ദാരിദ്ര്യവും ആകുലതകളും നിറഞ്ഞ
സങ്കട ദേഹങ്ങളെ പുരുഷൻ
അനുകമ്പയുടെ ചെരിപ്പ് പുറത്ത് ഊരിവച്ച്
പ്രാപിക്കാനെത്തുന്നയിടം.
ഇല്ലാത്ത കാമം ഉണ്ടെന്നു വരുത്തി
വരണ്ട മനസ്സുമായി നിത്യവൃത്തി കഴിക്കുന്നവർ.
കറ വീണ ജീവിതത്തിന്റെ ഇരുളടഞ്ഞ ചുവരിനുള്ളിൽ
സ്ത്രീ വ്യഭിചാരത്തിന്റെ മാംസ ശരീരം മാത്രമായി-
കൊത്തി വലിയ്ക്കപ്പെടുന്നു.
കൈകാലുകളിൽ അദൃശ്യമാം പാരതന്ത്ര്യത്തിൻ
തുടലുകളുമായവൾ ജനിയ്ക്കുന്നു.
അപ്രാപ്യമാം വെണ്‍മേഘങ്ങൾ നീന്തിയലയും
നീലാകാശം തൊടാൻ കൊതിക്കുന്ന സ്വപ്‌നങ്ങൾ,
സർഗ്ഗ ശക്തികളുടെ ചേതനകൾ വിലക്കുകളുടെചലനങ്ങളിൽ
മുറുകിയവളൊരു വ്യക്തിയല്ലാതായി മറയുന്നു.
അപഹാസ്യയാം ആജ്ഞാനുവർത്തി നീ
വേവും നീറ്റലും ഹൃദയമൊരു മെഴുകുപ്പോലുരുകി-
ദേഹിയില്ലാ ദേഹമായ് പുകമറയ്ക്കുള്ളിലെങ്കിലും
അകമെ ഇനിയുമുണ്ട് ചാരം മൂടിക്കിടക്കും കനലുകൾ-
ഉദിയ്ക്കാതെയുഴറുന്ന സൂര്യ താപങ്ങൾ.
No comments:
Post a Comment