അവ
ഹൃദയത്തിൽ ഒരു കൈയൊപ്പിട്ട ശേഷം
ഒരു മാത്ര നിന്ന് കടന്നു പോകുന്നു.
ഒരു നിമിഷത്തെ ഏറ്റവും
മനോഹരമാക്കുന്നതും അത് തന്നെ.