Tuesday, 29 April 2014

my sight

I saw krishna in trees,
in stones,in creepers,
in flowers,thunder,lightning,
and in every living and non-living being.
whether day or night I remember.
when you fall out of my sight,
I am restless day and night burning.
I climb hill tops and watch for
signs of your return.
my eyes are swollen with tears.
It is your beauty that makes me drunk.
my Lord is the great dark snake.
That love comes up from the
ground of the heart.
what can you tell me of love,
get up,stop sleeping-
the days of a life are short.
I was trying to fly but I couldn't find wings.
But you come along and you changed everything.
My beloved dwells in my heart all day,
I have actually seen that abode of joy.
My lord is Hari ,the indestructible.
My lord,I have taken refuge with you,
your maidservant .


Friday, 18 April 2014

മേഘമൽഹാർ

തെരുവിൽ നിലാവ് വീണ്
തണുത്തുറഞ്ഞു കിടന്നു.
എല്ലാം മായ്ക്കുന്ന കടലിലേക്ക്‌
ഒഴുകിപ്പായാൻ മുറ്റത്തെ ഏറാൽ വെള്ളത്തിൽ
 ഞാനൊരു പുഴയാവാൻ കൊതിച്ചു.
എനിക്ക് ചുറ്റും ഏവരുമെന്നിട്ടും
സ്വന്തം നിഴലിന്റെ വറുച്ചട്ടിയിലെ
രാവിന്റെ നിശബ്ദതയിലും
പകലിന്റെ ആൾക്കൂട്ടത്തിലും
ആയുസ്സ് മുഴുവൻ അത്രയേറെ തനിച്ചായ
ജീവിതത്തിന്റെ ഗ്രീഷ്മ വ്യഥകൾ.
എനിക്കായി ആരോ എവിടെയോ ഒറ്റയ്ക്കാണ്.
ഏതോരു ഋതുവിൽ മഴവില്ലിന്റെ മുറ്റത്ത്‌
പടിവാതിൽക്കൽവരെ നാം കണ്ടിരുന്നു,
പിന്നെയെങ്ങു പോയിയെന്നറിയാൻ വയ്യാതാവുന്നു.
മുഖമില്ലാതിരുളുന്ന കുന്നുകളിൽ 
കത്തുന്ന ഏകാന്തതയുടെ വരണ്ട മിഴികളിൽ
വാതിൽ ചാരി അകന്നുപ്പോകുന്ന ശ്യാമ മേഘങ്ങൾ.
പെയ്തു നിറയാനൊരു മേഘമൽഹാർ
ഏകാന്തതയുടെ ഈ അനശ്വരതയിൽ തിരയുന്നുണ്ട് ഞാൻ,
വെന്തുപ്പോയ വാകമരങ്ങൾക്കൊരു ശരത്ക്കാലവും.



   
     
  

Thursday, 10 April 2014

നീയും ഞാനും

നീ
വരണ്ട കിനാമിഴികളിൽ
മൊഴിയറ്റ മൗനത്തിന്റെ
കത്തിയെരിഞ്ഞ ഗ്രീഷ്മം.
നീ
ഒരൊറ്റ ചുംബനം
കൊണ്ടെന്നെ പൂമരമാക്കിയ
ഋതു സൂര്യൻ.
നീ
ഞാൻ മറന്നുവച്ച
കടൽ ശംഖിലെ
സമുദ്ര സംഗീതം.
നീ
ഓർമ്മ കലങ്ങി
ഓളം തല്ലുന്ന
ജലപാളികളിലൊരു
ചുവന്ന മഷിത്തുള്ളി.
നീ
ശൂന്യമായ മനസ്സിന്റെ 
വിഭ്രാന്തിയിൽ നിന്നടർന്നു
വീണ നഗ്ന നിദ്രയെ ചുറ്റും
പ്രേമക്ഷുബ്ധമെൻ കിനാവള്ളി.
നീ
പുക പൊന്തുമെൻ
ദാഹത്തിൽ മഴയുടെ
മന്ത്ര ധാരകൾ.
ഞാനോ
നിന്നിലൂടൊഴുകി പോയ
ശബ്ദരഹിതമാം
വേദനയുടെ വെള്ളച്ചാട്ടം.


