Wednesday, 24 July 2013

അമ്പിളി

അമ്പിളിയെ
കറുത്ത വാവ്
കടഞ്ഞെടുത്ത മഷി
നിനക്ക് നീലാഞ്ജനം.
ഭയത്തിന്റെ
മേഘപാളികൾക്കിടയിൽ
മുഖമൊളിക്കാതെ,
ഇടിമുഴക്കങ്ങളിൽ
അടർന്നു വീണൊരു
കായലിൽ മറയാതെ
ഇരുൾ കുടിച്ചു വറ്റിച്ച
നിലാവിനെയൊരു 
 നിറഹാസത്താൽ
വീണ്ടും പരത്തു .  Tuesday, 23 July 2013

തിലോദകം

മേഘങ്ങളുമ്മ വച്ച
ഗിരി ശ്രുംഗങ്ങൾ വിട്ട്
കൊലുസിന്റെ 
പൊട്ടിചിരിയുമായി
വെള്ളാരങ്കല്ലുകളെ
മിനുക്കിയൊരുക്കി
വെണ്മ മാഞ്ഞ ഉടലിൽ
മുങ്ങി നിവർന്ന
പാപങ്ങളുടെ കറുപ്പും
പാദങ്ങൾ ബന്ധിച്ച
വിഷ കുരുക്കിൽ
കുതിപ്പു മുറിഞ്ഞ
 കിതപ്പുമായി 
തീരാ വ്യഥയോടെ
സമുദ്ര സംഗമമറിയാതെ
പാതി വഴിയിൽ
ശ്വാസമറ്റു വീണ നീ
എന്റെയീ തിലോദകം
ഏറ്റു വാങ്ങുക .

     

Sunday, 21 July 2013

ശലഭ ജന്മം

അല തല്ലും
സമുദ്രങ്ങളെന്നിൽ
തേങ്ങി ഒതുങ്ങുമ്പോൾ
സ്വപ്‌നങ്ങൾ
ശലഭ ജന്മങ്ങൾ തേടി,
തിരി താഴ്ത്തിയകലും
നിലാവിന്റെ
മണ്‍കുടിൽ വിട്ട്
ബന്ധനത്തിന്റെ
ബന്ധുരമായ
ചിപ്പിക്കുള്ളിൽ
കണ്ണീർ ഉരുക്കിയുരുക്കി
ഒരു മുത്തായി
അടിഞ്ഞു ചേരുന്നു .

 
  

Saturday, 20 July 2013

പ്രളയം

കാറ്റിലൊരു പൂമ്പൊടി
നദിയിലൊരു വിത്ത്
തണൽ തഴപ്പാർന്നൊരു സ്വപ്നം
അവിടെ പ്രളയത്തെ വിട്ടു
പ്രകൃതി നീയെന്തിനു
നിഷ്ക്കളങ്കരെ കൂടി കൊന്നു .


ബാല്യം

കൈ നീട്ടി തൊട്ടപ്പോൾ
ഭൂമിയിലെ പൂവുകൾ
ആകാശത്തേക്ക്
പറന്നു പോയി .
വിരൽ തുമ്പിൽ നിന്നും
മായാത്തൊരാ-
മഴവില്ലിന്മേൽ
ഓർമ്മകളുടെ സുഗന്ധം
ബാല്യാത്തിലേക്കൊരു
ഊഞ്ഞാല കെട്ടി .

Monday, 15 July 2013

കനൽതുള്ളി

വാക്കുകൾ കൊണ്ടെന്റെ ഹൃദയം
കൊത്തി തിന്നു നീ വിശപ്പടക്കുക .
കണ്ണുനീർ കൊണ്ട് ദാഹവും അകറ്റുക .
ഓർമ്മകളിൽ തനിച്ചാക്കാതെ
വാക്കുകൾ വിഷം തുപ്പിയ
 മൌനത്തിന്റെ കനൽ കൊണ്ടെന്റെ
ശരീരത്തെ കത്തിച്ചു തിരിഞ്ഞു നടക്കുക.
ഇല്ലെങ്കിൽ നോവിന്റെ തീ തുള്ളിയായി
കണ്‍പീലികൾക്കിടയിൽ മറഞ്ഞിരുന്ന്
ഞാനാ ഹൃദയത്തെ ചുട്ടു പൊള്ളിചേക്കാം.
യാത്ര

