Monday, 30 September 2013

പാഴ്മുളംതണ്ട്

കാട്ടിലൊരു പാഴ്മുളംതണ്ടായ്
കിടക്കുന്നതിലെത്ര ഭേദമീ
കരൾ കീറും വേദന സഹിച്ചു
തുളകളിട്ടൊരൊടക്കുഴലായ്
തീര്ന്നു ശൂന്യമതിലൊരു
രാഗമായ് മാരുകിൽ സംഗീതം
കാറ്റ് കൊണ്ടുവന്നു തരും.
കാലം നിലച്ച പോലൊരു മാസ്മരികത
ചൂഴ്ന്നു നില്ക്കുന്നുവേന്നൊരു തോന്നലായ്
കാല്പനീകതയുടെ ചന്തം
ചാര്ത്തിയെടുത്ത്ത ഈറകുഴലാവുകയായ്
വെയിൽ നാളങ്ങളുമ്മ വച്ചുരുക്കിയെടുത്ത്ത
നീര്ത്തുള്ളിയിലടര്ന്നു പോയൊരെൻ ഹൃദയം.

Sunday, 22 September 2013

നായാട്ട്

ഭൂമിയെ ആകാശം പൊതിഞ്ഞു
സൂക്ഷിക്കുംപ്പോലെ മുള്ള് കുത്താത്ത
ഭൂത കാലം സുന്ദരിയാണ്.
ഉള്ളിലെ ലോകം പൊടിച്ച്
കാമനകളുരുക്കിയെടുത്തത്
ചങ്ക് പൊള്ളിക്കുന്ന അനുരാഗ-
ത്തിനന്ത്യമൊരു നായാട്ടിന്റെ
അവസാനഘട്ടത്തെ അനുസ്മരിപ്പിക്കുന്നു.
ഇരയെ കിട്ടിയപ്പോഴാ ഹൃദയമിടിപ്പിന്റെ
വേഗത കുറഞ്ഞ് അക്ഷരങ്ങളിലതി-
ഗൂഡം കണ്ണുനീരു വറ്റി നിന്നു.


Monday, 16 September 2013

കൊടിക്കൂറ

ഓണത്തിന്റെ
കൊടികൂറകളുയർത്തി
ഓണക്കിളികളും തുമ്പികളും
വർണ്ണ മേഘങ്ങളും.
പഴക്കുലകൾ ഓണത്തിന്റെ
രഥ ചക്രങ്ങളാവുന്നു. 
പപ്പടങ്ങൾ പരവതാനി വിരിച്ച്
ഓണത്തെ വരവേൽക്കുന്നു. 
പൊൻവെയിലും പൂ വിളികളും
ജീവിതോത്സവത്തിന്റെ
നന്മ വാണ മാവേലി കഥയിലേക്ക്
കണ്‍തുറക്കുമ്പോൾ ഓണം
സ്വപ്നത്തിലെങ്കിലും കാണാൻ
കൊതിച്ചൊരുപ്പാട് അശ്രുബിന്ദുക്ക-
ളിവിടെ സങ്കടപ്പൂക്കളങ്ങൾ
തീർത്തു വിതുമ്പുന്നു മൂകം.   
    

Saturday, 14 September 2013

അഭയാർഥി

മണ്ണ് കൈവിട്ട വേരായി
മനമൊരു പാഴ് മരം
പോലുഴറി വീഴവെ
ജന്മ കല്പ്പന കടലെടു-
ത്തൊരെൻ തീരമൊരു ശംഖി
നുള്ളിലഭയാർത്തിയായ്
നൊമ്പരം മറച്ചൊരു
നാദമാവനെത്ര കൊതിച്ചു.
എത്ര ദൂരമെത്ര കാലം
കെടാതെ നിൽക്കുമെൻ
സാന്ദ്ര മൗനമൊരു കൂർത്ത
കല്ലേറിനാൽ ചില്ലുടഞ്ഞ
പ്രതി ബിംബമായ്
മനം നീറി മൂകമെത്ര തീവ്രം
തപിക്കുന്നു ഉറവകളിൽ
തുളുമ്പാതെയീ പ്രകൃതി.

