Google+ Badge

Saturday, 10 September 2016

മിന്നാമിനുങ്ങുകൾ

മഴ മേഘങ്ങളുടെ കാവൽക്കാരാ
തണുപ്പിനേക്കാൾ തണുത്ത
വിരലുകൾ കൊണ്ടോമനിച്ച്‌
എന്നിൽ നിന്നൊരു
കുഞ്ഞു ചാറ്റൽ മഴയെ
ചുരത്തിയെടുക്കുക,
അലിഞ്ഞലിഞ്ഞു പോകും മുൻപ്
ഓരോ തുള്ളിയിലും ഓരോ
മഴവില്ലു വിരിയിച്ചെടുക്കുക,
രാത്രിയുടെ തൂവൽ കൊണ്ട്
ഒരു സിത്താറിനും മറക്കാനാവാത്ത
പ്രണയത്തിന്റെ ഭാസുരീ രാഗങ്ങൾ മീട്ടി
എന്റെ കവിതയ്ക്കു ചിലങ്കയാവുക,
ഒരു വാക്കിന്റെ കല്ല് വന്നു കോറി
നെഞ്ച് മുറിയുന്നു.
തിരകളായി പൊട്ടിയഴിഞ്ഞു പോയ
കരച്ചിലുകളെ നെറ്റിയിലൊരുമ്മ
കൊണ്ട് കുളിർപ്പിക്കുക,
അപ്പോൾ.....
സ്വപ്നങ്ങളുടെ മിന്നാമിനുങ്ങുകൾ
പറന്നു പോകാതിരിക്കാനായി
ഒരുമാത്ര ഞാനെന്റെ കണ്ണുകളടയ്ക്കാം.