Wednesday 30 October 2013

മടക്കയാത്ര

നിൻറെ കണ്ണുകളാണെനിക്ക്
ജീവിതത്തിൻറെ തീ പകര്ന്നത്.
ആയിരം നാവുള്ള മൗനങ്ങളുടെ
ഹസ്തദാനങ്ങളിൽ സംസാരത്തിൻറെ,
നിരാസത്തിൻറെ രണ്ടു ഭാവങ്ങൾ.
വിലാപത്തിൻറെ മതിലുകൾക്കപ്പുറം
ഇമകൾ മറച്ച തിരശീലക്കുള്ളിൽ
നീ അഗ്നിയും അമൃതുമാവുന്നു.
കടൽക്കരയിലെ മണൽത്തരിയിൽ
വിരിയുന്ന നക്ഷത്രങ്ങളുടെ മിന്നലിൽ
നീ ഇന്നലെകളിലേക്ക് പോവുക
അവിടെയെങ്കിലും ഒരു മാത്ര നിനക്കെന്നെ
തിരിച്ച റിയാൻ കഴിഞ്ഞേക്കം.  
                 

Tuesday 29 October 2013

വയൽ പൂവുകൾ

എന്നിൽ നീയറിയാത്ത തേങ്ങൽ
മൗനമായ് പറയാതെ പോയ
യാത്രാ മൊഴിയുടെ നൊമ്പരമായ്
മഴവില്ലൊന്നു പിടിച്ചു കുലുക്കാൻ
മണ്ണിൽ ചുറ്റിയ മന്ദാനിലനെപ്പോൾ
മനസ്സിൽ അലഞ്ഞു നടന്നു.
ആറുകളൊഴുക്ക് തിരയുന്നുയെൻ
മുഖത്തശ്രു ബിന്ദുക്കളാൽ,
കടൽ കണ്ടു ഞാൻ എങ്ങും
നിലയ്ക്കാതൊഴുകി പറയുന്നതിൽ
ജന്മങ്ങൾ വയൽ പൂവുകൾ പോലെ
കൊഴിയുന്നു പിന്നെയും വിരിയുന്നു
മാറുന്നു വേഷങ്ങളാർന്നരങ്ങിൽ.


            

Monday 28 October 2013

നീതിക്കായ്

മഴ നൂലിഴയിൽ കോർത്ത
മഞ്ഞു തുള്ളി ഞാനൊരു
കുഞ്ഞു സൂര്യൻറെ താപത്തിലൊരു
മഴവില്ലു കാത്തിലയിൽ നിന്നും
മണ്ണിലടർന്നു വീഴുന്നു.
വേനൽ നുള്ളിയെറിഞ്ഞ
വെന്തു കരിഞ്ഞ പൂക്കളായ്
ഓർമ്മകൾ പൊഴിഞ്ഞ്
വാക്കുകൾ ശലഭജന്മങ്ങളായ്
മരണത്തിൻറെ കാടുകളിൽ
വീണു പോയൊരെൻ ജീവൻറെ രക്തം
നീതിക്കായ് അലമുറയിട്ടയീ
ഭൂമിയെ ഫലഭൂയിഷ്ടടമാക്കും. 
         

Sunday 20 October 2013

തടവറ

മൗനം ദത്തെടുത്ത
നിൻറെ ഹൃദയം
എൻറെ തടവറയാണ്.
ശ്യാമ മേഘങ്ങൾ പൊതിഞ്ഞ
ആ ഭിത്തിക്കപ്പുറമെനിക്കൊന്നും
കാണാൻ കഴിയാതെയാവുന്നു
എന്നെയൊരു രാഗമായ് തളിച്ചിട്ടയീ
മുരളിയെ നിന്നധരങ്ങൾ ചുംബിച്ചുണര്താതെ
 നിശബ്ദതയുടെയിരുളിലെക്കെറിയവെ
നിലാവ് കൂട് കൂട്ടിയ മരച്ചില്ലയിൽ
നിന്നിറങ്ങി വന്ന കാറ്റ് കഴുത്തറത്തിട്ട
പൂവ് പോലെ ഞാൻ ഉറവു വറ്റിയ നിൻറെ
മനസിൻറെ മണൽപ്പരപ്പിലെൻ പ്രണയം
മരുപ്പച്ച തേടിയലയവെ കണ്ടതില്ല
നിന്നിലാര്ദ്രമാമൊരു നോവ്‌ പോലും
എന്നോർമ്മകൽ മണ്ണിൽ മറയും വരെ.
        



