Sunday, 8 September 2013

കനൽമേഘം.


രാധയും മീരയുമല്ല ഞാനെങ്കിലും കൃഷ്ണാ
നീയറിയാതെയെരിയുമൊരു കനൽമേഘം.
അസ്തമനത്തിന്റെ ആകാശത്തിൽ
മധുരയുടെ രാജാവിന്റെ മുഖം തേടിയുഴറി
ഹൃദയത്തെ ചുട്ടു പൊള്ളിക്കുമൊരു
കനൽച്ചില്ലയായി നീ നടന്നു മറഞ്ഞ
മണൽത്തരികളെ ചുംബിച്ചുലയുമെൻ
നെഞ്ചിലെ കനലിൽ വേവുമൊരു
മൗന വേദനയുടെയീയുന്മാദമതൊരു-
രോഗമോ വിഭ്രമമൊയെന്താകിലും
ഒരു ശ്വാസത്തിനും മറ്റൊരു
ശ്വാസത്തിനുമിടയിലുള്ളൊരീ
ജീവിത തീക്കാറ്റ് ഞാനാസ്വദിക്കുന്നു. 
    
   
  




               

Friday, 6 September 2013

സ്നേഹം

സ്നേഹം മഴയാണ്
അത് കുത്തിയൊലിച്ചങ്ങു
പെയ്താൽ ഭൂമി ചിതറി
അലിഞ്ഞു തീരുകയേയൊള്ളൂ.
സ്നേഹം വെയിലാണ്
അത് മനസ്സ് പൊട്ടിത്തെറിച്ചങ്ങു
അഗ്നിയായ് ഉരുകിയാൽ
ഉരുക്കാനല്ലാതെ മറ്റൊന്നും
ഭൂമിക്ക് അറിയില്ല.
സൂര്യൻ ഉണങ്ങി പോയെന്നാൽ
ഭൂമിക്ക് തണുത്തു വിറക്കാൻ
പറ്റുമോയെങ്ങിനെയെങ്കിലും
ചൂടാക്കി മുന്നോട്ടുള്ള വഴി
ചവിട്ടി തീർക്കണം.  
   

Thursday, 5 September 2013

മൃത്യുന്മാദം

മൃത്യുവിന്റെ അധോലോകത്ത്
ആരാണെന്റെ ഉറക്ക മുറിയിൽ
പൊട്ടിച്ചിരിച്ചു മറഞ്ഞത്.
അസ്ഥികളുടെ അറയിലെ
ആത്മാക്കളുടെ ദുഃഖ ഖനി തേടി
നിഗൂഡ വഴിയിൽ കുടുങ്ങിയ ഞാൻ
നെഞ്ചിലൂടൊരു പാമ്പിഴയുന്ന പോലെ
മൃത്യുന്മാദമറിഞ്ഞ് നിശബ്ദത പതുങ്ങി
നിന്ന മരണ സാമ്രാജ്യത്തിന്റെ
തുരങ്ക കവാടത്തിൽ അദൃശ്യമായ
അസംഖ്യം നിലവിളികൾ എനിക്ക് -
മുന്നിൽ തടസ്സ മതിലുകൾ തീർത്തു.
മൃത്യു അതി ക്രൂരമായൊരു ലഹരി-
കുത്തിയെന്റെ ഞരമ്പുകളെ തളർത്തി.
മൗനമായൊരു ശിശുവെപ്പോലെ
അലറി കരഞ്ഞു ശ്വാസത്തിനായ്
വായ്‌ പിളർന്നെങ്കിലും ഹൃദയമതിനുള്ള
വഴികളെ തടസ്സപ്പെടുത്തിയിരിക്കുന്നു.
മരണക്കുഴിയും ഗർഭപാത്രവും ഒരുപ്പോലെ
രണ്ടിലും ഇരുട്ടും തണുപ്പും ഏകാന്തതയും.  
ഇതിനുമപ്പുറത്തേക്ക് എന്തെന്ന
ജിജ്ഞാസയാൽ ഞാനീ വിഷാദത്തെ
കടുത്ത ഒറ്റയാവലിനെ പങ്കിട്ടെടുത്തു.


             

Wednesday, 4 September 2013

യാത്രാ മൊഴി

ബന്ധങ്ങൾ തൻ
 ഭാരമിറക്കി വക്കാതെ
നീണ്ടൊരീ മൗനത്തിൻ
കോടി പുതച്ചു ഞാൻ
മന്ദമായ് അന്ത്യമാം
യാത്ര പോകെ
മറ്റൊരാത്മാവിൻ
ആരോരുമറിയാത്ത
നോവെൻ മഞ്ചത്തിൽ
കണ്ണീർ പൂക്കളായി.
അത്രമേൽ സ്നേഹിച്ചൊരാ
ഹൃദയത്തിൻ തേങ്ങലെൻ
പ്രാണനെ പിന്തുടരുമ്പോൾ
എങ്ങിനെ ശാന്തമായ്
ഞാൻ ഉറങ്ങും.       
     

