Saturday, 31 August 2013

കാട്ടു നീതി.

കാടിനുള്ളിൽ പുറം-
 കാഴ്ച്ചക്കപരിചിതമായ
ജീവിത തുടിപ്പുകളുണ്ട്‌
നാട്ടു മനുഷ്യരുടെയിടയിൽ
കാടും നാടും തമ്മിലുള്ള അകലം.
നാട് കാടിനെ വിഴുങ്ങിക്കൊണ്ടിരിക്കെ-
നാളെയുടെ കാര്യം പ്രകൃതി
നോക്കി കൊള്ളുമെന്നു
കരുതുന്ന കാട്ടു നീതി.
അതിജീവനത്തിന്റെ
കണ്ണീരാഴങ്ങളിൽ സന്യാസിമാരുടെ
നിസംഗതയോടെ ഇന്നിനെ നോക്കി
കാണുന്ന ദുരിത ജന്മങ്ങൾ. 
 

Friday, 30 August 2013

നിള

നിള നിത്യ കന്യക നിതാന്ത യാത്രിക
മകര മാസത്തിലെ മാദക സന്ധ്യകളിൽ
പുഴ ജീവാമൃതം പോലെ ഒരു കുടന്ന
വെള്ളവുമായി ക്ഷീണിച്ചു കിടന്നിരുന്നു.
പിതൃക്കൾക്ക് എള്ളുംപൂവും ചന്ദനവും
നല്കുന്ന ഋതു മന്ദാരങ്ങളുടെ ആഴത്തി
ലുള്ള ചരിത്രത്തിന്റെ മണ്ണടരുകൾ.
ജനിമൃതികളില്ലാതെ വറ്റിപ്പോയ
ഒരമ്മയുടെ അവസാനത്തെ
കണ്ണീർച്ചാലുകൾ ഭൂമിയുടെ
ഉള്ളിലെവിടെയോ ഒഴുകുന്നുണ്ട്.
തളർന്നു നില്ക്കുന്ന നാട്ടു മാവുകളുടെ
കാരുണ്യം നിറഞ്ഞ തണലുകളിൽ
വീശുന്ന കാറ്റിന്റെ ഇടർച്ചയിൽ
മണൽതീരം കവിതയും കിനാവുമാവുന്നു.
സൗന്ദര്യത്തിന്റെ നിറകുടമൊഴിഞ്ഞ്‌
നിശബ്ദ താഴ്വാരമായ് തീർന്ന
ഒഴുക്കിന്റെ പൂർവ സ്മൃതികളിൽ
പ്രവാഹത്തിന്റെ രൗദ്രത നിസ്സഹായമായ
 ഹൃദയ മിടിപ്പായി തീർന്നു കാലത്തിന്റെ
പടവുകളിറങ്ങി നിന്നപ്പോൾ മറവിയുടെ
കാട്ടു പൊന്തക്കിടയിൽ കുരുങ്ങി കിടക്കുന്നു
സംസ്ക്കാരത്തിന്റെ ഹൃദയ വാഹിനിയായ
നിളയുടെ നിലവിളികളിന്നിന്റെ നെഞ്ചിൽ. 



Wednesday, 28 August 2013

തെങ്കാശി

പ്രകൃതിയെ പ്രണയിക്കാൻ
തോന്നുമ്പോഴോക്കെയെൻ
കണ്ണിൽ മിന്നുമൊരു തമിഴഴക്
ദാവണി ചുറ്റിയ ഗ്രാമ -
സുന്ദരിയായ് തെങ്കാശി ചന്തം.
ഇവിടെ വെറുതെ വന്നു പോകുമീ
ചാറ്റൽ മഴയ്ക്കു പോലുമുണ്ടതി-
മനോജ്ഞമൊരു വശ്യാ ഭാവം,
പൂവിതൾ തൊട്ടാൽ വിരൽ തുമ്പിൽ
പടരുമൊരു പൂമ്പൊടി പോലെ.  

