Tuesday, 10 September 2013

മരുപ്പച്ച

വിജനമായ വെളുത്ത ഭൂമിയിലെ ഉപ്പു-
കൂനകൾ നിറഞ്ഞ മണൽ  മുഖങ്ങളിൽ
 മരുപ്പച്ച തേടുന്ന നിഴലുകൾ
വിദൂരതയിലൊരു മരീചികയായ്
ആകാംഷയുടെ കാൽപ്പാടുകളിൽ
കുടുങ്ങി പോകുന്ന മനസ്സ് ഒരിറ്റു
 വെള്ളത്തിനായ്‌ കേഴുന്ന തൊണ്ട-
കുഴിയുമായൊരു സാഗരം
നീന്തി കയറാനുഴലാവേ
വർഷക്കാലത്തെ കിണറുകൾപ്പോൽ
വെള്ളം നിറഞ്ഞത്‌ കണ്ണുകളിൽ മാത്രം.
ചുറ്റിനും ഒരു കോടി സൂര്യന്മാർ
ഉരുകിയുരുകി ആകാശം തൊടുന്നു.
 ഇത്തിരി തണലിനായി മിഴികൾ ദേശാടന
പക്ഷികളെപ്പോൽ അലഞ്ഞു നടന്നു.
തണലേകിയത് വെയിലിന്റെ
കനൽ ചില്ലകളായിരുന്നു.
വറ്റാൻ ബാക്കിയായ ഉറവകൾ
മാന്തളിർ നിറത്തിൽ ഭൂപടങ്ങളായ്
അവിടവിടെ തെളിഞ്ഞു മായുമ്പോൾ
നരച്ച പച്ചപ്പിന്റെ തുള്ളികൾ കാറ്റ് 
 വരച്ച മണൽക്കുഴിക്കുള്ളിൽ മറയുന്നു.   
       
   
   

 

No comments:

Post a Comment