    



    

Wednesday, 9 April 2014

പുഴുക്കൾ.

 മിനുത്തുകൊഴുത്ത് വെളുത്ത
നടു തടിച്ചുകുറിയ കുറെ പുഴുക്കൾ.
മരിച്ചവരുടെ ശരീരത്തിൽ മാത്രം
ഉണ്ടാകുന്നവ അനേകായിരങ്ങൾ.
ജീവനുള്ള ചോള മലര് പോലെ
പരന്നു കൊണ്ടിരുന്നു.
എന്റെ ശരീരം പുഴുക്കളാൽ
പണിത രൂപമായി മാറുന്നു.
അവസാനം ഞാനില്ലാതെ
പുഴുക്കൾ മാത്രം ബാക്കിയാവുന്നു.
എന്റെ ഗർഭപാത്രത്തിൽ നിന്നും
കണ്ണുകളിൽ നിന്നും അവ
പുളഞ്ഞു പുറത്തു വരുന്നു,
എനിക്കു പിറന്ന കുഞ്ഞുങ്ങളെ പോലെ.
അവയും ജീവികൾ തന്നെ.
ഒരു സത്യത്തിന്റെ വെളിപാട് മാത്രം,
ഇത്രയേയൊള്ളൂ കാര്യമെന്ന വലിയ സത്യം
ശരീരത്തിന്റെ അവസാനത്തെ അവകാശികൾ.
എങ്കിലും മർത്ത്യരെക്കാൾ ഭേദമത്രേ ഓരോ പുഴുവും
അതിന്റെ കൂട്ടത്തിലെ മറ്റൊരു പുഴുവിനെ
തിന്നാറില്ല കടിച്ചു കീറി കൊല്ലാറില്ല തമ്മിൽ
ഉപദ്രവിക്കാറു പോലുമില്ലയെന്നതിനാൽ  
അവസാനത്തെ ചിരി അവരുടേത് മാത്രമാവട്ടെ.

             

സഖാവ്

നീ നിറുത്തിയിടത്ത് നിന്നും
ഞങ്ങൾ തുടങ്ങുന്നു സഖാവെ
നിന്റെ നിലയ്ക്കാത്ത ചോരയുടെ
ദീർഘസന്ദേശങ്ങളിൽ നിന്ന്.
ഇനിയുമുണ്ട് ചാരം മൂടി
കിടക്കും കനലുകൾ,
ദിക്കറിയാതെ ഉദിക്കാതെയുഴറുന്ന 
സൂര്യ താപങ്ങൾ,
ഇനിയുമുണ്ട്
നാവു പന്തങ്ങൾക്ക് തീയായി മാറുവാൻ
ശ്വാസം മുട്ടി പിടയുന്ന ചിന്തകൾ.
 കാലത്തിന്റെ കനൽ വഴിയിൽ
അടഞ്ഞ വാതിലുകൾ തുറന്ന്
നാം നേരിന്റെ വിപ്ലവ പുഴയായ്
ഒഴുകുവാൻ തുറന്ന് വയ്ക്കുക
സ്വപ്നത്തിന്റെ തീക്കനൽപ്പേറി
ചുവന്ന കണ്‍പോളകൾ.