     

യമുനാ തീരെ

നിന്നെയോർമ്മിക്കുവാൻ മാത്രം
കഴിയുമെൻ ഹൃദയം ദ്രുത-
ഗതിയിൽ മിടിക്കുന്നതെന്തേ.
മടങ്ങുമെന്ന വാഗ്ദാനമേകി
മധുരക്ക് യാത്രയായയെൻ കൃഷ്ണാ
വർഷങ്ങളെത്രയായി ഞാനീ ചുവന്ന-
മണ്‍പാതയിൽ കാത്തു നിൽപ്പു.
കാക്കകൾ ദൂരത്തെവിടെയോ
കാട്ടുമരങ്ങളിൽ ചേക്കേറാൻ
പറക്കുന്ന സന്ധ്യാ വേളയിൽ
ഋതുക്കളുടെ വൈവിധ്യങ്ങളിൽ
മൂടുപടവും ധരിച്ച് മണ്‍പ്രതിമ കണക്കെ
നിശ്ചലയായി ഞാൻ നിൽക്കുമ്പോൾ
 യാദവരെന്നെ ഭ്രാന്തിയെന്നോതുന്ന-
വർതൻ കണ്ണിലീ പ്രേമമൊരു
ഉന്മാദലക്ഷണമെന്നെന്തെയറിയുന്നില്ല.
നീയൊരു യോദ്ധാവാണ്,
കർമ്മവും ജീവിത ശൈലിയുമാണ്‌,
ഞാനോ ഒരു വൈകാരിക സാമ്രാജ്യം
പിടിച്ചടക്കുന്നത് സ്വപ്നം കാണുന്നവളും.
പ്രേമം ഹ്രസ്വമായ ഒരിടവേള മാത്ര-
മെങ്കിലും നിനക്ക് പ്രിയരായ് രണ്ട്
പട്ടമഹിഷികളുണ്ടെന്നു ഞാൻ കേട്ടറിഞ്ഞു.
അവരുടെ ചിരിലാളനയിൽ നീ
സൂര്യൻ ചൂടാക്കിയ യമുനയെ മറന്നു,
നീല കടമ്പ് മരങ്ങളെ മറന്നു,
എന്റെ ശരീരത്തിൽ നിനക്കായി
അണിഞ്ഞ ചന്ദനവും മറന്നു.
ഒരു ഭൂതകാലാവശിഷ്ടമായി പഴങ്കഥയിൽ
മറഞ്ഞു പോവുന്ന കിനാവായി ഞാൻ.
എന്നിട്ടും ചന്ദ്ര രശ്മികൾ തിന്നു വളർന്ന
നിലാവിന്റെയീ വഴിയിലൂടൊരു നാൾ
എന്നുൾ ചിരാതിലൊരു ജീവനാളമായ്
നിന്റെ രഥചക്ക്രമുരുളുമെന്നും 
ഞാനാ വേണുവിലൊരു രാഗമായ്
മാറുമെന്നും വിശ്വസിച്ചു കാത്തു നില്ക്കുന്നു.

  
 

Tuesday, 27 August 2013

തളിരിനോട് പറയാനുള്ളത്

ഭൂമിയും ആകാശവും
സാഗരങ്ങളും
ഇനി നിനക്കും സ്വന്തം.
നന്മ മരത്തിന്റെ
വിത്തുകൾ
മനസ്സിൽ നട്ടു വളർത്തുക.
അറിവിന്റെ അഗ്ന്നി കൊണ്ട്
നേരിന്റെ അക്ഷരങ്ങൾക്ക്
ദീപം തെളിയിക്കുക .
നുള്ളിയെറിയാൻ
ആയിരം കൈകൾ
പതിയിരിപ്പുണ്ടിവിടെ
ഇരുളിലും വെട്ടത്തിലും
ക്രൂര ദംഷ്ട്രകൾ കണ്ടു
ഞെട്ടി വിറക്കാം.
ഒരു പൂ മൊട്ടൊ
വസന്തമോ ആകാതെ
ഒരു കണ്ണീർ തുള്ളിയായ്
വീണുടയാം
ആർത്തിയോടെ
അലഞ്ഞു തിരിയുന്ന
കാമാന്ധർക്കിടയിൽ
നീയൊരു തളിരാണ്
ഭൂമിയുടെ
ഉദരത്തിന്റെ
നോവാണ്,
അടങ്ങാത്ത ആശങ്കയാണ് .

ശ്രാവണം

പൂവിളികളും പൂപ്പാട്ടുകളും
ഉയരുന്ന ശ്രാവണ മാസം
ആഘോഷ കാഴ്ചകളുടെ
സമൃദ്ധ കാലം.
ഒരു കാൽ വെയ്പ്പിലൂടെ
നൂറ്റാണ്ടിനു പിന്നിലേക്ക്‌
ജീവിതവും മനസും.
പാദരക്ഷകൾ അഴിച്ചു
വയ്ക്കും പോലെ
ഇന്നലകളെ പുറത്തു നിർത്തുന്ന
ഇന്നിന്റെ ജീവനില്ലാത്ത മായ കാഴ്ചകൾ. 