    
    

Friday, 13 September 2013

അശരണ യാത്രകൾ

പതിഞ്ഞ  വഴികളിൽ
തണുപ്പിലൂടെ തേരട്ടയെപ്പോലിഴഞ്ഞും
പല ദേശങ്ങളും പല ഭാഷകളുമായി
രാവും പകലുംഇരുമുടി കെട്ടാക്കി
ഉറുമ്പിൻപ്പറ്റങ്ങൾപ്പോൾ അനാദിയായ്
 തുടരുന്നു മനുഷ്യന്റെ അശരണ യാത്രകൾ
ഒരിക്കലും വാടാത്ത
ഒരിക്കലും പറിച്ചെടുക്കാൻ
തോന്നാത്ത മഞ്ഞിന്റെ ഇതളുകളുള്ള
ഒരു തൂ വെള്ള പൂവായി ഞാനും       .

    






Thursday, 12 September 2013

വേനൽ

ഇളക്കങ്ങളും ചിന്തകളും ശ്വാസോശ്ചാസവും നിലച്ച്
നിലച്ച് കാലം ഒരു കമ്പിളിക്കെട്ടിൽ കുടുങ്ങിയതുപ്പോലെ
നിശ്ചലമായിരിക്കുമ്പോൾ മേലെ ദയാരഹിതനായി
ചുട്ടു പഴുത്ത് കത്തി ജ്വലിക്കുന്ന സൂര്യൻ.
ചീവീടുകളുടെ രോക്ഷം നിറഞ്ഞ ശബ്ദ കോലാഹലങ്ങളിൽ
പരസ്പ്പരം പിണയുന്ന കരിയിലകളുടെ ശീല്ക്കാരം
പോലെ വരണ്ട വേനലിന്റെ ശബ്ദം.
ഓരോ നിമിഷവും നെറ്റിയിൽ വിയർപ്പിന്റെ
പുതിയ ഉറവകൾ പൊട്ടുന്നു.
വരണ്ടും പാതി വെന്തും കിടക്കുന്ന വയലുകളിൽ
ഒന്നു നോക്കിയാൽ വീണു പോകുമെന്ന പോലെ
പൂവുകൾ കരിഞ്ഞ വസന്തം.
അകിടിൽ ചുരത്താത്ത മഴത്തുള്ളികൾ പേറുന്ന
ചാര നിറമുള്ള പശുക്കൂട്ടംപ്പോലെ മേഘങ്ങൾ
പൊള്ളുന്ന മണ്ണിനെ തഴഞ്ഞകന്നങ്ങു പോകുന്നു. 
      
 





Tuesday, 10 September 2013

മരുപ്പച്ച

വിജനമായ വെളുത്ത ഭൂമിയിലെ ഉപ്പു-
കൂനകൾ നിറഞ്ഞ മണൽ  മുഖങ്ങളിൽ
 മരുപ്പച്ച തേടുന്ന നിഴലുകൾ
വിദൂരതയിലൊരു മരീചികയായ്
ആകാംഷയുടെ കാൽപ്പാടുകളിൽ
കുടുങ്ങി പോകുന്ന മനസ്സ് ഒരിറ്റു
 വെള്ളത്തിനായ്‌ കേഴുന്ന തൊണ്ട-
കുഴിയുമായൊരു സാഗരം
നീന്തി കയറാനുഴലാവേ
വർഷക്കാലത്തെ കിണറുകൾപ്പോൽ
വെള്ളം നിറഞ്ഞത്‌ കണ്ണുകളിൽ മാത്രം.
ചുറ്റിനും ഒരു കോടി സൂര്യന്മാർ
ഉരുകിയുരുകി ആകാശം തൊടുന്നു.
 ഇത്തിരി തണലിനായി മിഴികൾ ദേശാടന
പക്ഷികളെപ്പോൽ അലഞ്ഞു നടന്നു.
തണലേകിയത് വെയിലിന്റെ
കനൽ ചില്ലകളായിരുന്നു.
വറ്റാൻ ബാക്കിയായ ഉറവകൾ
മാന്തളിർ നിറത്തിൽ ഭൂപടങ്ങളായ്
അവിടവിടെ തെളിഞ്ഞു മായുമ്പോൾ
നരച്ച പച്ചപ്പിന്റെ തുള്ളികൾ കാറ്റ് 
 വരച്ച മണൽക്കുഴിക്കുള്ളിൽ മറയുന്നു.   
       