  

ചെമ്പക കല്ലുകൾ

പേരറിയാതെ
 മണ്മറഞ്ഞു പോയ
ശിലാശിൽപ്പികൾക്ക് മുന്നിൽ
വിനമ്രരാവുക.
ചെമ്പകപ്പൂ നിറമുള്ള കല്ലുകളിൽ 
കവിത വിരിയിച്ചവർ,
രാഗത്തിൽ നിന്ന് വിരാഗത്തിലേക്ക്
മനസ്സിനെ സംക്രമിപ്പിക്കുന്ന
ഉളിയുടെ നാദം.
വസ്തുവിനെ ഭാവത്തോടിണക്കി 
നിർത്തുന്ന ബ്യഹദാകാരം
അഗ്നിയും കാറ്റും സൂക്ഷിക്കുന്ന
ജീവിതത്തിന്റെ അർഥം തിരയലാണ്. 
    

നൃത്തശാല

എല്ലാ മരങ്ങളും അവയുടെ
എല്ലാ ഇലകളും പൊഴിക്കുന്ന കാലം.
നിസ്സഹായതയുടെ പര്യായങ്ങൾ പോലെ
നഗ്നങ്ങളായ ശാഖകൾ മുകളിലേക്കുയർത്തി
മൂക പ്രാർഥനയിൽ മുഴുകി നില്ക്കുന്ന
വഴി മരങ്ങളുടെ ഇടയിലെ
ഇല വീണ് പരവതാനിയായ
നിരത്തുകളിൽ തണുപ്പുകാലത്തിന്റെ
വരവ് വിളിച്ചറിയിക്കുന്ന നേർത്ത
മൂടൽമഞ്ഞ് പുൽപ്പരപ്പിനെ
ആശ്ലേഷിച്ചു കിടക്കുന്നു.
സ്വർണ്ണതകിട്പൊതിഞ്ഞ
 മലനിരകൾക്കിടയിലൂടെ
വെയിലിന്റെ നൃത്തശാലയിലേക്ക്
കുന്നു കയറിവരുന്നു ബാലസൂര്യൻ.
കാട്ടു തീ പടർന്നത് പോലെ
പുലരിയുടെ ആകാശത്തിൽ പ്രൗഡമായ്
തിടംവച്ച് പൂർണ്ണ സൂര്യൻ.   
     


     
    

കുടജാദ്രി

കുളിർന്ന് വിറയ്ക്കുന്ന പുലർച്ചകളിൽ
മേഘങ്ങൾ മുട്ടിയുരുമ്മുന്ന ഉയരത്തിൽ
നീലിച്ച കുടജാദ്രി മോഹിപ്പിച്ചുകൊണ്ടേയിരുന്നു. 
ഗായത്രികൾ സ്വീകരിച്ച് ഉദിച്ചു വരുന്ന സൂര്യൻ.
അനുഭവങ്ങളുടെയും സന്ദേഹങ്ങളുടെയും
ആരോഹണാവരോഹണങ്ങൾക്കൊടുവിൽ
ജ്ഞാനത്തിന്റെ വിശ്രാന്തിയിൽ മനം മൂകമായ്
സൗപർണ്ണികാ നദിയുടെ കാനനഭംഗിയിൽ
മുങ്ങിക്കുളിച്ച് പൗരാണികമായ ഏതോ ഒരു
കാലത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്നതുപ്പോലെ.
പ്രകൃതിയുടെ അഗ്നികളെരിയുന്ന കണ്ണുകൾ
കാലത്തിനും കീഴടക്കാൻ കഴിയാത്ത
വിസ്മയമാം മഹാനിദർശനം കുടജാദ്രിയെന്നും.
          
