Tuesday, 15 September 2015

ബോണ്‍സായി

സ്വന്തം ബാല്യത്തെക്കാൾ
മക്കളുടെ ബാല്യം പ്രിയപ്പെട്ടതാവുന്നത്
വാർദ്ധക്യത്തിൽ ഒറ്റയ്ക്കാകുമ്പോഴാണ്‌.
ജനിയ്ക്കുന്നതിൻ മുന്പേയവർ
ഹൃദയത്തിൽ പിറക്കുന്നു.
അച്ഛന്റെ നെഞ്ചിലെ ചൂടും,
അമ്മതൻ ജീവൻ നുണഞ്ഞും
ഓർമ്മകൾ പോലവർ വലുതാവുന്നു.
അതുവരെ അവർക്ക് ചുറ്റും മാത്രമായി ,
കഥകളിലും കളികളിലും നിറഞ്ഞു നിന്നവർ,
ആ ഫ്രയ്മിൽ നിന്നും പുറത്താവുന്നു.
വൃദ്ധസദനങ്ങളിലും വഴിയോരങ്ങളിലും,
ദേവാലയാങ്കണങ്ങളിലും നടതള്ളി പിരിയുമ്പോൾ
പിന്നെ ശൂന്യതയിലേയ്ക്ക് ഒരു വീഴ്ച്ചയുണ്ട്,
കാരണമറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും.
മക്കളുണ്ടായി കഴിഞ്ഞാൽ
അവർ മാത്രമാണ് വലുതാവുന്നത്,
അച്ഛന്റെയും അമ്മയുടെയും ലോകം
ബോണ്‍സായി പോലെ അവർക്ക് ചുറ്റും
മാത്രമായി മുരടിച്ചു നില്ക്കും.