   
   

 

Monday, 9 September 2013

ഓർമ്മയിലെ ഓണം

ഓണനിലാവും സ്വർണ്ണവെയിലുമായ്
സ്മൃതിയിലോണ പഴമ ജ്വലിപ്പു.
തൊടിയും പറമ്പും പാടവുമെല്ലാം
ഭൂമിയുടെ സമൃദ്ധമായ മനസിൻ
പുഞ്ചിരിയായി പൂവട്ടികളിൽ
നിറയുമ്പോൾ മരങ്ങളിൽ നിന്ന്
മരങ്ങളിലേക്ക് ഞാന്നു കിടക്കുന്ന
വള്ളികളിൽ ഊഞ്ഞാലയൊരു-
ക്കുന്ന ആഹ്ലാദത്തിമിർപ്പ്.
മണ്‍പ്പാത്രങ്ങളുടെ സുഗന്ധത്തിൽ
ദേഹണ്ണത്തിൻ ഉത്സാഹം.
വാടിയ താഴംപൂവിൻ വാസന-
പൂശിയ പുടവ പുതു മണമേന്തി
കൈകൊട്ടിക്കളിയുടെ പൊട്ടിച്ചിരികൾ.
തൃക്കാക്കരയപ്പനിൽ മഹാബലി-
കഥകളുണരുന്ന കൗതുകങ്ങളിൽ
ആവർത്തനത്തിന്റെ വിരസതയേ-
ൽക്കാതെ ഓണമെന്നും ചെറുപ്പമാവുന്നു.

                   

Sunday, 8 September 2013

കനൽമേഘം.


രാധയും മീരയുമല്ല ഞാനെങ്കിലും കൃഷ്ണാ
നീയറിയാതെയെരിയുമൊരു കനൽമേഘം.
അസ്തമനത്തിന്റെ ആകാശത്തിൽ
മധുരയുടെ രാജാവിന്റെ മുഖം തേടിയുഴറി
ഹൃദയത്തെ ചുട്ടു പൊള്ളിക്കുമൊരു
കനൽച്ചില്ലയായി നീ നടന്നു മറഞ്ഞ
മണൽത്തരികളെ ചുംബിച്ചുലയുമെൻ
നെഞ്ചിലെ കനലിൽ വേവുമൊരു
മൗന വേദനയുടെയീയുന്മാദമതൊരു-
രോഗമോ വിഭ്രമമൊയെന്താകിലും
ഒരു ശ്വാസത്തിനും മറ്റൊരു
ശ്വാസത്തിനുമിടയിലുള്ളൊരീ
ജീവിത തീക്കാറ്റ് ഞാനാസ്വദിക്കുന്നു. 
    
   
  




               

Friday, 6 September 2013

സ്നേഹം

സ്നേഹം മഴയാണ്
അത് കുത്തിയൊലിച്ചങ്ങു
പെയ്താൽ ഭൂമി ചിതറി
അലിഞ്ഞു തീരുകയേയൊള്ളൂ.
സ്നേഹം വെയിലാണ്
അത് മനസ്സ് പൊട്ടിത്തെറിച്ചങ്ങു
അഗ്നിയായ് ഉരുകിയാൽ
ഉരുക്കാനല്ലാതെ മറ്റൊന്നും
ഭൂമിക്ക് അറിയില്ല.
സൂര്യൻ ഉണങ്ങി പോയെന്നാൽ
ഭൂമിക്ക് തണുത്തു വിറക്കാൻ
പറ്റുമോയെങ്ങിനെയെങ്കിലും
ചൂടാക്കി മുന്നോട്ടുള്ള വഴി
ചവിട്ടി തീർക്കണം.  
   

