Thursday 21 April 2016

ജനലിനപ്പുറം പെയ്യുന്ന
മഴയിലേയ്ക്കും,
കാറ്റിലാടുന്ന നനഞ്ഞ
മരച്ചില്ലകളിലേയ്ക്കും
നോക്കിയിരിക്കുമ്പോൾ
ഞാൻ സ്വപ്നം കാണുന്നു
കണ്ണീരും വിയർപ്പും കടലും,
വിരലുകളിൽ വാക്കുകൾ
ചുംബിക്കുമ്പോൾ മാത്രം
എന്റെ ഹൃദയത്തിനു മേലെ
കവിതകൾ പറന്നിറങ്ങുന്നു.
അപ്പോഴെന്റെ താഴ്വാരങ്ങൾ
തളിർക്കുകയും ഞാൻ ചില്ലകൾ
വീശുകയും പൂവിടുകയും ചെയ്യും.
പുഷ്പങ്ങളുടെ ഋതുകാന്തിയിൽ
എന്റെ സൗരഭ്യത്തിലെ
മുറിവിന്റെ ഗന്ധം പോലെ
എന്റെ എഴുത്തുകളെ ഉൾത്തുടിപ്പോടെ
കടൽപ്പൂക്കൾ ഉമ്മ വയ്ക്കുന്നു,
വേദനയുടെ പവിഴപ്പുറ്റുകളിൽ
സുഗന്ധപരാഗങ്ങൾ നിറയുന്നു,
എനിക്ക് ചുറ്റും കവിതകളുടെ
ഉദ്ധ്യാനങ്ങൾ മാത്രം.

Thursday 7 April 2016

കൈയൊപ്പ്‌

നിറനിലാവല്ല
തേയ്മാനം വന്ന
അമ്പിളിക്കലയാണ്.
രുദ്ര ജടയിലെ
തുമ്പ മലരിന്
മണ്ണിലും മനസ്സിലും
പെയ്യുന്ന നോവിന്റെ
പരിമളമാണ്.
നനയുമ്പോൾ പൊള്ളുന്ന
പ്രണയ നിലാവാണ്‌.
മായാൻ തുടങ്ങും മുൻപേ
മരണത്തിന്റെ
വരൾച്ചയിൽ നിന്നും
പുനർജ്ജനിയുടെ
പച്ചപ്പിലേയ്ക്കെന്നെ
നെഞ്ചേറ്റുക.
മൗനത്തിന്റെ
മൃദുഹാസം കൊണ്ട്
ഹൃദയത്തിലൊരു
കൈയൊപ്പ്‌ മാത്രമിടുന്നു
ഞാൻ .