വേനൽകാറ്റ്പരത്തിയ മണ്ണിൽ
പലതുംമറഞ്ഞു തുടങ്ങിയിരിക്കുന്നു.
നര കയറിയ ആകാശം
ഒരു വെള്ള കൊടി പോലെ ,
അതിൽ കത്തുന്ന സൂര്യ ഹൃദയം.
അറിവിന്റെ ലോകത്ത് നിന്ന്
 നേരിന്റെ അക്ഷരങ്ങൾ തേടിയുള്ള
യാത്രയിലായിരുന്നു ഞാൻ.
സ്മൃതി മണ്ഡപങ്ങളിൽ
ഒഴുകുന്ന ചോരപുഴയിലെന്റെ
ആർഷ ഭാരതത്തിൻ അകത്തളങ്ങളിൽ
കനക്കുമിരുട്ടിലൊരു നില വിളിയിലെന്റെ
വാക്കുകൾ തളർന്നു നെഞ്ചിൻ മിടിപ്പു മാഞ്ഞു,
കാൽ പാടുകൾ മായ്ച കാലത്തിന്റെ
മണൽ പരപ്പിൽ ഇരുൾ വെളിച്ചമാകുവോളം  
ഞാൻ അലഞ്ഞു നടന്നു .   
  

Friday, 12 July 2013

ഇന്നലകൾ

കരിയിലകൾ
ഇന്നലകളെഴുതിയ
മരണപത്രം.
ചിന്തകളും സ്വപ്നങ്ങളും
പ്രതീക്ഷകളും
ബാക്കിവച്ചകന്നു പോയവർ.
അസ്വാതന്ത്ര്യത്തിന്റെ
ജയിലറകൾ
തള്ളിത്തുറന്ന്
വർഗീയ
വാൾമുനകൾക്കു നേരെ
ജീവന്റെ
ചോര ഞെരമ്പുകൾ നീട്ടി
പട്ടിണിക്ക് മുൻപിൽ
നെല്പ്പാടങ്ങളെത്തിച്ച്
ആളുന്ന യൗവ്വനങ്ങൾ
അഗ്ന്നിയിലെരിച്ചവർ
ഇന്നലകളെഴുതിയ
മരണപത്രം
ഇന്നിന്റെ
സ്മൃതി മണ്ഡപങ്ങൾ .
 

സൂര്യ ഹൃദയം

വെറുതെയിരുന്ന
പകലിന്റെ മനസിലേക്ക്
പ്രണയത്തിന്റെ തീ കോരിയിട്ടു
സൂര്യന്റെ എരിയുന്ന ആൽത്മാവ്
കടലിൽ മുങ്ങി .
വിരഹത്തിന്റെ
മുള്ളുകൾ തറച്ച്
കീറി പറിഞ്ഞ ആകാശം
നക്ഷത്രങ്ങളുടെ
തിരിനാളങ്ങൾ
ഊതികെടുത്തി.
നില തെറ്റി വീണ
മേഘങ്ങൾ മഴ വിത്തായി
ഭൂമിയുടെ ഗർഭപാത്രത്തിൽ
അഭയം തേടി .
മര ചില്ലകളെ ഉലച്ച്‌ കാറ്റ്
ചിതറിയ ചിന്തകളുമായി
അലഞ്ഞു നടന്നു .
മഞ്ഞും മഴയും ഇഴ ചേർന്ന്
കണ്ണുറങ്ങാതെ
രാവകന്നു .
ജീവ നാളം ജ്വലിച്ച്
കിഴക്ക് ചോപ്പിച്ചു
സൂര്യൻ വീണ്ടും
പകലിന്റെ
നിറകണ്‍ ചിരിയിലേക്ക്‌
കത്തുന്ന അനുരാഗത്തിലേക്ക്
ഒരു മഴവില്ല് ഇട്ടു കൊടുത്തു.
 

മഴ ഉത്സവം

നിറുകയിൽ
തട്ടി ചിതറി
സ്വപ്നങ്ങളുടെ
തീർഥം ചുണ്ടിൽ ഇറ്റിച്ചു
മഴ ഉത്സവങ്ങൾ
ബാല്യങ്ങൾക്കെന്നും
കൌതുകം
കൗമാരങ്ങൽക്കു ആഹ്ലാദം
യൗവ്വനത്തിനു
പ്രണയവും
വാർദ്ധക്ക്യത്തിനു
നഷ്ടവുമാണ്.
 