  

കുരുക്ഷേത്രയുദ്ധം

ഏത് കാലത്തുമുണ്ട്
കുരുക്ഷേത്ര യുദ്ധങ്ങൾ.
അധികാരം ആയുധത്തിൽ
അധിഷ്ഠിതമാകുമ്പോൾ
വഞ്ചകരായ സേനാനികളുടെ
പത്മവ്യൂഹത്തിൽ അകപ്പെട്ടു
പോവുന്ന അഭിമന്യുമാർ .
ആജ്ഞാനുവർത്തികളായശിഷ്യന്മാരെയേ
 ദൈവങ്ങൾക്കു വേണ്ടു.
തങ്ങളുടെ എതിരാളികളായി തീരാവുന്ന
വീരന്മാരോട് വലംകൈയിലെ പെരുവിരൽ
അറുത്തിടാനവർ അരുളി ചെയ്യും .
നിനവും കനിവും വിതക്കപ്പെട്ട
മർത്ത്യമാനസം ഊഷരഭൂമിയല്ല.
കാതലായി കരുണാർദ്രമായ
ഒരു ഹൃദയമുണ്ടെങ്കിൽ
കൈക്കുമ്പിളിലെ ഒരു കുടന്ന വെള്ളത്തിലും
ജീവിതത്തിന്റെ നേര് നിറച്ച കടലിരമ്പം കേൾക്കാം. 
     
              

ഉൾക്കരച്ചിലുകൾ.

മഴ ധാരമുറിയാതെ
പെയ്യുന്ന സന്ധ്യകളിൽ
എന്നിൽ നിന്നുത്തന്നെയായാലും
എന്നിലെ എനിക്കറിയാത്ത
എങ്ങുനിന്നോ ഒരു ചുടുനെടുവീർപ്പ്
എന്റെ ശ്വാസഗതിയെ തടസ്സപ്പെടുത്തുന്നു.
നിനച്ചിരിക്കാതെ വെറുതെയിരുന്ന്
കണ്ണ് നിറയ്ക്കുന്ന  ഉൾക്കരച്ചിലുകൾ.
ഇന്നെനിക്ക് ഒരു ചെറുചിരി
 കണ്ടുക്കിട്ടിയിരിക്കുന്നു.
കണ്ണുനീരിനിടയിൽ ഊറി കൂടിയ
നാഴിയൂരി ചിരി.
     

പ്രണയം


    
 പ്രണയം ഒരു കാലാവസ്ഥയാണോ,
 ഉണരുമ്പോൾ വസന്തം, ഉള്ളിൽ തുളുമ്പുമ്പോൾ വർഷം
അകലെയാകുമ്പോൾ ഗ്രീഷ്മം, ഓർമ്മകളിൽ ശിശിരം,
അതെ ഏതെങ്കിലുമൊരു ഋതുവിലല്ലാതെയെങ്ങിനെ ജീവിക്കും. 
അടുത്തും അകന്നും ഒരുമിച്ചു ചേർന്നും
ഉൾത്തുടിപ്പുകളെ ആർദ്രമാക്കിയും
ഉച്ച വെയിലിനെ നറു നിലാവാക്കിയും
പ്രാവുകളെപ്പോൾ കുറുകിയിരിക്കുന്നു,
മനസ്സിനെയൊരു മന്ദാരമാക്കി ചേർത്തുപ്പിടിയ്ക്കാൻ
വെമ്പുന്നപ്പോലെ ഓർമ്മയിൽ പണ്ടെന്നോ
 ഹൃദയത്തിന്റെ ഇതളുകളിൽ  പ്രണയത്തിന്റെ
 കടും ചുവപ്പ് തൊട്ട ആ പൂവ്.
നിർനിദ്രമായ രാവുകളിൽ ഭൂമിയും
മരച്ചില്ലകൾ കൊണ്ട് കൈകൾ കോർത്ത്‌
ഇലകൾ കൊണ്ട് കവിളുകൾ ചേർത്ത്
പൂക്കൾ കൊണ്ട് ചുംബിച്ച് പ്രണയത്തിന്റെ ഉൾച്ചൂടിൽ
തീതൈലം പോലെയെരിഞ്ഞു കൊണ്ടിരിയ്ക്കുന്നു.
വെയിൽപ്പൂക്കളെ പോൽ ജ്വലിച്ചും
നിശ്വാസങ്ങളിൽ സംഗീതമായ് അലയടിച്ചും
സിരകളിൽ ലഹരിയായ് പതഞ്ഞുയർന്നും
ഒരു കണ്ണിൽ നോവായും മറു കണ്ണിലലിവായും
തീവ്രമഗാധമാം മൗനത്തിൻ വേവുന്ന നെഞ്ചകം തന്നിലായ്
പ്രണയമൊരു കനൽപ്പൂവതിൻ സുഗന്ധമത്രെ
വെന്തെരിഞ്ഞൊരീ നീറ്റൽ,അതൊരു  വേളയൊരാളെ
 വിഡ്ഢിയും ഭ്രാന്തനുമാക്കുമ്പോൾ  പ്രണയം
  മരണത്തിനുമപ്പുറമാണ്, ഞാനതിലൊരു പൂമരമാവുന്നു.



