Wednesday, 11 June 2014

കവിതകളിൽ ജീവിക്കുന്നവൾ

മുളയിലും വിളയിലും മണ്‍പശിമയിലും
സൂര്യന് താഴെ മരണത്താൽ ചുറ്റപ്പെട്ട
എന്റെ ജീവിതത്തിനു നടുവിൽ
കവിതകളുടെ ഒരു ഉദ്ധ്യാനം.
ഒരു വരി പോലും കോറിയിടാതെ
ഇവിടെ പ്രവേശിക്കാൻ
കാലം പോലും ധൈര്യപ്പെടുന്നില്ല. 
 അഗ്നിനാളങ്ങളെ ചുംബിക്കുന്ന വേദനയുടെ
 സൃഷ്ടികളിൽ തീക്ഷ്ണമായ ഏകാന്തതയുടെ
ലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നുരഞ്ഞു പതയുന്നു.
ഒരു കണ്ണിൽ വിശ്വാസവും മറുകണ്ണിൽ ദൈന്യവുമായി
ഇനിയെത്ര നാൾ ഞാൻ പിടിച്ചു നില്ക്കും.
സമയം ജീവനെയും കൈയെഴുത്ത് പ്രതികളെയും
ഒരുമിച്ചാക്രമിക്കുമ്പോൾ ആത്മാവിൽ തറയ്ക്കുന്ന
ചിറകടിയൊച്ചകൾ മേഘങ്ങളെ തൊടുന്നു.
ഇടിമിന്നലുകൾക്ക് കീഴിൽ ഒളിച്ചിരിക്കാൻ ഞാൻ 
പൂവും തണലും കനിയും പാമ്പും പ്രതീകങ്ങളിൽ
താമസമാക്കിയ കവിതകാട്ടിലൊരക്ഷരമായി.
നെടുവീർപ്പുകൾക്കിടയിൽ ഓർമ്മയുടെ നെടുമ്പാത. 
അതിൽ വീഴുന്നു ചോര ഞരമ്പുകൾ അമർന്നൊരു കരച്ചിൽ.
കലങ്ങിയൊലിക്കുന്ന മനം തിരയുന്നു
തേങ്ങി മറയാനൊരു നിലവറ .
മരണം പോലൊരു വാക്കില്ലാ വെള്ളക്കടലാസ്സ്.
വിറയ്ക്കുന്ന കൈകളിൽ നിന്നും ശൂന്യതയുടെ ആ താൾ
നക്ഷത്രങ്ങളെക്കാൾ ദൂരേക്ക്‌ കാറ്റിലൂടൂർന്നു പോയി.




                  

No comments:

Post a Comment