Friday, 30 August 2013

നിള

നിള നിത്യ കന്യക നിതാന്ത യാത്രിക
മകര മാസത്തിലെ മാദക സന്ധ്യകളിൽ
പുഴ ജീവാമൃതം പോലെ ഒരു കുടന്ന
വെള്ളവുമായി ക്ഷീണിച്ചു കിടന്നിരുന്നു.
പിതൃക്കൾക്ക് എള്ളുംപൂവും ചന്ദനവും
നല്കുന്ന ഋതു മന്ദാരങ്ങളുടെ ആഴത്തി
ലുള്ള ചരിത്രത്തിന്റെ മണ്ണടരുകൾ.
ജനിമൃതികളില്ലാതെ വറ്റിപ്പോയ
ഒരമ്മയുടെ അവസാനത്തെ
കണ്ണീർച്ചാലുകൾ ഭൂമിയുടെ
ഉള്ളിലെവിടെയോ ഒഴുകുന്നുണ്ട്.
തളർന്നു നില്ക്കുന്ന നാട്ടു മാവുകളുടെ
കാരുണ്യം നിറഞ്ഞ തണലുകളിൽ
വീശുന്ന കാറ്റിന്റെ ഇടർച്ചയിൽ
മണൽതീരം കവിതയും കിനാവുമാവുന്നു.
സൗന്ദര്യത്തിന്റെ നിറകുടമൊഴിഞ്ഞ്‌
നിശബ്ദ താഴ്വാരമായ് തീർന്ന
ഒഴുക്കിന്റെ പൂർവ സ്മൃതികളിൽ
പ്രവാഹത്തിന്റെ രൗദ്രത നിസ്സഹായമായ
 ഹൃദയ മിടിപ്പായി തീർന്നു കാലത്തിന്റെ
പടവുകളിറങ്ങി നിന്നപ്പോൾ മറവിയുടെ
കാട്ടു പൊന്തക്കിടയിൽ കുരുങ്ങി കിടക്കുന്നു
സംസ്ക്കാരത്തിന്റെ ഹൃദയ വാഹിനിയായ
നിളയുടെ നിലവിളികളിന്നിന്റെ നെഞ്ചിൽ. 



No comments:

Post a Comment