Wednesday, 9 April 2014

പ്രണയം


    
 പ്രണയം ഒരു കാലാവസ്ഥയാണോ,
 ഉണരുമ്പോൾ വസന്തം, ഉള്ളിൽ തുളുമ്പുമ്പോൾ വർഷം
അകലെയാകുമ്പോൾ ഗ്രീഷ്മം, ഓർമ്മകളിൽ ശിശിരം,
അതെ ഏതെങ്കിലുമൊരു ഋതുവിലല്ലാതെയെങ്ങിനെ ജീവിക്കും. 
അടുത്തും അകന്നും ഒരുമിച്ചു ചേർന്നും
ഉൾത്തുടിപ്പുകളെ ആർദ്രമാക്കിയും
ഉച്ച വെയിലിനെ നറു നിലാവാക്കിയും
പ്രാവുകളെപ്പോൾ കുറുകിയിരിക്കുന്നു,
മനസ്സിനെയൊരു മന്ദാരമാക്കി ചേർത്തുപ്പിടിയ്ക്കാൻ
വെമ്പുന്നപ്പോലെ ഓർമ്മയിൽ പണ്ടെന്നോ
 ഹൃദയത്തിന്റെ ഇതളുകളിൽ  പ്രണയത്തിന്റെ
 കടും ചുവപ്പ് തൊട്ട ആ പൂവ്.
നിർനിദ്രമായ രാവുകളിൽ ഭൂമിയും
മരച്ചില്ലകൾ കൊണ്ട് കൈകൾ കോർത്ത്‌
ഇലകൾ കൊണ്ട് കവിളുകൾ ചേർത്ത്
പൂക്കൾ കൊണ്ട് ചുംബിച്ച് പ്രണയത്തിന്റെ ഉൾച്ചൂടിൽ
തീതൈലം പോലെയെരിഞ്ഞു കൊണ്ടിരിയ്ക്കുന്നു.
വെയിൽപ്പൂക്കളെ പോൽ ജ്വലിച്ചും
നിശ്വാസങ്ങളിൽ സംഗീതമായ് അലയടിച്ചും
സിരകളിൽ ലഹരിയായ് പതഞ്ഞുയർന്നും
ഒരു കണ്ണിൽ നോവായും മറു കണ്ണിലലിവായും
തീവ്രമഗാധമാം മൗനത്തിൻ വേവുന്ന നെഞ്ചകം തന്നിലായ്
പ്രണയമൊരു കനൽപ്പൂവതിൻ സുഗന്ധമത്രെ
വെന്തെരിഞ്ഞൊരീ നീറ്റൽ,അതൊരു  വേളയൊരാളെ
 വിഡ്ഢിയും ഭ്രാന്തനുമാക്കുമ്പോൾ  പ്രണയം
  മരണത്തിനുമപ്പുറമാണ്, ഞാനതിലൊരു പൂമരമാവുന്നു.



 

























അർബുദം

കരളിലാളുന്ന കവിതയുമായി
നോവ്‌ പെയ്യുന്ന മിഴികളുമായി
മഹാമൗനത്തിൻ മരണമുറിയിലിന്നെന്റെ
കീഴടങ്ങും മുഖത്തെ തിരിച്ചറിയുന്നു ഞാൻ.
നിറവേറാത്ത നിലവിളി സഹനത്തിന്റെ
വൻകരകളിൽ ക്രോധമായലറിയടിക്കുന്നു.
ശിരസിലാഴുന്ന അർബുദലഹരിയിൽ
ചൊടികളിൽ കയ്പ്പ് നിറയുന്നു
വിണ്ട ഹൃദയത്തിൻ നാളമുലയുന്നു
പാപവിശുദ്ധിയിൽ പ്രാണൻ പിടയുന്നു.
ബലിചോറിനായ് വരൾചുണ്ട് പിളരവെ
കൈയുകൾ മാടി വിളിപ്പു പിതൃക്കൾ.
കരയാനും ചിരിക്കാനും കഴിയുന്നില്ല,
വിരമിക്കും ശരീരത്തിൻ നിസംഗത മാത്രം.
മുള്ള്കൊള്ളും തുടിപ്പുമായി
എന്നേ ഋതുക്കൾ ഒഴിഞ്ഞുപ്പോയ്
ഈ മുറിചാർത്തിൽ ഞാനേകയായ്
പൊരിയും നാവുമായ്
ചിതയായി കനലായി ചുടുച്ചാമ്പലാവാൻ
 ഹൃദിസ്ഥമാം കാലൊച്ച കാതോർത്തുകൊണ്ട്
മരണമെ നിന്റെ നിഴലു കാക്കുന്നു ഞാൻ.