Tuesday, 3 September 2013

ഓർമ്മകളിൽ പ്രണയം


ജീവിതവും മരണവും
സ്മൃതികളും വിസ്മൃതികളും
സ്വന്തമായൊരാകാശം തേടി
ഹൃദയത്തിലേക്കണഞ്ഞ നമ്മെ
ബന്ധിപ്പിച്ചതേതൊരു കർമ്മം.
നീ വരാത്ത വഴികളിൽ പോലും
പാദങ്ങൾ കാത്തു നിന്നിടറുന്നതും
നീണ്ട മൗനത്തിലെക്കെന്റെ
ചേതന ചിറകു കുഴഞ്ഞ് വീഴുന്നതും 
,കണ്ണിൻ സ്വപ്ന ജാലകത്തിലൂടെ നാം 
ജന്മാന്തരങ്ങളെ കണ്ടു മൂർച്ചിച്ചതും,
കത്തുന്ന ചുംബനം കൊണ്ടു നീയന്നെന്റെ 
പ്രാണനെ ചുട്ടു പൊള്ളിച്ചതും,
ഒരു കടൽക്കാലത്തിനപ്പുറം
അങ്ങകലെ നീയറിയുന്നുവോ.
എന്തിനീ ജീവിതം മഹാശൂന്യം
എനിക്കായൊരു ജന്മം നീ ജനിക്കും വരെ.
       
           .         

Monday, 2 September 2013

ചിപ്പിക്കുള്ളിൽ

എവിടെയൊക്കെയോ കൊച്ചു
വിളക്കിൻ കൂട്ടങ്ങൾ തെളിയുന്ന
തണുത്തുറഞ്ഞ രാത്രിയുടെ ഇരുളിൽ
നഗര സൗന്ദര്യങ്ങളഴിച്ചു വച്ച്
പച്ചപ്പും ആകാശവും ചേർന്ന്
കൈക്കുമ്പിളിലൊളിപ്പിച്ച
ചിപ്പിക്കുള്ളിൽ നിന്നും പുറത്തു
കടന്ന എന്റെ സ്വപ്നം തളിരിലയിൽ
നിന്നുതിർന്നു വീണ തുഷാരമായി
പ്രകൃതിയിൽ ഞാനുപേക്ഷിച്ചു
പോന്ന ഹൃദയത്തിന്റെ ഒരു തുണ്ട്
നിസ്സഹായമായ ജീവന്റെ വ്യഥയോടെ
മനസിനെ തൊട്ടകന്നെങ്ങൊ പോകുന്നു

കന്നി മഴ

മിന്നാമിന്നികളെങ്ങോ പോയൊളിച്ച്
നിശ്ചലമായ രാത്രിയിൽ ഇമ്പമുള്ള
കിലുക്കങ്ങളുടെ ചിലമ്പണിഞ്ഞ്
നിർവൃതിയുടെ കുളിരണിഞ്ഞു
 പ്രിയതരമായ രാത്രി മഴയുടെ ശബ്ദം.
കന്നി മഴതുള്ളികളുടെ പ്രകമ്പനത്തിൽ
ഭൂമി പൊട്ടിയ ദാഹിച്ചു വരണ്ട മണ്ണ്
താഴെ വീഴുന്ന ഓരോ തുള്ളിയും
അപ്പപ്പോൾ തന്നെ കുടിച്ചു തീർക്കുന്നു
ഊർവരതയുടെ മുലപ്പാൽ നുണയുന്ന
കുട്ടിയെപ്പോലെ ഇനിയുമിനിയുമെന്നത്
മഴനൂലുകൾക്കായി നാവു നീട്ടുന്നു.
സൂര്യ താപത്തിൽ പൊള്ളിപ്പോയ നാളുക-
ളുടെയും വിണ്ടു കീറിയ മുഖത്തിന്റെയും
ഓർമ്മകളിൽ മണ്ണ് കുതിർന്ന മോചനത്തിന്റെ
നനവിലൊരു വശ്യഗന്ധം മനസിനെ ചൂഴ്ന്നു.
ഉടലിൽ കാമൻ തൊടുത്തോരായിരം അമ്പുകൾ
പോലെയത് വന്നു തൊടുന്നു ഉള്ളിലെക്കൂർ-
ന്നിറങ്ങി ഇന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്നു.
അതിജീവനത്തിന്റെയും മന ശാന്തിയുടെയും
മന്ത്രം പോലെ വേനലിനെ മറികടന്ന ജീവന്റെ
ഉയർത്തെഴുന്നേൽപ്പിന്റെ ആനന്ദം.