              

Saturday 19 October 2013

ആറാട്ട്‌.

ആത്മാക്കൾ പാഞ്ഞു നടന്നു
തലങ്ങും വിലങ്ങും.
ചിലർ ഏന്തി വലിഞ്ഞ്
ഉരുളിയിലെ പാൽക്കുടിക്കുന്നു.
ചിലർ മധുരപലഹാരങ്ങൾ തിന്നുന്നു.
നന്മയുടെ പ്രസാദത്തിൽ
കരിമ്പടം പുതച്ച മനുഷ്യ
പ്രേതങ്ങളുടെ ആറാട്ട്‌.   

Friday 18 October 2013

ഉഷ്ണക്കാടുകൾ.

ജീവിതം നാളയെ പുണരാൻ മുന്നോട്ടോഴുകുംപോൾ
പിറകിൽ തേങ്ങിയൊതുങ്ങുന്ന ഇന്നലെകളുടെ സാരംഗിയായോർമ്മകൾ
മിഴി മൂടിയാലും മൗനത്തിൻറെ കടൽ താണ്ടാനഗ്നി തീർത്ത ദുർഗ്ഗമ വഴികൾ.
സായാഹ്നത്തിൻറെ മലയിറങ്ങുന്ന കാറ്റിൽ അദ്വൈതത്തിൻറെ സുഗന്ധം.
ലൗകീക സാധനയുടെ പടവുകൾ താണ്ടി നിസ്സംഗതയുടെ പാദങ്ങളിലേക്ക്‌
നടന്ന് നീങ്ങുന്ന മോഹങ്ങളുടെ മൌട്യമേഘങ്ങൾ നനച്ച മഴയിലും
വിയർത്തു നനഞ്ഞോരെൻ കണ്‍കളിൽ നിറഞ്ഞു കവിയുന്നു
തലയ്ക്കു മീതെ മേൽക്കൂരയില്ലാത്ത ആകാശം കണക്കെ
സംസാര സാഗരം നിറച്ച അസ്വസ്ഥതയുടെ ഉഷ്ണക്കാടുകൾ.
            
  

Thursday 17 October 2013

മണി നാദം

എൻറെ വാക്കുകൾ
സ്വര്ഗ്ഗത്തിലേക്ക് പറക്കുമ്പോഴും
എൻറെ വിചാരങ്ങൾ
താഴെത്തന്നെ നില്ക്കുന്നു.
പൊട്ടിപ്പിളർന്നതും
പോട്ടിത്തകര്ന്നതും
ചിത്ത മെന്തിങ്ങിനെ.
കാണുവാൻ വയ്യെനിക്കീ
മാറ്റമെന്നുടെ പ്രാണനിൽ
വീണുടയുന്നു പ്രതീക്ഷതൻ
താളം പിഴച്ച മണി നാദമെന്നപോൾ,
താറു മാറായിതോയെൻ സിരാതന്ത്രികൾ.
            