Thursday, 5 September 2013

മൃത്യുന്മാദം

മൃത്യുവിന്റെ അധോലോകത്ത്
ആരാണെന്റെ ഉറക്ക മുറിയിൽ
പൊട്ടിച്ചിരിച്ചു മറഞ്ഞത്.
അസ്ഥികളുടെ അറയിലെ
ആത്മാക്കളുടെ ദുഃഖ ഖനി തേടി
നിഗൂഡ വഴിയിൽ കുടുങ്ങിയ ഞാൻ
നെഞ്ചിലൂടൊരു പാമ്പിഴയുന്ന പോലെ
മൃത്യുന്മാദമറിഞ്ഞ് നിശബ്ദത പതുങ്ങി
നിന്ന മരണ സാമ്രാജ്യത്തിന്റെ
തുരങ്ക കവാടത്തിൽ അദൃശ്യമായ
അസംഖ്യം നിലവിളികൾ എനിക്ക് -
മുന്നിൽ തടസ്സ മതിലുകൾ തീർത്തു.
മൃത്യു അതി ക്രൂരമായൊരു ലഹരി-
കുത്തിയെന്റെ ഞരമ്പുകളെ തളർത്തി.
മൗനമായൊരു ശിശുവെപ്പോലെ
അലറി കരഞ്ഞു ശ്വാസത്തിനായ്
വായ്‌ പിളർന്നെങ്കിലും ഹൃദയമതിനുള്ള
വഴികളെ തടസ്സപ്പെടുത്തിയിരിക്കുന്നു.
മരണക്കുഴിയും ഗർഭപാത്രവും ഒരുപ്പോലെ
രണ്ടിലും ഇരുട്ടും തണുപ്പും ഏകാന്തതയും.  
ഇതിനുമപ്പുറത്തേക്ക് എന്തെന്ന
ജിജ്ഞാസയാൽ ഞാനീ വിഷാദത്തെ
കടുത്ത ഒറ്റയാവലിനെ പങ്കിട്ടെടുത്തു.


             

Wednesday, 4 September 2013

യാത്രാ മൊഴി

ബന്ധങ്ങൾ തൻ
 ഭാരമിറക്കി വക്കാതെ
നീണ്ടൊരീ മൗനത്തിൻ
കോടി പുതച്ചു ഞാൻ
മന്ദമായ് അന്ത്യമാം
യാത്ര പോകെ
മറ്റൊരാത്മാവിൻ
ആരോരുമറിയാത്ത
നോവെൻ മഞ്ചത്തിൽ
കണ്ണീർ പൂക്കളായി.
അത്രമേൽ സ്നേഹിച്ചൊരാ
ഹൃദയത്തിൻ തേങ്ങലെൻ
പ്രാണനെ പിന്തുടരുമ്പോൾ
എങ്ങിനെ ശാന്തമായ്
ഞാൻ ഉറങ്ങും.       
     

