Sunday 29 May 2016

ഞാൻ ഒരു മഞ്ഞു തുള്ളിയുടെ
കാത്തിരിപ്പിന്റെ ധ്യാനം,
ഒരു കുഞ്ഞു സൂര്യന്റെ
മഴവില്ല് കാത്ത് ഇലയിൽ നിന്നും
മണ്ണിൽ അടര്ന്നു വീഴുന്നു.
നിനക്ക് നല്കാൻ
എന്നിലിനി വസന്തങ്ങളില്ല,
എന്റെ താഴ്വാരങ്ങളെ
മൃതിയുടെ മഞ്ഞു പാളികൾ
മൂടിപൊതിഞ്ഞിരിയ്ക്കുന്നു.
ജീവന്റെ ചീന്തിലയിൽ
ഗ്രീഷ്മം പൊള്ളി കറുക്കുന്നു.

Tuesday 24 May 2016

മൃതസഞ്ജീവനി

ദ്രവിച്ചു പോകാത്ത ഓർമ്മകളുടെ
ഭൂത കാലങ്ങളിൽ നിന്നും
നിന്നെ ഞാൻ കണ്ടെടുക്കുമ്പോൾ
നീയൊരു അഗ്നി ശില.
അവസാനത്തെ അതിർത്തികളും
ആകാശവും കടന്ന്
പലായനം ചെയ്യാൻ വെമ്പുന്ന
നിന്റെ നോവുകളുടെ
തീരാ വ്യഥകളിൽ
ഉരുകിയെരിഞ്ഞ സന്ധ്യകൾ,
ജീവിത യുദ്ധകാണ്ഡങ്ങളിൽ
അറ്റുപോയ ഹൃദയ രേഖകൾ,
ഋതുക്കളുടെ തേരോട്ടമില്ലാതെ
നിശ്ചലമായ നീരൊഴുക്കുകൾ,
കണ്ണുകളിൽ കുടിച്ചു വറ്റിച്ച
തീ തടാകങ്ങൾ,
ശ്വാസങ്ങളിലെ ആകുലതകളുടെ
ചുഴി വേഗങ്ങൾ,
ചുടുകാറ്റ് ഊതിയൂതി പഴുപ്പിച്ച
ഈന്തപ്പഴത്തിന്റെ
മാധുര്യമുള്ള മുറിവുകൾ എല്ലാം
ചേതനയുടെ ചിറകുകൾ
കുഴഞ്ഞു വീഴും മുൻപേ
ഇനിയെന്റെ താഴ്വാരങ്ങളിലെയ്ക്ക്
കുടഞ്ഞെടുക,
ഇരു മൗനങ്ങളെങ്കിലും
ഇന്ന് നാമറിയുന്നു,
ജീവന്റെ മൃതസഞ്ജീവനി പോലെ
നമ്മുക്കിടയിലൊരു
കടൽ പൂവിട്ടിരിയ്ക്കുന്നു.

Thursday 19 May 2016

പ്രണയം
കനത്ത് പുകയുന്ന
മഞ്ഞു പോലെ
അഗ്നിയെക്കാൾ തീവ്രവും
ക്രൂരവുമായി
എന്റെ ഹൃദയത്തെ
ചുട്ടു പൊള്ളിക്കുമ്പോൾ
ശരീരം ഒരിന്ദ്രജാലമാവുന്നു.
രതിയുടെ ഉലകളിൽ
മൃഗ തൃഷ്ണയാളുന്നു
ശ്വാസ വേഗങ്ങളിൽ
കൊടുങ്കാറ്റിൻ
കിതപ്പുകളുയരുന്നു.
ഉടൽ കാടുകളിൽ
ജല സർപ്പങ്ങളിഴയുന്നു.
ആസക്തിയുടെ
പാനപാത്രങ്ങളൊഴിയുമ്പോൾ
എന്റെ പ്രണയത്തിന്
വിയർത്ത് പൂക്കുന്ന
വസന്തത്തിന്റെ
മദിപ്പിക്കുന്ന ഗന്ധമാണ്,
കാട്ടു തേനിന്റെ മധുരമാണ്.





Sunday 15 May 2016

ഒരു ചെറിയ ചാറ്റൽ മഴയിൽ പോലും
ഭൂമി വിയർക്കുന്നു,
പൊട്ടിത്തരിച്ചു പൂക്കുന്നു,
നനഞ്ഞ പ്രഭാതത്തിലേക്ക്‌
സ്വർണ്ണതകിട്പൊതിഞ്ഞ
മലനിരകൾക്കിടയിലൂടെ
വെയിലിന്റെ നൃത്തശാലയിലേക്ക്
ആലസ്യത്തോടെ
കുന്നു കയറിവരുന്നു ബാലസൂര്യൻ.
കാട്ടു തീ പടർന്നത് പോലെ
പുലരിയുടെ ആകാശത്തിൽ പ്രൗഡമായ്
തിടംവച്ച് പൂർണ്ണ സൂര്യൻ.