Monday, 26 August 2013

യാത്ര

ഓരോ യാത്രയും
പ്രണയത്തിലേക്കുള്ള
തിരിച്ചു പോക്കാണ്
ഓർമ്മകളിലൂടെ പിന്നോട്ടും
കാലത്തിലൂടെ മുന്നോട്ടും
ഒരേ സമയത്തുള്ള സഞ്ചാരം.
ഓരോ ചുവടിലും പിൻവിളികൾ
ഓരോ നിമിഷവും കണ്ടെത്തലുകൾ
ഓരോ തിരിച്ചറിവുകൾ.
 കണ്ടു മറന്ന മുഖങ്ങൾ തേടി
ഒറ്റയ്ക്ക് നില്ക്കുന്ന മരങ്ങൾ തേടി
നാട്ടു പാതകളും കേട്ട കഥകളും തേടി
നടത്തത്തിനിടയിലെപ്പോഴോ ഞാനെന്റെ
കവിതയുടെ കൈകൾ ചേർത്ത് പിടിച്ചു.
കോടമഞ്ഞിൽ നിന്നും പുറത്തു-
കടന്നപ്പോളെൻ കൈവിരലിൽ
തടഞ്ഞ മോതിരം നഷ്ടബോധത്തോടെ
ഞാൻ ചേർത്തു പിടിച്ചു.
 എത്രയൊക്കെ ദൂരങ്ങളിലേക്ക്
പോകുമ്പോഴും ഞാൻ
നിന്നിലേയ്ക്ക്  തന്നെ തിരിച്ചു വരുന്നു.
      

Saturday, 24 August 2013

സ്മൃതി

കൊഴിയുമെന്നറിഞ്ഞിട്ടും
നിലാ മുറ്റത്ത്‌ ഞാൻ വിടർന്നു
കാറ്റ് കവരുമെന്നറിഞ്ഞിട്ടും
സ്വപ്ന സുഗന്ധം ഞാൻ നിറച്ചു
ശലഭം നുകരുമെന്നറിഞ്ഞിട്ടും
തേൻകുടമെന്നിൽ തുളുമ്പി
ഭാവി തണൽ വിത്തിനായി
ഞാനെന്റെ പൂമ്പൊടിയെങ്ങും
നിശ്വാസമായ് തൂവി പരത്തി.
ഒടുവിലീ മധുമാസം ഇതളൂർന്ന നേരം
മണ്ണിൽ അലിയുന്നതെൻ സ്മൃതി തുച്ചം. 


            

Friday, 23 August 2013

ശിലകൾ

ശിലകൾ കാമിനികൾ
ഉന്നതമായ ധ്യാനം പോലെ
ഇതിഹാസങ്ങളും പുരാണങ്ങളും
 ചരിത്രവും നൃത്തവും
ശ്രംഗാരവുമെല്ലാമൊരു
സ്വപ്നത്തിലെന്ന പോൽ
ക്ഷേത്ര ചുവരുകളിൽ
 വിരിയിക്കുവോർ.
അജ്ഞാതരാമേതോ ശിൽപ്പികൽ
തീർത്തൊരാ വിസ്മയ
കാട്ടിലെക്കെത്തുമ്പോൾ
തുടക്കവും ഒടുക്കവുമറിയാതെ
ചുവരുകളിൽ നിന്നും ചുവരുകളിലേക്ക്
കണ്ണിചേർന്ന് പടർന്നു പോകുന്ന
ജീവിത കഥ മൂല്യങ്ങലിഴചേർന്ന്
കല്ലിൽ പുനർജനിക്കുമ്പോൾ
പ്രാണവായു പകരുകിൽ
അവരീ ഭൂവിൻ മനോജ്ഞമാം
രാഗ ജീവാത്മാക്കൾ .   
          