Monday, 14 September 2015

മഴ മേഘങ്ങളെ പ്രണയിച്ച ഭൂമി
പച്ചപ്പട്ടു ചേലകൾ തിരയുമൊരു
കുഞ്ഞു പൂവിൻ കണ്ണിലായ്
ഹരിതസ്മൃതി തേടും നോവിൻ
വിദൂര സ്വപ്ന മൃദു കണമടരുന്നു.
മൊഴിയറ്റ ചുണ്ടിൽ കണ്ണുനീരിനുപ്പുമായ്
ആരുമറിയാതെയെത്ര പുഴകൾ
വഴി മറന്നു പാതിയും കടൽ
നെഞ്ചിലലിയാതെ മാഞ്ഞുപ്പോയ്.
കാടാറും താണ്ടിയെത്തും നറു നിലാവിൽ
തണല് വെട്ടി വള്ളിക്കുടിലുകളുണങ്ങിയ പാതയിൽ
വാടിയൊരു കൈതപ്പൂവിൻ മണം തേടും
കാറ്റിൻ നെഞ്ചകം തിരയുന്നുണ്ടിനിയുമൊരു വസന്തം.
ജീവിച്ചു തീർന്നിട്ടില്ലെന്ന തീവ്രമായ
ഒരു തോന്നലിന്റെ മുനമ്പിൽ
തൂങ്ങിക്കിടക്കുകയാണെന്റെ ജീവൻ.
ഓർമ്മകളിൽ പരതുമ്പോൾ മറവി
ആക്രമിച്ചു കീഴടക്കിയ ശൂന്യത മാത്രം.
മരണവുമായുള്ള ദീർഘസംഭാഷണത്തിനൊടുവിൽ
സമരസപ്പെട്ടവളെ പോലെ ഞാൻ .
അടക്കി പിടിച്ച യൗവ്വനത്തിന്റെ
രഹസ്യങ്ങൾ പോലെ പാതി തുറന്ന കണ്ണുകളിൽ
മറന്നു പോയ ആധികൾ,കരച്ചിൽ കടന്നും,
തുളഞ്ഞു പോയ ചില വേദനകൾ.
മടുപ്പ് തിന്നുന്ന ഉറക്കങ്ങളിലെല്ലാം
മരിച്ചു പോവുന്ന കനൽ സ്വപ്നങ്ങൾ.
കാലം മാറുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ചിലത്
അത്യധികം വേദനാജനകമായി തീരുന്നു.
മഴയിൽ കുതിരാതെ
വെയിലിൽ ഉരുകാതെ
വരൾച്ചയുടെ വിള്ളലുകളിൽ
മറഞ്ഞു കിടന്ന എന്നെ നീ
കണ്ടെടുക്കുംവരെ ഞാൻ
വസന്തം പൊട്ടിത്തരിയ്ക്കാത്ത
ഒരു മഞ്ഞു ശിലയായിരുന്നു.
പ്രണയത്തിന്റെ തീക്കല്ലുകളിൽ തട്ടി
അലിഞ്ഞു പോയ ഹിമ പാളികളാൽ
എനിക്ക് പൊള്ളുന്നു നീയെൻ തണുത്ത
നെഞ്ചിലേയ്ക്കിട്ട തിളയ്ക്കും അനുരാഗത്താൽ.
ഇനി മേഘ ജാലകം തുറക്കാം
ഈ മുറി മുഴുവൻ മേഘങ്ങളാണ്
സംഗീതം പോലെ ഇടി മിന്നലും,
ഗസലുകളുടെ മനസ്സ് പൊള്ളുന്ന ചൂടിൽ
മുറുകുന്ന ചിലങ്കകളുടെ താളക്കിതപ്പിൽ
സിന്ദൂരവർണ്ണങ്ങൾ പടർന്ന നെറ്റിത്തടം പോലെ
ഋതുക്കളിൽ വർഷമാണ്‌ പ്രണയിനി.
മേഘത്തേരിൽ അവൾ വരും.
വേനൽ പൊള്ളിച്ച മലമുടികളിൽ
അനുരാഗത്തിന്റെ പച്ച കുത്തും.
വെന്തു പോയ മരങ്ങളിൽ
പൂവള്ളികളായി പിണയും .
സീൽക്കാരത്തോടെ കൊത്തും.
വെള്ളി ചിലമ്പുകൾ
എറിഞ്ഞുടച്ച് പാറക്കെട്ടുകളെ
വെണ്ണക്കല്ലുകളാക്കും .
തുളുമ്പി നില്ക്കുന്ന ഒരു -
ചിമിഴ് പോലെയാകും പ്രകൃതി,
ഒന്ന് തൊട്ടാൽ ഉടഞ്ഞു പോകുന്ന
പളുങ്ക് മണികളുടെ പുതപ്പ്.
കായലിലും ചുരത്തിലും-
കടലിലും പാട വരമ്പത്തും ,
സമൃദ്ധിയുടെ വെള്ളച്ചാട്ടങ്ങളിലും,
മഴയുടെ നവരസങ്ങളുടെ വിഭിന്ന ഭാവങ്ങൾ.
ഋതുക്കളിൽ മഴയ്ക്ക്‌ ആയിരം കൈകളുണ്ട്.
കടലിൽ തിരയിളകുന്ന പോലെ
അക്ഷരസമുദ്രം അലയടിയ്ക്കുന്ന
എന്റെ മനസ്സ് ഒരു കവിതയാണ്.
ഇടയ്ക്ക് ഒരു രഹസ്യം പോലെ ആ കവിത
മറ്റൊരു കവിതയെ മോഹിയ്ക്കും,
വരികൾ പരസ്പരം ചേർത്തെഴുതും,
ചില നിശ്വാസങ്ങൾ പങ്കിടും,
ഉറങ്ങാത്ത രാവുകളിൽ
ഇല്ലാതെ പോയ സ്വപ്നങ്ങളെ,
പകൽക്കിനാവുകൾ കൊണ്ട് നേരിടും.
ഏതോ നദിയുടെ തീരത്ത്
ഇല്ലാത്ത കടമ്പിൻ ചുവട്ടിലായ് കാത്തിരിയ്ക്കും,
അപ്പോൾ തുറന്നിട്ട മനസ്സിന് മുൻപിൽ
കൊടുങ്കാറ്റുകൾ വേഗം പോരാതെ ചൂളി നില്ക്കും.
ഏതു നിമിഷവും പെയ്യാവുന്ന മഴയായ് ആകാശം
കണ്‍ക്കോണിലാഴങ്ങളിൽ ഒളിച്ചിരിയ്ക്കും.