സോളാർ കത്തുന്നു

ജനാധിപത്യത്തിന്റെ
ശ്രീ കോവിലെരിഞ്ഞു
സോളാർ കത്തുന്നു .
സംസ്ക്കാരങ്ങൾ
മലിനമായി പൈതൃകങ്ങൾ
മറവിയായി .
പട്ടിണി
മരണങ്ങൾ
രോഗ ദുരിതങ്ങൾ
പിന്നെയും
കണ്ണീരായി
ഒരുപാടു കാഴ്ചകൾ
സോളാർ
പുകമറക്കുള്ളിൽ
അവർ ആഴത്തി വച്ചു
അഴിമതിയുടെ
ദുർഗന്ധം പേറിയ കാറ്റ്
അരയാൽ കൊമ്പിൽ
തൂങ്ങി മരിച്ചു .
മൗനങ്ങൽ ഭേദിച്ചു
കൊടുങ്കാറ്റായി
നമുക്കിനി വീശിയടിക്കം
അധികാരത്തിന്റെ
ഇരുണ്ട കോട്ടകൾ
തകര്ന്നു വീഴട്ടെ .
 

നിഴലും ഞാനും

ആശയത്തിനും
സൃഷ്ടിക്കുമിടയിൽ
വീഴുന്ന നിഴൽ.
കവിതകൾ
ഉണരാതെ മനസ്സ്
ഒരു നിശ്ചല ജലാശയം .
പ്രണയം
കാട്ടു തേനിന്റെ
മധുരം .
ചുടു നിശ്വാസങ്ങൾ
തണുത്ത മോഹങ്ങളെ
ഉണക്കിയെടുക്കുന്ന വെയിൽ.
ഓർമ്മകൾ
നോവായ്‌ പടരും
തീയലകൾ.
ഞാൻ നിന്റെ
മുരളിയിൽ
പിടഞ്ഞു മരിച്ച സംഗീതം.
 

തെരുവ് യുദ്ധം

വെളുത്ത തുണികൾ
കൊടികൾ ആക്കി
ഇടറിയ മുദ്രാവാക്ക്യങ്ങൾ
ശ്വാസമാക്കി
പതറിയ ചുവടുകൾ
ധൃതിയിലാക്കി
അവർ വന്നു
ഒരു പറ്റം ചെറുപ്പക്കാർ .
മുഖങ്ങൾക്കെല്ലാം
ഒരേ ഭാവം
കുഴിഞ്ഞ കണ്ണുകളിൽ മാത്രം
ഇത്തിരി തിളക്കം .
ചിലർക്ക് പൊതി ചോറുണ്ടാവും
അമ്മ പെങ്ങന്മ്മാർ
പട്ടിണി കിടന്ന
പഴങ്കഞ്ഞി ചോറ്
തെരുവിലൂടെ
വലിച്ചിഴക്കപെടുമ്പോൾ
ചോരപുരണ്ട ചോറ്
അവർക്കും കാക്കകൾക്കും
വേണ്ടാതെ ഉപേക്ഷിക്കപ്പെടും
തിരിച്ചു വരാത്ത
പുറപ്പെട്ടവരുടെ
കാലൊച്ച കാതോർത്ത്
മൂകമായി വീടുകൾ
കരഞ്ഞു തീർക്കും.
തെരുവിൽ തച്ചുടയുന്നത്
ഒരു വസന്തമാണ്‌
അവരുടെ
ഒടുവിലുത്തെയും
ആശ്രയമാണ് .
 

അഴിമതിയുടെ വിത്തുകൾ

അഴിമതിയുടെ മഹാസമുദ്രം
 കേന്ദ്രമെങ്കിൽ മറ്റുള്ളവയതിൻ
പോഷക നദികൾ മാത്രം.
 യുദ്ധം എവിടെയുമാകട്ടെ
ക്ഷതമേൽക്കുന്നത്
ഹൃദയത്തിന്റെ
ചുവരുകല്ക്കാണ്.
കത്തുന്നത് തന്റെയോ
അപരെന്റെയോ വയലാകട്ടെ
പട്ടിണിയാകുന്നത് ജീവിതമാണ്‌ .
തരിശു നിലങ്ങൾക്ക്‌ താഴെ
വന്ധ്യമാകുന്നത്
ഭൂമിയുടെ ഗർഭപാത്രമാണ്.
 