    

Thursday, 22 August 2013

മനുഷ്യ സർപ്പങ്ങൾ

 മണ്‍മണം വിണ്ടു കീറുന്ന
പുഞ്ചപ്പാടങ്ങളിൽ
വെയിൽ ചിറകു വിരുത്തി
മഴ വിത്ത് തേടുന്ന പ്രാവുകൾ,
മധുര ഭാരം നിറഞ്ഞ മരങ്ങളിൽ
വയറു കൊണ്ട് വഴി താണ്ടുന്ന
കാവലുറുമ്പുകൾ .
കടലിനു താഴെ പ്രസക്തിയില്ലാത്ത
കാലത്തിൻ വർത്തമാന തമസ്സിന്റെ
ഇരുണ്ട മാളങ്ങളിൽ
വിഷമൂറുന്ന പല്ലും
ശബ്ദാർത്ഥങ്ങൾ വഴിപിരിഞ്ഞ്
പിളർന്ന നാവിൽ ക്രോധവുമായി
വിഷ കാറ്റൂതി ഉറഞ്ഞു തുള്ളുന്നു
അക കണ്ണിൻ കാഴ്ചയില്ലാതെ
 മനുഷ്യ സർപ്പങ്ങൾ.    
      

 

Wednesday, 21 August 2013

ആകുലത

വരളുന്ന ജീവൻ ഉത്കണ്ടയുടെ
ആകുലതകളിൽ പുഴ  
ചുഴി വേഗങ്ങളടങ്ങി
നിശ്ചല സ്മരണകളുമായി
തടങ്ങലിലെന്ന പോലെ
യാത്രകൾ മതിയാക്കി
വാർദ്ധക്ക്യത്തിലെ കുണ്ടിൽ-
 താണ കണ്ണുകൾ പോലെ
പാതാള തമസ്സിലേക്ക്
വറ്റി വറ്റി പിൻവാങ്ങുന്നു.

  

Tuesday, 20 August 2013

അപരാധി

ഇരുണ്ട മേഘങ്ങൾ
കുമിഞ്ഞു കറുത്ത ആകാശം
ഒരു കടവാതിലിനെ പോലെ
 വട്ടമിട്ടു പറന്നു.
സായാഹ്ന വെയിൽ പരന്ന
ഗോതമ്പ് വയലുകൾ പോലെ
ജീവിതം അന്നപാനങ്ങളില്ലാതെ
കൈകാലുകളോ ശിരസ്സോ
അനക്കാൻ പോലുമാവാതെ
ദാരിദ്ര്യത്തിന്റെ
ജീവ ജീവപര്യന്തത്തിൽ
അപരാധി കണക്കെ
ഞാന്നു കിടന്നു.
പ്രസിദ്ധിയിൽ നിന്നും
കുപ്രസിദ്ധിയിലേക്കുള്ള
വളർച്ചയിൽ ദൈവം -
സ്വന്തം ചാർത്തിയ നാടിൻ
നേർ കാഴ്ച്ചയ്ക്ക് മേൽ
ചിറകുകൾ വിരുത്തി
കഴുകന്മാർ ഇരകളെ
കൂർത്ത നഖങ്ങൾക്കിടയിൽ
മറച്ചു പിടിച്ചു.
തണൽ വെട്ടി വറുതി നട്ട  
കോണ്ക്രീറ്റ് കാടുകൾ
പൈതൃകങ്ങളെ
ജീവനോടെ മറവു ചെയ്യാൻ
മനുഷ്യൻ ഹൃദയത്തെ                 
 കരിങ്കല്ലുകളിലേക്ക്
പരകായ പ്രവേശം നടത്തി-
യൊടുങ്ങുന്നവനവൻ സ്വയം,
ആർത്തി തീരാത്തൊരീ-
അന്ധമാം മോഹത്തിൽ.


   


             
   

Monday, 19 August 2013

പ്രണയിനി.

ഋതുക്കളിൽ വർഷമാണ്‌ പ്രണയിനി.
മേഘത്തേരിൽ അവൾ വരും.
വേനൽ പൊള്ളിച്ച മലമുടികളിൽ
അനുരാഗത്തിന്റെ പച്ച കുത്തും.
വെന്തു പോയ മരങ്ങളിൽ
പൂവള്ളികളായി പിണയും .
ശീൽക്കാരത്തോടെ കൊത്തും.
വെള്ളി ചിലമ്പുകൾ
എറിഞ്ഞുടച്ച് പാറക്കെട്ടുകളെ
വെണ്ണക്കല്ലുകളാക്കും .
തുളുമ്പി നില്ക്കുന്ന ഒരു -
ചിമിഴ് പോലെയാകും പ്രകൃതി,
ഒന്ന് തൊട്ടാൽ ഉടഞ്ഞു പോകുന്ന
പളുങ്ക് മണികളുടെ പുതപ്പ്.  
കായലിലും ചുരത്തിലും-
 കടലിലും പാട വരമ്പത്തും ,
സമൃദ്ധിയുടെ വെള്ളച്ചാട്ടങ്ങളിലും,
മഴയുടെ നവരസങ്ങളുടെ
വിഭിന്ന ഭാവങ്ങൾ.
പച്ചപ്പിലും കുളിരിലും കുതിർന്ന്
കാൽ വഴുതിയും അടിമുടി നനഞ്ഞും
അലസമായി കാടകങ്ങളിലൂടെ
സ്മരണകളുടെ സുഗന്ധത്തിൽ
മുങ്ങിയാണെന്റെ നടത്തം.  