     

                      

അർത്ഥം

ഒരു വരിപോലും കുറിച്ച് വയ്ക്കാതെ
എന്റെയുള്ളിൽ ഞാനെന്നേ മരിച്ചിരിക്കുന്നു.
ഓർമ്മകൾ തിന്നുത്തീർത്ത അഴുകിപ്പോയ
അനാഥജഡം പോലെ ജീവിതം മരവിച്ചു കിടന്നു.
ഉറുമ്പുകൾ നുരിച്ച്
ഗ്രീഷ്മം കൊത്തിത്തിന്ന കണ്‍ക്കുഴികളിൽ
ബാല്യവും  യൗവ്വനവും മുങ്ങിമരിച്ചിരുന്നു.
 ചുംബനത്തിന്റെ വെയിൽ വർദ്ധിച്ചിരുന്ന
ചുണ്ടുകൾക്കിടയിൽ അവസാനത്തെ കവിതയും
നെഞ്ചോളം ആഴ്ന്നിറങ്ങി ശ്വാസമറ്റ്
നീലിച്ചു കിടന്നിരുന്നു.
ദുഖത്തിന്റെ ചക്രവർത്തിനി ഞാൻ
കരച്ചിലുകൾക്ക് ചിറകടിയൊച്ചകൾ നഷ്ട്ടപ്പെടുന്ന
ഈ നിമിഷത്തിന്റെ അനാഥത്വത്തിൽ
സ്വപ്ന ഗ്രന്ഥികൾ മുറിഞ്ഞ് അഗ്നികൾ വമിക്കുന്ന
സംഗീതത്തിന്റെ ലഹരിയും കഴുത്ത് ഞെരിക്കപ്പെട്ട്
തൊണ്ടക്കുള്ളിൽ തണുത്തുറഞ്ഞു കിടന്നിരുന്നു.
എന്നിട്ടും നനവ്‌ വറ്റി ചോര നാറുന്ന
വരണ്ട ജീവിതം ബാക്കിയാവുന്നു,
നീക്കി വച്ചൊരർത്ഥം പോലെ
വ്യർത്ഥമോഹങ്ങൾക്ക് കൊത്തിപ്പറിക്കുവാൻ.

         
         

സൂര്യനെ അണിഞ്ഞ സ്ത്രീ

എന്റെ മനസ്സ്
മൗനത്തിന്റെ മൃതദേഹമല്ല.
വരൾച്ചയുടെ വിരലുകളോ
ശുഷ്ക്ക ലിപികളോ
വേദനയുടെ കനൽച്ചില്ലകളോ
എന്നിലില്ല.
എന്റെ നിശ്വാസങ്ങളിൽ
കൊടുങ്കാറ്റിന്റെ ആരവങ്ങളില്ല
കാലവർഷത്തെ കഴുത്തിലണിഞ്ഞ്
കാലുകളിൽ കടലുകൾ ചിലമ്പുന്നില്ല.
എന്നിട്ടും അനിശ്ചിതത്തിലേക്ക് തുറക്കുന്ന
സ്മരണകളുടെ നദിവേഗങ്ങളിൽ
വിയർത്തൊഴുകുന്ന പകലുകളോട് സൂര്യൻ
 ക്രുദ്ധനായി സംസാരിച്ചു കൊണ്ടു നില്ക്കുന്നു.
ഇന്നെനിക്കറിയാം ജീവിതത്തിന്റെ തീവെയിലിലെ
പ്രഭാമയമായ സ്വപ്നങ്ങളിൽ നിന്ന്
ആ സൂര്യനെ അണിഞ്ഞ സ്ത്രീ ഞാനായിരുന്നു,
 
