പ്രണയം ഒരു കാലാവസ്ഥയാണോ,
ഉണരുമ്പോൾ വസന്തം, ഉള്ളിൽ തുളുമ്പുമ്പോൾ വർഷം
അകലെയാകുമ്പോൾ ഗ്രീഷ്മം, ഓർമ്മകളിൽ ശിശിരം,
അതെ ഏതെങ്കിലുമൊരു ഋതുവിലല്ലാതെയെങ്ങിനെ ജീവിക്കും.
അടുത്തും അകന്നും ഒരുമിച്ചു ചേർന്നും
ഉൾത്തുടിപ്പുകളെ ആർദ്രമാക്കിയും
ഉച്ച വെയിലിനെ നറു നിലാവാക്കിയും
പ്രാവുകളെപ്പോൾ കുറുകിയിരിക്കുന്നു,
മനസ്സിനെയൊരു മന്ദാരമാക്കി ചേർത്തുപ്പിടിയ്ക്കാൻ
വെമ്പുന്നപ്പോലെ ഓർമ്മയിൽ പണ്ടെന്നോ
ഹൃദയത്തിന്റെ ഇതളുകളിൽ പ്രണയത്തിന്റെ
കടും ചുവപ്പ് തൊട്ട ആ പൂവ്.
നിർനിദ്രമായ രാവുകളിൽ ഭൂമിയും
മരച്ചില്ലകൾ കൊണ്ട് കൈകൾ കോർത്ത്
ഇലകൾ കൊണ്ട് കവിളുകൾ ചേർത്ത്
പൂക്കൾ കൊണ്ട് ചുംബിച്ച് പ്രണയത്തിന്റെ ഉൾച്ചൂടിൽ
തീതൈലം പോലെയെരിഞ്ഞു കൊണ്ടിരിയ്ക്കുന്നു.
വെയിൽപ്പൂക്കളെ പോൽ ജ്വലിച്ചും
നിശ്വാസങ്ങളിൽ സംഗീതമായ് അലയടിച്ചും
സിരകളിൽ ലഹരിയായ് പതഞ്ഞുയർന്നും
ഒരു കണ്ണിൽ നോവായും മറു കണ്ണിലലിവായും
തീവ്രമഗാധമാം മൗനത്തിൻ വേവുന്ന നെഞ്ചകം തന്നിലായ്
പ്രണയമൊരു കനൽപ്പൂവതിൻ സുഗന്ധമത്രെ
വെന്തെരിഞ്ഞൊരീ നീറ്റൽ,അതൊരു വേളയൊരാളെ
വിഡ്ഢിയും ഭ്രാന്തനുമാക്കുമ്പോൾ പ്രണയം
മരണത്തിനുമപ്പുറമാണ്, ഞാനതിലൊരു പൂമരമാവുന്നു.
No comments:
Post a Comment