Wednesday, 11 June 2014

ഒരു ഭ്രാന്തദർശനങ്ങൾ

പ്രപഞ്ചത്തിന്റെ പൊരുൾ തേടിയുള്ള
യാത്രയിൽ ഉത്തമബോധ്യത്തോടെയാണ്
ഞാൻ ഉന്മാദ ലവണം മോന്തി കുടിച്ചത്.
അപ്പൂപ്പൻ താടി പോലെ പറന്നു നടന്ന
മറവിയുടെ മധുരം കിനിയുന്ന  മതിഭ്രമം   
ഭൂമിയെ ചങ്ങലയ്ക്കിടാതിരിക്കാനായി
സ്വയം ഭ്രാന്തനെന്നോതി എന്നിലേയ്ക്ക്
ഏറ്റു വാങ്ങുമ്പോൾ നിസ്സാരതയും
നിരർത്ഥകതയും നിറഞ്ഞ മനുഷ്യാവസ്ഥയെ
കല്ലുരുട്ടലിന്റെ ഭ്രാന്തകലയാക്കി മാറ്റുന്നു നിങ്ങൾ.
മടുപ്പിന്റെ പ്രഭാതങ്ങളിൽ മലമുകളിൽ നിൽക്കുമ്പോൾ
സൂര്യൻ കൈയെത്താ ദൂരത്തൊരു മാമ്പഴമാവുന്നു.
ഭ്രാന്തദർശനങ്ങൾ വഴിപ്പെടാത്ത മനുഷ്യയുക്തിയിൽ
മൂത്ത് വിളഞ്ഞയീ ഉന്മാദവന്യത നാളെ ജയിക്കുമോ
എന്നറിയില്ലയെങ്കിലും രാവിലെ മുതൽ ഭൂമിയെ
വലയം ചെയ്ത് അന്തിക്ക് കടലിൽ ചാടുന്ന
സൂര്യകുസൃതി പോലെ ഞാനും ഭ്രാന്തിന്റെ
ഊർജ്ജം ഉരുട്ടി കയറ്റി ചിരിക്കുന്നു.  

 
    

No comments:

Post a Comment