Tuesday, 3 September 2013

ഓർമ്മകളിൽ പ്രണയം


ജീവിതവും മരണവും
സ്മൃതികളും വിസ്മൃതികളും
സ്വന്തമായൊരാകാശം തേടി
ഹൃദയത്തിലേക്കണഞ്ഞ നമ്മെ
ബന്ധിപ്പിച്ചതേതൊരു കർമ്മം.
നീ വരാത്ത വഴികളിൽ പോലും
പാദങ്ങൾ കാത്തു നിന്നിടറുന്നതും
നീണ്ട മൗനത്തിലെക്കെന്റെ
ചേതന ചിറകു കുഴഞ്ഞ് വീഴുന്നതും 
,കണ്ണിൻ സ്വപ്ന ജാലകത്തിലൂടെ നാം 
ജന്മാന്തരങ്ങളെ കണ്ടു മൂർച്ചിച്ചതും,
കത്തുന്ന ചുംബനം കൊണ്ടു നീയന്നെന്റെ 
പ്രാണനെ ചുട്ടു പൊള്ളിച്ചതും,
ഒരു കടൽക്കാലത്തിനപ്പുറം
അങ്ങകലെ നീയറിയുന്നുവോ.
എന്തിനീ ജീവിതം മഹാശൂന്യം
എനിക്കായൊരു ജന്മം നീ ജനിക്കും വരെ.
       
           .         

Monday, 2 September 2013

ചിപ്പിക്കുള്ളിൽ

എവിടെയൊക്കെയോ കൊച്ചു
വിളക്കിൻ കൂട്ടങ്ങൾ തെളിയുന്ന
തണുത്തുറഞ്ഞ രാത്രിയുടെ ഇരുളിൽ
നഗര സൗന്ദര്യങ്ങളഴിച്ചു വച്ച്
പച്ചപ്പും ആകാശവും ചേർന്ന്
കൈക്കുമ്പിളിലൊളിപ്പിച്ച
ചിപ്പിക്കുള്ളിൽ നിന്നും പുറത്തു
കടന്ന എന്റെ സ്വപ്നം തളിരിലയിൽ
നിന്നുതിർന്നു വീണ തുഷാരമായി
പ്രകൃതിയിൽ ഞാനുപേക്ഷിച്ചു
പോന്ന ഹൃദയത്തിന്റെ ഒരു തുണ്ട്
നിസ്സഹായമായ ജീവന്റെ വ്യഥയോടെ
മനസിനെ തൊട്ടകന്നെങ്ങൊ പോകുന്നു

കന്നി മഴ

മിന്നാമിന്നികളെങ്ങോ പോയൊളിച്ച്
നിശ്ചലമായ രാത്രിയിൽ ഇമ്പമുള്ള
കിലുക്കങ്ങളുടെ ചിലമ്പണിഞ്ഞ്
നിർവൃതിയുടെ കുളിരണിഞ്ഞു
 പ്രിയതരമായ രാത്രി മഴയുടെ ശബ്ദം.
കന്നി മഴതുള്ളികളുടെ പ്രകമ്പനത്തിൽ
ഭൂമി പൊട്ടിയ ദാഹിച്ചു വരണ്ട മണ്ണ്
താഴെ വീഴുന്ന ഓരോ തുള്ളിയും
അപ്പപ്പോൾ തന്നെ കുടിച്ചു തീർക്കുന്നു
ഊർവരതയുടെ മുലപ്പാൽ നുണയുന്ന
കുട്ടിയെപ്പോലെ ഇനിയുമിനിയുമെന്നത്
മഴനൂലുകൾക്കായി നാവു നീട്ടുന്നു.
സൂര്യ താപത്തിൽ പൊള്ളിപ്പോയ നാളുക-
ളുടെയും വിണ്ടു കീറിയ മുഖത്തിന്റെയും
ഓർമ്മകളിൽ മണ്ണ് കുതിർന്ന മോചനത്തിന്റെ
നനവിലൊരു വശ്യഗന്ധം മനസിനെ ചൂഴ്ന്നു.
ഉടലിൽ കാമൻ തൊടുത്തോരായിരം അമ്പുകൾ
പോലെയത് വന്നു തൊടുന്നു ഉള്ളിലെക്കൂർ-
ന്നിറങ്ങി ഇന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്നു.
അതിജീവനത്തിന്റെയും മന ശാന്തിയുടെയും
മന്ത്രം പോലെ വേനലിനെ മറികടന്ന ജീവന്റെ
ഉയർത്തെഴുന്നേൽപ്പിന്റെ ആനന്ദം.