Monday, 4 May 2015

സന്ധ്യകളിൽ ആകാശത്തെ നീലമേഘങ്ങൾക്ക്
എന്റെ കൃഷ്ണ രൂപമാണ്.
ഓടക്കുഴൽ ചുണ്ടോടു ചേർത്ത്
സ്നേഹം മയങ്ങുന്ന കണ്ണുകൾ പാതിയടച്ച
നിന്നോടെനിക്കെന്നുമൊരിഷ്ട കൂടുതലുണ്ടായിരുന്നു.
അഷ്ടപദിയുടെ ശീലുകളുതിരുന്ന
അമ്പലമുറ്റത്ത് നിന്നപ്പോഴും ഭക്തിയല്ല
മനസ്സിലുണർന്നത് പ്രണയമായിരുന്നു.
ആ കണ്ണുകൾ,അത്ര മേൽ സ്നേഹ ദീപ്തമായൊരു നോട്ടം,
 ഒഴുകാൻ മറന്ന് പോയ യമുനാ നദി പോലെയായ് ഞാൻ.
എന്ത് കൊണ്ടാവാം നീയെന്റെ ഹൃദയമിങ്ങിനെ കവർന്നത്,
 തീവ്രാനുരാഗിയാമെൻ മനസ്സിലുണ്ടൊരു വൃന്ദാവനം,
പൂത്ത നീല കടമ്പുകൾ,ജന്മജന്മാന്തര ബന്ധം പോലെ നീയും.
ആ സങ്കൽപ്പങ്ങളിലെ നിഗൂഡമീ മധുരത്തിൽ
ജീവിതം തന്ന കയ്പ്പുകളെ ഞാൻ മറക്കുന്നു.  
             
       

Friday, 1 May 2015

രക്തത്തിൽ ജ്വരം ബാധിച്ചൊരു വിറയൽ പോലെ
പ്രണയത്തിൽ മുങ്ങി നിവരുമ്പോൾ
ഞാനൊരു ഉന്മാദിനിയാവുന്നു.
പെയ്ത്തിനു മുന്നേയുള്ള മുന്നൊരുക്കം പോലെ
ചില കുതിപ്പുകൾ, ഈ മാത്രകൾ,
എന്തൊരു തിടുക്കമാണവയ്ക്ക്.
ഋതുക്കളെല്ലാമൊരൊറ്റ ഉടലായി എന്നിൽ,
ഞാനോ നനഞ്ഞ മണ്ണിൽ തളിർത്തു കിടന്നു.
ഹൃദയം വസന്തങ്ങളെ മാത്രം ഗർഭം ധരിച്ചു.
തിളയ്ക്കുന്ന ശ്വാസഗതിയിൽ പ്രകൃതിയുടെ-
അഗ്നിയെരിയുന്ന കണ്ണുകൾ പോലെ
കോടാനുകോടി നക്ഷത്രങ്ങൾ സ്വപ്‌നങ്ങൾ കൊണ്ട്
ജീവനെ ഊതിയുണർത്തി ഭൂമിയെ സ്വർഗ്ഗമാക്കാൻ
വെളിച്ചത്തിന്റെ സ്ഫോടനങ്ങൾ മിന്നിച്ച്
എന്നോട് സംസാരിച്ചു കൊണ്ടിരുന്നു .