 

























അർബുദം

കരളിലാളുന്ന കവിതയുമായി
നോവ്‌ പെയ്യുന്ന മിഴികളുമായി
മഹാമൗനത്തിൻ മരണമുറിയിലിന്നെന്റെ
കീഴടങ്ങും മുഖത്തെ തിരിച്ചറിയുന്നു ഞാൻ.
നിറവേറാത്ത നിലവിളി സഹനത്തിന്റെ
വൻകരകളിൽ ക്രോധമായലറിയടിക്കുന്നു.
ശിരസിലാഴുന്ന അർബുദലഹരിയിൽ
ചൊടികളിൽ കയ്പ്പ് നിറയുന്നു
വിണ്ട ഹൃദയത്തിൻ നാളമുലയുന്നു
പാപവിശുദ്ധിയിൽ പ്രാണൻ പിടയുന്നു.
ബലിചോറിനായ് വരൾചുണ്ട് പിളരവെ
കൈയുകൾ മാടി വിളിപ്പു പിതൃക്കൾ.
കരയാനും ചിരിക്കാനും കഴിയുന്നില്ല,
വിരമിക്കും ശരീരത്തിൻ നിസംഗത മാത്രം.
മുള്ള്കൊള്ളും തുടിപ്പുമായി
എന്നേ ഋതുക്കൾ ഒഴിഞ്ഞുപ്പോയ്
ഈ മുറിചാർത്തിൽ ഞാനേകയായ്
പൊരിയും നാവുമായ്
ചിതയായി കനലായി ചുടുച്ചാമ്പലാവാൻ
 ഹൃദിസ്ഥമാം കാലൊച്ച കാതോർത്തുകൊണ്ട്
മരണമെ നിന്റെ നിഴലു കാക്കുന്നു ഞാൻ.


     

                      

അർത്ഥം

ഒരു വരിപോലും കുറിച്ച് വയ്ക്കാതെ
എന്റെയുള്ളിൽ ഞാനെന്നേ മരിച്ചിരിക്കുന്നു.
ഓർമ്മകൾ തിന്നുത്തീർത്ത അഴുകിപ്പോയ
അനാഥജഡം പോലെ ജീവിതം മരവിച്ചു കിടന്നു.
ഉറുമ്പുകൾ നുരിച്ച്
ഗ്രീഷ്മം കൊത്തിത്തിന്ന കണ്‍ക്കുഴികളിൽ
ബാല്യവും  യൗവ്വനവും മുങ്ങിമരിച്ചിരുന്നു.
 ചുംബനത്തിന്റെ വെയിൽ വർദ്ധിച്ചിരുന്ന
ചുണ്ടുകൾക്കിടയിൽ അവസാനത്തെ കവിതയും
നെഞ്ചോളം ആഴ്ന്നിറങ്ങി ശ്വാസമറ്റ്
നീലിച്ചു കിടന്നിരുന്നു.
ദുഖത്തിന്റെ ചക്രവർത്തിനി ഞാൻ
കരച്ചിലുകൾക്ക് ചിറകടിയൊച്ചകൾ നഷ്ട്ടപ്പെടുന്ന
ഈ നിമിഷത്തിന്റെ അനാഥത്വത്തിൽ
സ്വപ്ന ഗ്രന്ഥികൾ മുറിഞ്ഞ് അഗ്നികൾ വമിക്കുന്ന
സംഗീതത്തിന്റെ ലഹരിയും കഴുത്ത് ഞെരിക്കപ്പെട്ട്
തൊണ്ടക്കുള്ളിൽ തണുത്തുറഞ്ഞു കിടന്നിരുന്നു.
എന്നിട്ടും നനവ്‌ വറ്റി ചോര നാറുന്ന
വരണ്ട ജീവിതം ബാക്കിയാവുന്നു,
നീക്കി വച്ചൊരർത്ഥം പോലെ
വ്യർത്ഥമോഹങ്ങൾക്ക് കൊത്തിപ്പറിക്കുവാൻ.

