Wednesday 28 August 2013

യമുനാ തീരെ

നിന്നെയോർമ്മിക്കുവാൻ മാത്രം
കഴിയുമെൻ ഹൃദയം ദ്രുത-
ഗതിയിൽ മിടിക്കുന്നതെന്തേ.
മടങ്ങുമെന്ന വാഗ്ദാനമേകി
മധുരക്ക് യാത്രയായയെൻ കൃഷ്ണാ
വർഷങ്ങളെത്രയായി ഞാനീ ചുവന്ന-
മണ്‍പാതയിൽ കാത്തു നിൽപ്പു.
കാക്കകൾ ദൂരത്തെവിടെയോ
കാട്ടുമരങ്ങളിൽ ചേക്കേറാൻ
പറക്കുന്ന സന്ധ്യാ വേളയിൽ
ഋതുക്കളുടെ വൈവിധ്യങ്ങളിൽ
മൂടുപടവും ധരിച്ച് മണ്‍പ്രതിമ കണക്കെ
നിശ്ചലയായി ഞാൻ നിൽക്കുമ്പോൾ
 യാദവരെന്നെ ഭ്രാന്തിയെന്നോതുന്ന-
വർതൻ കണ്ണിലീ പ്രേമമൊരു
ഉന്മാദലക്ഷണമെന്നെന്തെയറിയുന്നില്ല.
നീയൊരു യോദ്ധാവാണ്,
കർമ്മവും ജീവിത ശൈലിയുമാണ്‌,
ഞാനോ ഒരു വൈകാരിക സാമ്രാജ്യം
പിടിച്ചടക്കുന്നത് സ്വപ്നം കാണുന്നവളും.
പ്രേമം ഹ്രസ്വമായ ഒരിടവേള മാത്ര-
മെങ്കിലും നിനക്ക് പ്രിയരായ് രണ്ട്
പട്ടമഹിഷികളുണ്ടെന്നു ഞാൻ കേട്ടറിഞ്ഞു.
അവരുടെ ചിരിലാളനയിൽ നീ
സൂര്യൻ ചൂടാക്കിയ യമുനയെ മറന്നു,
നീല കടമ്പ് മരങ്ങളെ മറന്നു,
എന്റെ ശരീരത്തിൽ നിനക്കായി
അണിഞ്ഞ ചന്ദനവും മറന്നു.
ഒരു ഭൂതകാലാവശിഷ്ടമായി പഴങ്കഥയിൽ
മറഞ്ഞു പോവുന്ന കിനാവായി ഞാൻ.
എന്നിട്ടും ചന്ദ്ര രശ്മികൾ തിന്നു വളർന്ന
നിലാവിന്റെയീ വഴിയിലൂടൊരു നാൾ
എന്നുൾ ചിരാതിലൊരു ജീവനാളമായ്
നിന്റെ രഥചക്ക്രമുരുളുമെന്നും 
ഞാനാ വേണുവിലൊരു രാഗമായ്
മാറുമെന്നും വിശ്വസിച്ചു കാത്തു നില്ക്കുന്നു.

  
 

No comments:

Post a Comment