  

Sunday, 18 August 2013

ഏകാന്തത

മരുഭൂമിയിലെ വെയിലിൽ
വെളുത്തു വിള്ളുന്ന
അസ്ഥികൾ പോലെയുള്ള
ഏകാന്തതയുടെ ശിശിരത്തിൽ
ഉഷ്ണ മേഖല തേടുന്ന
പക്ഷിയായി ഞാൻ.
ജീവ നാളം പെട്ടന്നണയുമൊരു
സൂര്യ വിളക്കായി.
ജീവിതം നനവും
മരണം വരൾച്ചയുമാണ്‌.
അസ്ഥിരമായ സമുദ്ര തലം പോലെ
ശവപ്പുരയുടെ പിറകിൽ നിന്നും
പൂജാ വിളക്കിന്റെ നാളം
ഭാവിയെ തടങ്ങലിലിട്ടു
ഒരു മുക്കുവനെ പോലെ
മനസിന്റെ ഉൾക്കടലിൽ
വല വീശിയിരിക്കുന്നു.
അവസാന തുരുത്തിൽ നിന്നും
ഞാൻ ഓടി മറയുകയാണ്,
കാറ്റും കോളുമില്ലാത്ത
പുതിയ സമാധാനത്തിന്റെ
സമുദ്രങ്ങൾക്കുമപ്പുറത്തേക്ക് .
ഇതാണെന്റെ തീരം.


    


Saturday, 17 August 2013

ഇയ്യാമ്പാറ്റകൾ

മഴച്ചാറ്റലിലെ
തണുത്ത കാറ്റിൽ
വൈക്കോലിന്റെ നിറവും
മണ്ണിന്റെ മണവുമുള്ള
ഇയ്യാമ്പാറ്റകൾ
വിളക്കിന് ചുറ്റും
പറന്നു തുടങ്ങി .
നിമിഷങ്ങൾ മാത്രം
നീണ്ടു നില്ക്കുന്ന
ആഹ്ലാദ തിമിർപ്പ്.
സിരകളിൽ ചുടു രക്തം പോലെ
ഒഴുകുന്ന സംഗീതവും
നെഞ്ചിൽ മിടിക്കുന്ന നൃത്തവും
പരമ്പരാഗതമായ
മരണാഘോഷം പോലെ
അഗ്നി നാളങ്ങൾ തിന്നു തീര്ക്കുന്നു. 





   

Friday, 16 August 2013

അനുരാഗം

ഹൃദയത്തിന്റെ പൂങ്കാവിൽ
നീയൊരു കുയിലിനെ പോലെ
കൂട് കൂട്ടി കഴിഞ്ഞിരിക്കുന്നു .
നീണ്ട നിദ്രയിൽ മയങ്ങി -
കിടന്നിരുന്ന ഞാൻ
നിന്റെ പുല്ലാങ്കുഴലിൽ
സംഗീതമായുണരുന്നു.
യമുനയുടെ തീരങ്ങളിലെന്റെ
വിരഹമൊരു നീലക്കടമ്പായി
പൂത്തു നിൽക്കുമ്പോൾ ,
അടച്ചിട്ട വാതിലിനിടയിലൂടെ
ഓർമ്മയൊരു കാറ്റിൻ ശകലമായ്
എന്നടുത്തെക്ക് പറന്നെത്തുന്നു .
പാട്ടുകൾ കൊണ്ട് ഞാൻ
തീർക്കുന്നൊരാകാശം കടലുകളിൽ
ബന്ധനസ്ഥരായിരിക്കുന്ന
നൃത്തങ്ങളെ മോചിപ്പിക്കുന്നു .
നിന്റെ രാഗ ഭാരവും
കാർമേഘപടലവും
നൽകുക കൈവെള്ളയിലൊരു
മഞ്ഞുത്തുള്ളി സ്വപ്നമായെങ്കിലും,
കൃഷ്ണാ ഞാനിന്നറിയുന്നു
ഭക്തിയല്ല പ്രണയമായിരുന്നു
എനിക്ക് നിന്നോടെന്നും .  

