Tuesday, 22 March 2016

രാത്രിയിലെ ആകാശത്തിലേയ്ക്ക്
ഞാനെന്റെ ജാലകങ്ങൾ തുറന്നിട്ടു.
മഞ്ഞു കണങ്ങൾ പറ്റിനിൽക്കുന്ന
മുഖവുമായി നിലാവ്
മുറിയിലേയ്ക്ക് എത്തിനോക്കുന്നു.
നക്ഷത്രങ്ങളുടെ പുഞ്ചിരിയിൽ
ഓർമ്മകളും,വർഷങ്ങളും,
ദുഖങ്ങളും നിറയുന്നു.
കടലിനു മീതെ മേഘങ്ങളെ
കീറിമുറിച്ച് വീശി പറക്കാൻ
മനസ്സ് ചിറകുകളാവുന്നു.
രാത്രിയുടെ ഗർഭ തടങ്ങളിൽ
ഋതുക്കൾ മാറുമ്പോൾ
ജാലകമിരുളുന്നു.
അടയുന്ന വാതിലിനു പിന്നിൽ
കണ്ണീരിൽ കുതിർന്ന ചന്ദ്രമുഖം.
കണ്ണികൾ അറ്റ
കാലത്തിന്റെ അസ്ഥിരതയിൽ
കണ്ണുകളിൽ ഇപ്പോഴും
ഒരു നനവ്‌ ബാക്കി നില്ക്കുന്നു.
ചിലപ്പോഴെങ്കിലും മൌനത്തിന്
മൊഴികളെക്കാൾ ഒരുപാട്
കഥകൾ പറയാൻ കഴിയും.

No comments:

Post a Comment