സന്ദേശം

ആദ്യമൊക്കെ മഴ വീടിനകത്ത് പെയ്യും,
ഓലകൾക്കിടയിലുള്ള വിടവിലൂടെ വന്ന്
താഴെ അമ്മ വച്ചിട്ടുള്ള പാത്രങ്ങളിലെയ്ക്ക് വീഴും.
ഓടായപ്പോൾ മഴ പടിയ്ക്ക് പുറത്തായി.
ജനലിലൂടെയും വാതിലിലൂടെയുമൊക്കെ
പുറമെ നിന്ന് കൈവീശി കാണിയ്ക്കുന്ന
സുഹൃത്തിനെ പോലെ.
ഇപ്പോൾ വാർക്കയായപ്പോൾ
കാറ്റും വെളിച്ചവും പോലും കടന്നു വരാതെ
മൊത്തം കൊട്ടിയടച്ച് ഒന്നും അറിയാതാവുന്നു.
പുറത്തിറങ്ങുമ്പോൾ മണ്ണ് നനഞ്ഞു കിടക്കുന്നു-
"ഞാൻ വന്നിരുന്നു" നീ തിരക്കായതിനാൽ
കാണാതെ പോകുന്നുവെന്ന് മഴയൊരു
സന്ദേശം ഇട്ടിട്ടു പോയത് പോലെ.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള
അകലം കൂടി കൂടി വരുന്നു. 



Thursday, 3 September 2015

എനിയ്ക്ക് ചുറ്റും പവിഴപ്പുറ്റുകളാൽ
ചുറ്റപ്പെട്ട കടൽപൊയ്ക,
എന്റെ കാൽച്ചുവട്ടിൽ നൂറായിരം
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു.
മണൽ ഉടലിനെ പൊതിയുന്നു,
ഒരു പൂവിന്റെ നെടുവീർപ്പ് പോലെ
തിരകളുടെ ശ്വാസ ഗന്ധം .
ഇതൊരു നഷ്ടമല്ല നിശബ്ദതയുടെ
ആഴങ്ങളിൽ വർണ്ണനാതീതമായ വർണ്ണങ്ങൾ.

ഓണത്തുമ്പികൾ

ഇളവെയിലിന്റെ നിറമുള്ള ഓണത്തുമ്പികൾ
തൊട്ടതെല്ലാം പറയാതെ പറയുന്നു...
ഓരോ ചെറുപൂക്കളുടെ സുഗന്ധത്തിലും
ഓരോ വൃണിത സ്നേഹവും നിലവിളിയ്ക്കുന്നു,
ജാലകത്തിനടുത്തിരുന്ന് വിരൽത്തുമ്പിൽ നിന്നൂർന്നു
വീഴുന്ന നിലാവിന്റെ ഉത്തരീയത്തിൽ നക്ഷത്രങ്ങളുടെ
വൈഡൂര്യങ്ങൾ തുന്നി ചേർക്കുമ്പോഴും,
പ്രാവിനെപ്പോൽ കുറുകുന്ന ഓർമ്മകളെ
കഴിഞ്ഞ രാവിൽ പുഴയിലേയ്ക്കെറിഞ്ഞതെല്ലാം മുത്തായിരുന്നു.
പകരം വയ്ക്കാനില്ലാത്ത പ്രാണന്റെ പുണ്യം പോലെ,
കാലമെത്ര കഴിഞ്ഞാലും മനസ്സ് കൊണ്ടെങ്കിലും
ഒരു മടങ്ങി വരവ് കൊതിയ്ക്കുന്നുണ്ട്
ഒരോണക്കാലത്തിന്റെ നിറവാർന്നു നെഞ്ചകം .