         
         

സൂര്യനെ അണിഞ്ഞ സ്ത്രീ

എന്റെ മനസ്സ്
മൗനത്തിന്റെ മൃതദേഹമല്ല.
വരൾച്ചയുടെ വിരലുകളോ
ശുഷ്ക്ക ലിപികളോ
വേദനയുടെ കനൽച്ചില്ലകളോ
എന്നിലില്ല.
എന്റെ നിശ്വാസങ്ങളിൽ
കൊടുങ്കാറ്റിന്റെ ആരവങ്ങളില്ല
കാലവർഷത്തെ കഴുത്തിലണിഞ്ഞ്
കാലുകളിൽ കടലുകൾ ചിലമ്പുന്നില്ല.
എന്നിട്ടും അനിശ്ചിതത്തിലേക്ക് തുറക്കുന്ന
സ്മരണകളുടെ നദിവേഗങ്ങളിൽ
വിയർത്തൊഴുകുന്ന പകലുകളോട് സൂര്യൻ
 ക്രുദ്ധനായി സംസാരിച്ചു കൊണ്ടു നില്ക്കുന്നു.
ഇന്നെനിക്കറിയാം ജീവിതത്തിന്റെ തീവെയിലിലെ
പ്രഭാമയമായ സ്വപ്നങ്ങളിൽ നിന്ന്
ആ സൂര്യനെ അണിഞ്ഞ സ്ത്രീ ഞാനായിരുന്നു,
 
          

Tuesday, 8 April 2014

ജാലകം

പകുതി തുറന്നിട്ട ജാലകത്തിനപ്പുറം
പാതി തെളിയുന്ന ശൂന്യാകാശം.
ദുഖമെന്നോ സുഖമെന്നോ
വ്യത്യാസമില്ലാതെ അണഞ്ഞുപോയ 
തെരുവുവിളക്കുകൾ
മങ്ങുന്ന കണ്ണിൻ മുന്നിൽ
ഒന്നും തെളിയിക്കാത്ത ലോകം.
വാക്കും അർത്ഥവുമില്ലാത്ത
ഇരുണ്ട നിശബ്ദതയിലെ
കണ്ണുനീരിന്റെ കരിങ്കടലിൽ നിന്ന്
മുങ്ങിയെടുത്ത ശംഖ് പോലെ
നിലാവ് കൊത്തിപ്പറിച്ചൊരെൻ മനം
നെറ്റിയിൽ പൊള്ളുന്ന നെഞ്ച് ചേർത്ത്
ആത്മാവിലെത്തീക്കട്ട മാത്രമെരിച്ച്‌
പാതി മയക്കത്തിലെന്റെ നിശ്വാസത്തിൽ
ഉരുക്കു മൂർച്ചയേറിയ സ്നേഹത്താൽ
തിരസ്ക്കരിക്കപ്പെട്ട യൗവ്വനത്തിന്റെ
ഏതോ പിയാനോ വിതുമ്പുന്നു.