 

ഒരേ ആകാശം ഒരേ ഭൂമി

എല്ലാവർക്കും കൂടി
കാണാവുന്ന
ഒരു സ്വപ്നം
ഉണ്ടാക്കിയെടുക്കാൻ
നമുക്കെന്നാണ് കഴിയുക
എല്ലാവർക്കും കൂടി
ചൊല്ലാവുന്ന
ഒരു പ്രാർത്ഥനയിൽ
നമ്മൾ എന്നാണ് ഒന്നിക്കുന്നത്
മഴയുടെ സംഗീതം കേൾക്കാൻ
നമ്മളെന്നാണ്
ഒരു മരച്ചുവട്ടിൽ
ഒന്നിച്ചു ചേരുന്നത്
 

കറുത്ത ചെട്ടിച്ചികൾ

മാനത്ത്
ഇന്ദ്രനീല
പുടവയുടുത്ത
കറുത്ത
ചെട്ടിച്ചികളെ കണ്ട്
സൂര്യൻ
മഴ നൂലിഴ കൊണ്ട്
മുഖം മറച്ച്
കടലിൻ
തിരയിളകും
കണ്ണിൽ പോയി
ഒളിച്ചിരുന്നു.
 
 

കാലം

  ഇതു കരൾ പിളരും കാലം
ഞാനും നീയും അന്യരാവുന്നു-
എങ്കിലും സ്മരണകളുടെ
ചുടു കാറ്റിൽ ശ്വാസം അടക്കുമ്പോൾ
നിന്റെ നിലക്കാത്ത ചോരയുടെ
ദീർഘ സന്ദേശങ്ങൾ
പൂക്കുന്ന വേനല്ക്കാടുകൾ ആവുന്നു .

എനിയ്ക്കു മേലെ
ദുഖത്തിന്റെ കറുത്ത ആകാശം
അതിനു താഴെ
നോവലിഞ്ഞ നിന്റെ
മൌനങ്ങളുടെ ആഴങ്ങളിൽ
ഞാൻ എന്റെ
തീരങ്ങളുടെ നോവും
തിരമാലകളുടെ കണ്ണുനീരും
ഒളിപ്പിച്ചു വച്ചു.
ചിതറി വീഴുന്ന
മഞ്ചാടി മണികൾ പോലെ
ബാല്യത്തിന്റെ മയിൽപ്പീലിയും
കൗമാര സ്വപ്നങ്ങളുടെ വള പൊട്ടുകളും
യൌവനത്തിന്റെ
മിഴി പൂവിൽ നിറഞ്ഞ
സ്വപ്നങ്ങളും
ആരും കാണാത്ത നീലിമയാക്കി
ആകാശത്തിനു ഞാൻ കടം കൊടുത്തു
മന ശന്ഖിലേക്ക് ഒഴുകി -
നിറഞ്ഞ നൊമ്പരങ്ങളുടെ
മിഴികളിൽ ഞാനറിയാതെ
നീ കൊളുത്തി വച്ച
ഒരു മണ്‍ ചെരതിന്റെ നുറുങ്ങു വെട്ടം
അക്ഷരങ്ങൾക്കു നേരിന്റെ
അഗ്ന്നി പടർത്തി
ഉറവു വറ്റിയ ഭൂമിയുടെ
നെഞ്ചു പിളർന്നു
ഉറഞ്ഞു പോയ നന്മ്മയുടെ
കനിവ് തേടുമ്പോൾ
വെൻനിലാവ്
എന്റെ കൈവെള്ളയിൽ
ഒരു താമര പൂ വിരിയിക്കുന്നു .
ഏതോ ശിശിര നിദ്രയുടെ
ആലസ്യത്തിൽ -
ഒരു മുളം തണ്ടിന്റെ
കരൾ കീറിയൊഴുകുന്ന നാദമായി
നിന്നിൽ പ്രാണനെ തളച്ചിട്ടു
കാലം പടിയിറങ്ങുമ്പോൾ
ഒരു കൈക്കുലുക്കത്തിൽ നാം
സ്വപ്നങ്ങളെ അകറ്റി നിർത്തി
ഒക്കെ മറന്നു നീയ്
പെയ്തിറങ്ങുന്ന ഓരോ
വർഷാശ്രു ബിന്ദുവിലും
എനിയ്ക്കു നിന്നെയും
നിനക്ക് എന്നെയും കാണാവുന്നതാണ്,
എന്നിട്ടും
ഇന്നെൻ മിഴി നീരല്ലോ
പുലരി പൂ
ഹിമ കണമായ്
ചൂടി നില്പ്പൂ........!