         

Thursday, 15 August 2013

സംസാര സാഗരം

ഹൃദയം നിറഞ്ഞൊരു കടൽ
പുറത്തേക്ക് കവിഞ്ഞൊഴുകി ,
കണ്ണീരു പോലെ തെളിഞ്ഞു നിറഞ്ഞും
ഉയർന്നു താഴ്ന്നും നിശബ്ദം
അടക്കി പിടിച്ചൊരു ശ്വാസം പോലെ.
മുറിവുകളും വേദനകളും വിഭ്രാന്തികളും
എണ്ണമറ്റനേകം ദുരിത പർവങ്ങളും
ആഴത്തിലാഴത്തിൽ അവ്യക്തമാവുന്ന
ഇരുട്ടിന്റെ കയങ്ങളായ് മുഴക്കങ്ങളില്ലാതെ
സംസാര സാഗരത്തിലാണ്ട് കിടന്നു .
മറവി മണൽത്തരികളായി
 മൂടുന്ന ഉൾപ്പടവുകളിൽ
കാൽ വഴുതി വീഴുന്നു
അശാന്തിയുടെ ആത്മാവ്‌.



          

Wednesday, 14 August 2013

തപസ്സ്

തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ
 നൈമിഷികതക്ക് മേൽ മനുഷ്യന്റെ-
 മഹാമോഹത്തിന്റെ പാലം.
 പായുമൊരശ്വം പോൽ ഭോഗങ്ങൾ
 ക്ഷണപ്രഭാ ചഞ്ചലം.
വെന്തു വെണ്ണീറായ്
മണ്ണിനു കീഴെ ചേരുവോർ
നിലം തൊടാതെ കുതിപ്പതിന്നെങ്ങൊ...?
കാണുന്നതൊന്നുമറിയാത്തതൊ,
അതോ കാഴ്ചയില്ലായ്മയോ .
നേർ രേഖയാവാൻ കൊതിച്ച്
ഒറ്റ കാലിൽ തപസ്സ് ചെയ്ത
കാട്ടുവള്ളി കണക്കെ വാക്കും രചനയും.
ചുഴിഞ്ഞു നോക്കുമ്പോൾ അകലുന്നു
 മണ്ണിൽ നിന്നുള്ള മർത്ത്യ സത്യം .

  
     
                                                                                                                              

Tuesday, 13 August 2013

സ്വപ്നം

ഇമകൾ മറച്ച ജല ശയ്യയിൽ
നിലാവിന്റെ ഒരു കീറ് വീണു കിടന്നു . 
അഴൽ തിങ്ങും മനമൊന്നു  പെയ്തു തോരൻ
കാറ്റിൻ ചുമൽ ചേർന്ന്മുകിലൊന്ന്
വെമ്പിനിന്നെന്റെ ഹൃത്തടം നനച്ചൊരു
നീർത്തുള്ളിയുടഞ്ഞു വീണു.
പുലർ വേള താണ്ടി ഇരുളാഴങ്ങളിൽ 
നീന്തി മറയുന്ന മൃത്യുവിൽ ഞാനൊരില-
വീണുലയുമൊരു തിരി നാളം .
അണയാനിനി ഒരു മാത്രയെങ്കിലും
വീണ്ടുമുദിക്കാനൊരു സ്വപ്നം
വിറയാർന്നു നിൽപ്പു.

  
  
  

    

Sunday, 11 August 2013

മഴ പറയുന്നത്

കണ്ണുകൾ
നനവും നീലാകാശവും
കുടികൊള്ളുന്ന
സമുദ്രങ്ങൾ .
പ്രകൃതിയുടെ
പ്രാർഥനയിൽ
ഉറവകളിൽ
തുളുമ്പുന്ന
മണൽക്കിനാവ്.

കാറ്റിന്റെ വിരഹത്തിലും
പ്രണയത്തിന്റെ തണുപ്പിലും
 മഴയിൽ ഞാൻ തുള്ളി തുള്ളിയായി 
ഭൂമിയിലേക്ക്‌ അടർന്നു വീഴുമ്പോൾ
ഇടിമിന്നൽ ആകാശത്ത് എഴുതി വച്ചു
ജന്മമൊഴിഞ്ഞ നിലവിളിയിലൊരു
മുകിൽ കനവ്‌.

