Wednesday, 9 April 2014

അർബുദം

കരളിലാളുന്ന കവിതയുമായി
നോവ്‌ പെയ്യുന്ന മിഴികളുമായി
മഹാമൗനത്തിൻ മരണമുറിയിലിന്നെന്റെ
കീഴടങ്ങും മുഖത്തെ തിരിച്ചറിയുന്നു ഞാൻ.
നിറവേറാത്ത നിലവിളി സഹനത്തിന്റെ
വൻകരകളിൽ ക്രോധമായലറിയടിക്കുന്നു.
ശിരസിലാഴുന്ന അർബുദലഹരിയിൽ
ചൊടികളിൽ കയ്പ്പ് നിറയുന്നു
വിണ്ട ഹൃദയത്തിൻ നാളമുലയുന്നു
പാപവിശുദ്ധിയിൽ പ്രാണൻ പിടയുന്നു.
ബലിചോറിനായ് വരൾചുണ്ട് പിളരവെ
കൈയുകൾ മാടി വിളിപ്പു പിതൃക്കൾ.
കരയാനും ചിരിക്കാനും കഴിയുന്നില്ല,
വിരമിക്കും ശരീരത്തിൻ നിസംഗത മാത്രം.
മുള്ള്കൊള്ളും തുടിപ്പുമായി
എന്നേ ഋതുക്കൾ ഒഴിഞ്ഞുപ്പോയ്
ഈ മുറിചാർത്തിൽ ഞാനേകയായ്
പൊരിയും നാവുമായ്
ചിതയായി കനലായി ചുടുച്ചാമ്പലാവാൻ
 ഹൃദിസ്ഥമാം കാലൊച്ച കാതോർത്തുകൊണ്ട്
മരണമെ നിന്റെ നിഴലു കാക്കുന്നു ഞാൻ.


     

                      

No comments:

Post a Comment