Monday, 24 November 2014

,I did not die.

I am thousand winds that blow
I am the diamond glints on snow
I am the sunlight on ripened grain.
I am the gentle autumn rain.
when you awaken in the morning rush
I am the swift uplifting rush of quiet-
birds of circling flight.
I am the soft star that shines at night.
Don't stand at my grave and cry
I am not there,I did not die.

Wednesday, 5 November 2014

സൂര്യകാന്തി

സൂര്യകാന്തി
സൂര്യന്റെ പ്രണയം
തേടി വന്നവൾ.
പകൽ മുഴുവൻ
അവർക്കൊരെ മനസ്സാണ്.
സൂര്യൻ ഉമ്മ വച്ച് തുടുപ്പിച്ച
പൂവിതളുകളിൽ
തൊട്ടു നോക്കുന്ന കാറ്റിനറിയാം
ഇരുളിലും ഇനിയും
 തണുക്കാത്തപ്രണയ ചൂട് .




വിൽക്കാനുണ്ട് ദൈവങ്ങൾ

ഇടുങ്ങിയ വഴികളും തിരക്കുള്ള തെരുവുകളും,
വഴിയോരം നിറയെ പണിശാലകൾ.
മനസ്സിൽ ആവാഹിച്ചെടുത്ത ദൈവരൂപങ്ങളെ
കൈവിരലാൽ ഉയിർ കൊള്ളിക്കുന്ന ശിൽപികൾ.
സർഗ്ഗാത്മകതയും ഉന്മാദവും ചേർത്ത്
ഏഴ് ദിവസവും ദൈവങ്ങളെ സൃഷ്ടിക്കുന്നു.
ഒരുപ്പാട്‌ ദേവതകൾക്ക് ജന്മം കൊടുക്കേണ്ടതുണ്ട്.
അപൂർണ്ണ രൂപങ്ങളും മുഖമില്ലാത്ത ദേഹങ്ങളും
അങ്ങിങ്ങ് ചുട്ടി കുത്താൻ കാത്തു കിടക്കുമ്പോൾ
 ദാരിദ്ര്യത്തിന്റെ വേവും ചൂടും കൈപ്പണികളിലുണ്ട്.
കളിമണ്ണിൽ കണ്ണീരും കഷ്ടപ്പാടും ചേർത്ത്
അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന  യഥാർത്ഥ ദൈവങ്ങൾ-
നിങ്ങളീ മാനവരെന്നറിയുന്നു ഇന്ന് ഞാൻ.    
     



സ്ത്രീ

ചുവന്ന തെരുവ്
ദാരിദ്ര്യവും ആകുലതകളും നിറഞ്ഞ
സങ്കട ദേഹങ്ങളെ പുരുഷൻ
അനുകമ്പയുടെ ചെരിപ്പ് പുറത്ത് ഊരിവച്ച്
പ്രാപിക്കാനെത്തുന്നയിടം. 
ഇല്ലാത്ത കാമം ഉണ്ടെന്നു വരുത്തി
വരണ്ട മനസ്സുമായി നിത്യവൃത്തി കഴിക്കുന്നവർ.
കറ വീണ ജീവിതത്തിന്റെ ഇരുളടഞ്ഞ ചുവരിനുള്ളിൽ
സ്ത്രീ വ്യഭിചാരത്തിന്റെ മാംസ ശരീരം മാത്രമായി-
കൊത്തി വലിയ്ക്കപ്പെടുന്നു.
കൈകാലുകളിൽ അദൃശ്യമാം പാരതന്ത്ര്യത്തിൻ
തുടലുകളുമായവൾ ജനിയ്ക്കുന്നു.
അപ്രാപ്യമാം വെണ്‍മേഘങ്ങൾ നീന്തിയലയും
നീലാകാശം തൊടാൻ കൊതിക്കുന്ന സ്വപ്‌നങ്ങൾ,
സർഗ്ഗ ശക്തികളുടെ ചേതനകൾ വിലക്കുകളുടെചലനങ്ങളിൽ
 മുറുകിയവളൊരു വ്യക്തിയല്ലാതായി മറയുന്നു.
അപഹാസ്യയാം ആജ്ഞാനുവർത്തി നീ
വേവും നീറ്റലും ഹൃദയമൊരു മെഴുകുപ്പോലുരുകി-
ദേഹിയില്ലാ ദേഹമായ് പുകമറയ്ക്കുള്ളിലെങ്കിലും
അകമെ ഇനിയുമുണ്ട് ചാരം മൂടിക്കിടക്കും കനലുകൾ-
ഉദിയ്ക്കാതെയുഴറുന്ന സൂര്യ താപങ്ങൾ.      




    
              

Tuesday, 4 November 2014

സാമ്രാജ്യം

കാലപ്പഴക്കം കൊണ്ട് ഉറച്ചു പോകുന്ന
ഒരു ശീലം മാത്രമാണ് വിവാഹം.
വെയിൽ കത്തുന്ന മിഴികളിൽ
സ്ത്രീകളുടെ മുഖമില്ലാതിരുളുന്ന രൂപങ്ങൾ. 
ജീവിതം വർഷങ്ങൾ താണ്ടിയതിന്റെ ക്ഷീണം
വേലിയേറ്റത്തിൽ അടിച്ചുയരുന്ന തിരമാലകൾ പോലെ
എന്തൊയൊന്ന് മനസ്സിനെ വന്നു മുക്കി കളയുന്നു.
വേണമെങ്കിലും വേണ്ടെങ്കിലും സ്ത്രീയുടെ -
നഗ്നശരീരത്തിലൊരു അനുഷ്ഠാന കലയായി കാമം രതി-
കുട്ടികൾ പിന്നെ ഒത്തുതീര്പ്പുകളുടെ സാമ്രാജ്യവും.
ഇതിൽ എവിടെയാണ് ഒഴുകി നിറയാൻ കൊതിച്ച്
വറ്റിപ്പോയ പ്രണയത്തിന്റെ നീലിച്ച നദികൾ. 