    



ഹൃദയവേഗങ്ങൾ

തണുപ്പ് മാറി ഊഷ്മാവ് നിറഞ്ഞ
മനസിലെ തൃഷ്ണയുടെ നിലവറയിൽ
നിഗൂഡ ലിപികളും തീക്ഷ്ണതയുടെ
ശ്വാസ വേഗങ്ങളും അനുഭൂതിയുടെ
ഗന്ധങ്ങളും നിറച്ച് വിശ്വാസത്തിന്റെ
സുഖ ശക്തിയിൽ ഉറക്കങ്ങളും
ഉണർവുകളുമായി
ഞങ്ങൾ ഒന്നിച്ചായി യാത്രകൾ .   
അദൃശ്യമായൊരു പ്രണയത്തിൻ
ചങ്ങലയാലെന്നെ വരിഞ്ഞു മുറുക്കി
ആ ഹൃദയത്തിൽ തളച്ചിടുമ്പോൾ
രണ്ടകാലങ്ങളായ നാമൊരൊറ്റ
പ്രളയത്തിലാണ്ട് മറയുന്നു .





Saturday, 10 August 2013

കരിമ്പനകൾ

കാറ്റു പിടിച്ച കരിമ്പനകൾ
ജടയഴിച്ചിട്ട തപസ്വികൾ .
കണ്ണിൽ സത്യവും മനസ്സിൽ
മായാ ഭ്രമവുമില്ലാതെ
നെറ്റിയിലെ ഞരമ്പ്‌ പോലെ
പൊള്ളി തുടങ്ങിയ
നാട്ടു പാതയിലേക്ക്
വിഹ്വലാത്മാക്കളെ
പടിയിറക്കി വിട്ടവർ.



Friday, 9 August 2013

സഞ്ചാരപഥങ്ങൾ

ഹൃദയം ദത്തെടുത്ത മൗനത്തെ
ഭക്ഷിക്കുന്നു അഗ്ന്നിയുടെ
തടവറയിൽ വേവുന്ന ചിന്തകൾ.
സഞ്ചാരപഥങ്ങൾ നീളെ
എന്റെ നഷ്ട്ടങ്ങളുടെ കഥയും ,
കണ്ണീരുറഞ്ഞ നിർവികാരതയും
ഓർമകളുടെ ജീവിത ചിതയിലെ
നോവിന്റെ കനലുകളിലേക്ക്
ചേർത്ത് വയ്ക്കുന്നു ഒരു നക്ഷത്രം,
തുളുമ്പുന്ന നീർത്തുള്ളിയിലേക്ക്അടർന്നു
 വീഴുന്ന വെയിൽ ചുംബനം പോലെ .




  

  

    

Wednesday, 7 August 2013

പ്രവാഹം

എവിടെയോ ഒരു പഴുത് ഒരു ചോർച്ച
അടയ്ക്കാൻ വയ്യാതെ ബാക്കി കിടന്നു .
അതിലൂടെ ഒരു തേങ്ങൽ ഒലിച്ചു പോയി .
പുറകെ പ്രജണ്ടമായ ഒരു പ്രവാഹം.
ഒരു കച്ചിത്തുരുമ്പ് പോലും
കിട്ടാത്ത ജീവൻ പോലെ ഞാൻ
മുങ്ങിയും പൊങ്ങിയും എവിടെക്കോ
ഒഴുകി മറയുമ്പോൾ കണ്ണുനീർ
 ചെന്തീക്കനലിൽ തൊട്ടൊരു 
മന്ദഹാസത്തിന്റെ പൂനിലാവ്‌പരന്നിരുന്നു .




 
     
 

Tuesday, 6 August 2013

വിശപ്പ്

മരിച്ചവർക്ക് വേണ്ടി
ജീവിച്ചിരിക്കുന്നവർ
അന്നം വച്ച് നീട്ടുന്നു ,
 വിശപ്പ് കൊത്തിയ
വിഷമിറക്കാനാവാതെ
ജീവിതങ്ങളിവിടെ
മഴയോടൊപ്പം മണ്ണിലേക്ക്
അലിഞ്ഞു ചേരുന്നു .