Wednesday 16 October 2013

ഉണർവ്

ചവുട്ടിയരച്ചിട്ട പുൽ ചെടിയുടെ കീഴിൽ നിന്നും
പുതിയൊരു നാമ്പ് കിളിർത്തതു പോലൊരു
ഉണർവും പ്രതീക്ഷയും ഒരു മാത്ര മിന്നുന്നുവുള്ളിൽ .
ശിശിരം മായുന്നിടത്ത് വസന്തമോ ഹേമന്തമോ കാത്തുനില്ക്കും.
അകലെ പാറപ്പുറത്ത് നിശബ്ദം നിന്ന് വേദനിക്കുന്ന
വെയിൽ ചിരിയുടെ ഗന്ധം വീണ കണ്ണ് തുടച്ച്
ഇനിയും കണ്ട് തീരാത്തൊരു ഭൂഖണ്ഡം നെഞ്ചിലടക്കി
വീണ്ടും വിടരുകയാണെന്നിൽ ജീവൻറെ
കൂമ്പി പോയ തൊട്ടാവാടിയുടെ ദളങ്ങൾ.
          

നീ പറഞ്ഞതറിയാതെ

എൻറെ കണ്ണുകൾ നീല തടാകങ്ങളെന്നു
വേനൽ വറുതി നട്ട മാനത്തെ കണ്ട്
നീയെന്നോട് പറഞ്ഞു.
എൻറെ ചിരി വസന്തം നിറഞ്ഞ
നിലാവ് പോലെയെന്ന് നക്ഷത്രങ്ങൾ മാഞ്ഞ
ഇരുട്ടിൻറെ ആഴങ്ങളെ നോക്കി നിയെന്നോട് പറഞ്ഞു.
മാനം വിളറി വെളുത്തതെൻ കവിളിൽ സന്ധ്യ
വിരിഞ്ഞതിനാലെന്നും രാത്രി മുല്ലകൾ പൂത്ത പ്പോളീ
കാറ്റിലെൻ ഗന്ധമറിയുന്നുവെന്നും പകൽ മറഞ്ഞ
നിഴലിനെ നോക്കി നീയെന്നോട് പറഞ്ഞു
 മുകിൽ ചുരുളുകളായ് മുടിയിഴകളിൽ അലകൾ
തീർക്കുന്നുവെന്ന് എന്നളകങ്ങൾ കണ്ട് നീ ചൊല്ലി .
എന്നിട്ടും തുറന്നിട്ട ജാലകത്തിലൂടെ എൻറെ പ്രണയം
ഓളങ്ങളുടെ പടികളിറങ്ങി താഴേക്കു പോയി.
         
   

Sunday 13 October 2013

നവരാത്രി

ഭക്തിയായേവം ഉപസിച്ചു ശക്തി ചൈതന്യത്തെ
സമര്പ്പണം ചെയ്തു സമ്പൂർണം കര്മ്മവും കര്മ്മ മേഖലയും
ആസുരികമാം നമ്മുക്കുള്ളിലും ചുറ്റിലും നടമാടും
അധർമ്മവും അജ്ഞാനവും ഇല്ലാതെയാവനിരുൾ നീക്കി
യൊരിക്കലും ക്ഷയിക്കാത്തോരക്ഷരാമൃതം നാവിൽ
അഗ്നി വാക് രൂപമായെന്നും ജീവനെ തൊട്ടുണർത്തുമീ
മന്ത്ര ദീക്ഷയ്ക്കായ് പവിത്രീകരിക്കുകെൻ ഹ്രുദയാകാശം
അമ്പിളി പൊന്നുരുളിയിൽ മിനുക്കിയെടുത്തോരെൻ
നവരാത്രി വൃതത്തെ ഉജ്ജ്വല രൂപിയാം വാണി 
സരസ്വതി ദേവി നിൻ പാദ പത്മങ്ങളാൽ
                                                
  

Friday 11 October 2013

പേക്കിനാവ്

പേക്കിനാവ് പോലെങ്കിലും
കാണും സ്വപ്നം ബന്ധുരമാ നിദ്രയിൽ
വിരാമം വരുത്തുന്നില്ലതിനാലീ ജീവിതം.
എങ്ങിനെ സഹിച്ചിടും ലോകത്തിനനീതികൾ
ക്രൂരമാം കാപട്യങ്ങൾ,അധികാരത്തിൻ മുഷ്ക്കും
 ഹൃദയം തകര്ക്കും ചതിയും ധിക്കാരവും.
ശപ്തമാമീ ജീവിതത്തിൽ സഹിക്കുന്നു നമ്മളീ
ദുരിതങ്ങൾ മനസാക്ഷിയെ ഭീരുക്കളാക്കീടുന്നു.