 


ഒരു നക്ഷത്രം

സ്നേഹംഅങ്കുരിക്കുമ്പോഴെ തൃപ്തമാണ്.
അതിന് ഒന്നും തന്നെ ആവശ്യമില്ല .
സ്നേഹിക്കപ്പെടണമെന്ന് പോലുമില്ല.
ഒരു നക്ഷത്രം മതി അതിനൊരു
 രാവ് കഴിച്ചുക്കൂട്ടാൻ.
കണ്ണടച്ചുള്ള ഒരു ചിരിയുടെ ഓർമ്മ മതി
അതിനൊരു ജന്മം കഴിച്ചുക്കൂട്ടാൻ.









അന്ധകാരം

സാക്ഷരതയ്ക്കുമേൽ
മൂഡവിശ്വാസങ്ങളുടെ
കനത്ത അന്ധത കരുക്കൾ കൊണ്ട്
ജീവിതത്തെ വെട്ടിനിരത്തുന്നു.
മന്ത്രവാദക്കളങ്ങളിൽ മാന്ത്രീക-
കണ്‍കളെരിഞ്ഞു ജീവനൊടുങ്ങി,
 കേരളം കിരാത  വളർച്ച നേടുന്നു.
നടുങ്ങുന്നു മനം മരണത്തിൽപ്പോലും
കണ്ടറിയുന്നതില്ല വിജ്ഞാനികളാം
അഞ്ജാനികളായ് മാറും മർത്യൻ.            


മരം പെയ്യുമ്പോൾ

മരം പെയ്യുമ്പോൾ
 കണ്ണുകൾ തുറക്കാതിരിക്കാം
ഇറ്റു വീഴുന്ന വെള്ളത്തുള്ളികളിൽ
മറന്നു വച്ചൊരോര്മ്മ പുസ്തകം
അഗ്നിയാളുന്ന ചുംബനങ്ങൾ കാത്തു കിടക്കുന്നു.
ദാഹത്തിന്റെ വേനലറുതിയിൽ
 നനവിന്റെ ചുടു നിശ്വാസങ്ങളുടെ മണം.

മരം പെയ്യുമ്പോൾ
ചക്രവാളത്തിൽ കടലിനെ
കൈകോർത്ത് പിടിക്കുന്നു മേഘങ്ങൾ. 
മണൽപ്പരപ്പിൽ മുന്നോട്ടും പിന്നോട്ടും
ആദ്യന്തമില്ലാതെ നീളുന്ന വഴിയിൽ
വിരലുകൾ കൂടുതൽ ചേർത്തു പിടിക്കുന്നത്‌
പരസ്പരം ത്രസിപ്പിക്കുന്ന തിരിച്ചറിയലാണ്.

മരം പെയ്യുമ്പോൾ
ഓർക്കാപ്പുറത്ത് ഉരുൾപ്പൊട്ടലിന് മുൻപുള്ള
മൗനത്തിന്റെ ഇരുണ്ട ഇടനാഴിയിൽ
ഓക്കുമരവും സൈപ്രസ് വൃക്ഷവും പോലെ നമ്മൾ
ചില്ലകളിൽ ചില്ലകളുരുമ്മി സ്വയം വിസ്മരിച്ച്
തിരിഞ്ഞ് പോകാനൊരുങ്ങുന്ന ഹൃദയത്തിന്റെ
ചിറകടികളിൽ കുരുങ്ങിവീഴുന്നു.
വിയർപ്പും കണ്ണീരും രക്തവും ഇഴുകി പിടിച്ച -
മിഴികളിൽ കരിഞ്ഞു പോകുന്നതൊരു കിനാവല്ല
വിറ കൊള്ളുന്ന നീല നക്ഷത്രങ്ങളുടെ തിളക്കങ്ങളാണ്.

മരം പെയ്യുമ്പോൾ
മദ്ധ്യാഹ്നങ്ങൾ വീണുരുകുന്ന
മണൽപ്പാറകളിലൊളിച്ച വിത്തുകൾക്കുള്ളിൽ
അണക്കെട്ടാനാവാത്ത ഹരിതത്തിന്റെ
മഹാ സമുദ്രം ഇരമ്പിയാർക്കുന്നു.
ജനി മരണങ്ങൾ കെട്ടിപ്പുണരുന്നു. 

മരം പെയ്യുമ്പോൾ
വസന്തങ്ങൾ വറ്റിമറഞ്ഞ് മഞ്ഞു മൂടിയ
മനസ്സിന്റെ ഉണങ്ങാത്ത മുറിവുകളിൽ
ഗ്രീഷ്മ സങ്കടം ചുരത്തിയ കണ്ണീരൊഴുക്കുകൾ.
 പക്ഷികൾ വറ്റിപ്പോയ മരക്കൊമ്പുകളിൽ
 ചുവന്ന ചോര നാമ്പുകൾ വരണ്ട പേനയിൽ നിന്നും    
ബലിക്കല്ലിലേക്ക് കവിത ചുമക്കുന്നു .