Monday, 5 August 2013

മരണത്തിന്റെ കയ്യൊപ്പ്

മരണം കയ്യൊപ്പിട്ട പ്രാണനെ
പൊതിഞ്ഞു പിടിച്ച
വിതുമ്പലുകൾ,
വേർപിരിയുന്നതിനു
തൊട്ടുമുൻപുള്ള
മൗനമിരുണ്ട നോവിന്റെ
ഉൾക്കാടിനുള്ളിലേക്ക്
കണ്ണീർച്ചാലുകൾ വെട്ടി .
വാക്കുകൾ ഇടമുറിഞ്ഞ്‌
തനു തളർന്ന
നേർത്ത മിടിപ്പിൽ
ശൈത്യത്തിന്റെ കൊടും വേരുകൾ
ആഴ്ന്നിറങ്ങി
നേർത്തൊരു 
ചിറകടിയൊച്ചയിൽ
കൂടൊഴിഞ്ഞ
പക്ഷിയായ് ഞാൻ .
ഈ ജന്മത്തിൽ
ഇത്ര മാത്രം.
സ്വപ്നങ്ങളിനിയും
ബാക്കിയാണ് .
അനിവാര്യമെന്ന്
അറിയാമായിരുന്നിട്ടും
ഒരു മിന്നൽപ്പിടഞ്ഞ
വേദനയോടെ
ഒന്നു മാത്രമെടുക്കുന്നു ഞാൻ
നിൻ കണ്ണിലൂറും ഈ
അലിവു മാത്രം .




Sunday, 4 August 2013

കനൽ പൂവ്

ആകാശത്തും ഭൂമിയിലും
വഴികൾ അവസാനിച്ചപ്പോൾ
നൊമ്പരമുടഞ്ഞ മിഴികളോടെ
ഞാൻ പറന്നിറങ്ങിയത്
ഹൃദയം പൊള്ളിക്കുന്ന
പ്രണയാഗ്നിയിലേക്ക്.
ഒരൊറ്റ ആളലിൽ
ആൽത്മാവൊരു കനൽ പൂവ് .
അതിൻ സുഗന്ധമത്രെ
വെന്തെരിഞ്ഞൊരീ നീറ്റൽ.

Saturday, 3 August 2013

അഗ്നിശലഭങ്ങൾ

ആവിയായി മറയാത്ത മൗനത്തിനുള്ളിൽ
വാക്കുകൾ കെട്ടികിടന്നെന്റെ
നാവിനെ ചുട്ടു  പൊള്ളിക്കുന്നു.
ഇല്ലാതെയായി പണ്ടിവിടെ
വിളക്കിന്റെ തിരികളായികത്തിയോർ.
വെമ്പലെരിയുന്നു കണ്‍കളിൽ അവർ തന്നെ  
അഗ്നിശലഭങ്ങളായി വരുമെന്ന്തിരയുന്നു.
കാല മന്ദത മടുത്തവർ ഭ്രാന്തിന്റെ
കുത്തൊഴുക്കിൽ നാറുമന്ധകാരത്തിൽ
വിചാര മൌട്യങ്ങൾ പാഴ് വയറിന്റെ
ഉടലിൽ നിന്നും മനസിനെ കൊത്തി മാറ്റുന്നു .




     

Friday, 2 August 2013

പരസ്പ്പരം

നമ്മുക്കിടയിലൊരു പുഴയുണ്ട്
ഒഴുകാതെ ഒഴുകുമീ
ഭൂത കാല കുളിർ മൂടിയ
പ്രവാഹത്തിലേക്കു
നാമിറങ്ങുമ്പോൾ
ഋതുവിന്റെ തേരോട്ടമില്ലാതെ
പുനർജനി കാത്തു കിടക്കുകയാനെന്റെ 
നിശ്ചലമീ ആൽമാവിൻ ചിറകുകൾ . 

  

പൊയ്മുഖങ്ങൾ

കോലം കെട്ടിയ
കാലത്തിന്റെ
മുൻവിധികളില്ലാത്ത
നാടകത്തിൽ
മറവിയുടെ മറയിൽ
ബോധപൂർവ്വം ഒളിപ്പിച്ച
ഒരു കറുത്ത
ഭൂതകാലത്തിന്റെ
രൂക്ഷഗന്ധമുണ്ടായിരുന്നു
പൊയ്മുഖങ്ങൾ മൂടുന്ന
അധികാരത്തിന്റെ
ശിരോ വസ്ത്രത്തിന് .