Tuesday, 4 November 2014

മരം പെയ്യുമ്പോൾ

മരം പെയ്യുമ്പോൾ
 കണ്ണുകൾ തുറക്കാതിരിക്കാം
ഇറ്റു വീഴുന്ന വെള്ളത്തുള്ളികളിൽ
മറന്നു വച്ചൊരോര്മ്മ പുസ്തകം
അഗ്നിയാളുന്ന ചുംബനങ്ങൾ കാത്തു കിടക്കുന്നു.
ദാഹത്തിന്റെ വേനലറുതിയിൽ
 നനവിന്റെ ചുടു നിശ്വാസങ്ങളുടെ മണം.

മരം പെയ്യുമ്പോൾ
ചക്രവാളത്തിൽ കടലിനെ
കൈകോർത്ത് പിടിക്കുന്നു മേഘങ്ങൾ. 
മണൽപ്പരപ്പിൽ മുന്നോട്ടും പിന്നോട്ടും
ആദ്യന്തമില്ലാതെ നീളുന്ന വഴിയിൽ
വിരലുകൾ കൂടുതൽ ചേർത്തു പിടിക്കുന്നത്‌
പരസ്പരം ത്രസിപ്പിക്കുന്ന തിരിച്ചറിയലാണ്.

മരം പെയ്യുമ്പോൾ
ഓർക്കാപ്പുറത്ത് ഉരുൾപ്പൊട്ടലിന് മുൻപുള്ള
മൗനത്തിന്റെ ഇരുണ്ട ഇടനാഴിയിൽ
ഓക്കുമരവും സൈപ്രസ് വൃക്ഷവും പോലെ നമ്മൾ
ചില്ലകളിൽ ചില്ലകളുരുമ്മി സ്വയം വിസ്മരിച്ച്
തിരിഞ്ഞ് പോകാനൊരുങ്ങുന്ന ഹൃദയത്തിന്റെ
ചിറകടികളിൽ കുരുങ്ങിവീഴുന്നു.
വിയർപ്പും കണ്ണീരും രക്തവും ഇഴുകി പിടിച്ച -
മിഴികളിൽ കരിഞ്ഞു പോകുന്നതൊരു കിനാവല്ല
വിറ കൊള്ളുന്ന നീല നക്ഷത്രങ്ങളുടെ തിളക്കങ്ങളാണ്.

മരം പെയ്യുമ്പോൾ
മദ്ധ്യാഹ്നങ്ങൾ വീണുരുകുന്ന
മണൽപ്പാറകളിലൊളിച്ച വിത്തുകൾക്കുള്ളിൽ
അണക്കെട്ടാനാവാത്ത ഹരിതത്തിന്റെ
മഹാ സമുദ്രം ഇരമ്പിയാർക്കുന്നു.
ജനി മരണങ്ങൾ കെട്ടിപ്പുണരുന്നു. 

മരം പെയ്യുമ്പോൾ
വസന്തങ്ങൾ വറ്റിമറഞ്ഞ് മഞ്ഞു മൂടിയ
മനസ്സിന്റെ ഉണങ്ങാത്ത മുറിവുകളിൽ
ഗ്രീഷ്മ സങ്കടം ചുരത്തിയ കണ്ണീരൊഴുക്കുകൾ.
 പക്ഷികൾ വറ്റിപ്പോയ മരക്കൊമ്പുകളിൽ
 ചുവന്ന ചോര നാമ്പുകൾ വരണ്ട പേനയിൽ നിന്നും    
ബലിക്കല്ലിലേക്ക് കവിത ചുമക്കുന്നു .







         
    
 

No comments:

Post a Comment