Google+ Badge

Tuesday, 24 May 2016

മൃതസഞ്ജീവനി

ദ്രവിച്ചു പോകാത്ത ഓർമ്മകളുടെ
ഭൂത കാലങ്ങളിൽ നിന്നും
നിന്നെ ഞാൻ കണ്ടെടുക്കുമ്പോൾ
നീയൊരു അഗ്നി ശില.
അവസാനത്തെ അതിർത്തികളും
ആകാശവും കടന്ന്
പലായനം ചെയ്യാൻ വെമ്പുന്ന
നിന്റെ നോവുകളുടെ
തീരാ വ്യഥകളിൽ
ഉരുകിയെരിഞ്ഞ സന്ധ്യകൾ,
ജീവിത യുദ്ധകാണ്ഡങ്ങളിൽ
അറ്റുപോയ ഹൃദയ രേഖകൾ,
ഋതുക്കളുടെ തേരോട്ടമില്ലാതെ
നിശ്ചലമായ നീരൊഴുക്കുകൾ,
കണ്ണുകളിൽ കുടിച്ചു വറ്റിച്ച
തീ തടാകങ്ങൾ,
ശ്വാസങ്ങളിലെ ആകുലതകളുടെ
ചുഴി വേഗങ്ങൾ,
ചുടുകാറ്റ് ഊതിയൂതി പഴുപ്പിച്ച
ഈന്തപ്പഴത്തിന്റെ
മാധുര്യമുള്ള മുറിവുകൾ എല്ലാം
ചേതനയുടെ ചിറകുകൾ
കുഴഞ്ഞു വീഴും മുൻപേ
ഇനിയെന്റെ താഴ്വാരങ്ങളിലെയ്ക്ക്
കുടഞ്ഞെടുക,
ഇരു മൗനങ്ങളെങ്കിലും
ഇന്ന് നാമറിയുന്നു,
ജീവന്റെ മൃതസഞ്ജീവനി പോലെ
നമ്മുക്കിടയിലൊരു
കടൽ പൂവിട്ടിരിയ്ക്കുന്നു.