          

Tuesday, 8 April 2014

ജാലകം

പകുതി തുറന്നിട്ട ജാലകത്തിനപ്പുറം
പാതി തെളിയുന്ന ശൂന്യാകാശം.
ദുഖമെന്നോ സുഖമെന്നോ
വ്യത്യാസമില്ലാതെ അണഞ്ഞുപോയ 
തെരുവുവിളക്കുകൾ
മങ്ങുന്ന കണ്ണിൻ മുന്നിൽ
ഒന്നും തെളിയിക്കാത്ത ലോകം.
വാക്കും അർത്ഥവുമില്ലാത്ത
ഇരുണ്ട നിശബ്ദതയിലെ
കണ്ണുനീരിന്റെ കരിങ്കടലിൽ നിന്ന്
മുങ്ങിയെടുത്ത ശംഖ് പോലെ
നിലാവ് കൊത്തിപ്പറിച്ചൊരെൻ മനം
നെറ്റിയിൽ പൊള്ളുന്ന നെഞ്ച് ചേർത്ത്
ആത്മാവിലെത്തീക്കട്ട മാത്രമെരിച്ച്‌
പാതി മയക്കത്തിലെന്റെ നിശ്വാസത്തിൽ
ഉരുക്കു മൂർച്ചയേറിയ സ്നേഹത്താൽ
തിരസ്ക്കരിക്കപ്പെട്ട യൗവ്വനത്തിന്റെ
ഏതോ പിയാനോ വിതുമ്പുന്നു.
             

Sunday, 30 March 2014

ഇടനാഴി

മരണമാരംഭിക്കുംപ്പോലെ
നീയെന്നെ വിട്ടുപോവുകിൽ
പഴുത്ത ചുമരുകളിൽ
ഞാൻ കോറിയിട്ട ദുഖങ്ങളെ തഴുകി
വിധിയെന്നുരിയാടി ഞാനുമുറങ്ങട്ടെ.
എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം
മൗനമെന്ന ശൂന്യതയുടെ നീണ്ടൊരീ
വേനൽക്കാറ്റിൻ ഇടനാഴി മാത്രം.
ഇനി നാം മടങ്ങുമ്പോൾ
തിളച്ചു മറിയുന്ന ഓർമ്മകളുടെ
നനുത്ത മേഘങ്ങളിൽ
ഒരു ചാറ്റൽമഴയായി ഞാൻ
നിന്നിലേക്ക്‌ പെയ്ത്
 നിന്നിലൂടൂർന്നു വീണ്
ഈ ഭൂമിയിൽ വറ്റിത്തീരും.
എന്നിൽ മുളച്ചുപൊന്തുന്ന
 പുതുനാമ്പുകളിലൂടെ
ചിന്നുന്ന തേങ്ങലുകളില്ലാതെ
ഒരു നിനവിലിടി വെട്ടി
ഉടലുറവ പെയ്യുന്ന പ്രണയമായ്
എന്നും തളിർത്തു നില്ക്കും. 
 

   
        

Saturday, 29 March 2014

ശലഭ മഴ

കൃഷ്ണവേണുവിൽ
 ഞാൻ ശ്യാമമേഘങ്ങൾ
 പെയ്ത ശലഭ മഴ,
കദനങ്ങൾ
നിൻ മെയ്യിൽ ഞാൻ
 ചാർത്തും കളഭങ്ങൾ.
 മോഹങ്ങൾ
നൂറു കാതരജന്മങ്ങൾ
തേടും മയിൽ‌പ്പീലി
തുണ്ടായി മുടിചുരുൾ
കെട്ടിലൊളിക്കുവാൻ .
പുനർജന്മം
നിന്നിൽ തിരയുമൊരു
കൗസ്തുഭ പുണ്യം.