 

Thursday 10 October 2013

നിദ്ര

നിറയുന്നു പ്രാണനിലെപ്പോഴും
നിതരാമൊരു ദുഃഖംമതെന്നുമീ
ദൗർഭാഗ്യത്തിനേറുകൾ കൂരമ്പുകൾ
അതി കഠിനമീ ദുരിത കടലിനെ
ആതുര ശരീരത്തിനാത്മാവിൻ
വ്യഥകളെ വെല്ലുവാൻ മരണമാം
നിദ്രയല്ലയോ കാമ്യം .  
     

Friday 4 October 2013

വിത്ത്

ഒരു ജന്മത്തേക്കാൾ ഉച്ച ചൂടിലെ
ദാഹ നീരാവാനാണ് മനസ്സ് കൊതിച്ചത്.
ഒരു മഹാ വൃക്ഷത്തിൻറെ വിത്തിൽ ചേക്കേറി
ഭാവി തണലാവാനാണ് മോഹങ്ങൾ
 അരുവികൾ തോറും അലഞ്ഞു തിരിഞ്ഞത്.
പട്ടണ ഭാഷക്കുരുക്കിൽ ശ്വാസം ഞെരുങ്ങിയ നാവ്
ഭൂമിയിൽ നിലാവെഴുതിയ മലയാളത്തിൻറെ
അമൃത് നുകരാനാണ് ദാഹിച്ചു കുഴഞ്ഞത്.
ഇങ്ങിനെയാണ്ടു പോയൊരെൻ ചിതറിയ ചിന്തകളാണ്
ഉന്മത്തമായ ജല്പ്പനങ്ങളാക്കിയാരോ
പാറപ്പുറത്ത് മുളയ്ക്കാനിട്ടത്.  
      

Wednesday 2 October 2013

വന്യ മാനസം

മഞ്ഞ നിറത്തിലെ
കുറ്റി ചെടികൾക്കിടയിൽ
രണ്ടു കണ്ണുകൾ ജ്വലിച്ചു.
മുരള്ച്ചയുടെ മുഴക്കങ്ങളിൽ
പ്രകൃതി സ്നേഹി പോലെ
മനുഷ്യനോളം രക്തദാഹിയല്ലാത്ത
ഒരു കടുവ മാനസം കാടിൻറെ
പച്ചയിലേക്ക് ഓടി മറഞ്ഞു.
   

Tuesday 1 October 2013

ശവക്കച്ച

മൃത്യുവിൻ കൽപ്പടവുകളിൽ തട്ടി
തെറിച്ചു വീണണഞ്ഞു പോയൊരെൻ
ജീവന്റെ കൈ വിളക്കുമായി പോകവെ
തിരിഞ്ഞു നോക്കുന്നില്ല ഞാൻ തെല്ലുമെ,
നോക്കുകിലെൻ മിഴികളശ്രു തൂവി
കാഴ്ച മറച്ചവ്യക്തമാക്കാം നോവുകൾ.
ശിരസ്സിൽ പുല്ലു വളര്ന്ന് കാലുകൾ കല്ലിലമർന്നു
ദേഹം മരിച്ചു ദേഹിയകന്ന നിദ്രയിൽ
മഞ്ഞിന്റെ വെളുപ്പായിരുന്നു എന്റെ ശവകച്ചക്ക്.
സുഗന്ധ പുഷ്പങ്ങൾ വിതറിയത്
കല്ലറയിലേക്ക് കൊണ്ട് പോകുമ്പോൾ
പരിശുദ്ധ സ്നേഹത്തിന്റെ
കണ്ണുനീരാലതു നനഞ്ഞിരുന്നു.