Monday, 2 September 2013

കന്നി മഴ

മിന്നാമിന്നികളെങ്ങോ പോയൊളിച്ച്
നിശ്ചലമായ രാത്രിയിൽ ഇമ്പമുള്ള
കിലുക്കങ്ങളുടെ ചിലമ്പണിഞ്ഞ്
നിർവൃതിയുടെ കുളിരണിഞ്ഞു
 പ്രിയതരമായ രാത്രി മഴയുടെ ശബ്ദം.
കന്നി മഴതുള്ളികളുടെ പ്രകമ്പനത്തിൽ
ഭൂമി പൊട്ടിയ ദാഹിച്ചു വരണ്ട മണ്ണ്
താഴെ വീഴുന്ന ഓരോ തുള്ളിയും
അപ്പപ്പോൾ തന്നെ കുടിച്ചു തീർക്കുന്നു
ഊർവരതയുടെ മുലപ്പാൽ നുണയുന്ന
കുട്ടിയെപ്പോലെ ഇനിയുമിനിയുമെന്നത്
മഴനൂലുകൾക്കായി നാവു നീട്ടുന്നു.
സൂര്യ താപത്തിൽ പൊള്ളിപ്പോയ നാളുക-
ളുടെയും വിണ്ടു കീറിയ മുഖത്തിന്റെയും
ഓർമ്മകളിൽ മണ്ണ് കുതിർന്ന മോചനത്തിന്റെ
നനവിലൊരു വശ്യഗന്ധം മനസിനെ ചൂഴ്ന്നു.
ഉടലിൽ കാമൻ തൊടുത്തോരായിരം അമ്പുകൾ
പോലെയത് വന്നു തൊടുന്നു ഉള്ളിലെക്കൂർ-
ന്നിറങ്ങി ഇന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്നു.
അതിജീവനത്തിന്റെയും മന ശാന്തിയുടെയും
മന്ത്രം പോലെ വേനലിനെ മറികടന്ന ജീവന്റെ
ഉയർത്തെഴുന്നേൽപ്പിന്റെ ആനന്ദം. 
          

No comments:

Post a Comment