Wednesday, 21 January 2015

അക്ഷരങ്ങളിലെ അഗ്നി

ഒന്നുറക്കെ കരയുവാനാവാഞ്ഞ്
അകം പുകയുകയായിരുന്നു എന്റെ നിലവിളി.
നോവിന്റെ മന്ത്രധാരകളിലുരുകി
അലിയുകയാണെന്റെ ആര്ദ്ര ഹൃദയം.
വെളിച്ചത്തിലേയ്ക്ക്
കണ്ണയയ്ക്കാതിരിയ്ക്കാനാവില്ലെനിയ്ക്ക്
സത്യം പറയുന്ന നീതിസൂര്യന്റെ കിരണങ്ങളെ
സ്വപ്നം കാണാതിരിയ്ക്കാനാവില്ലെനിയ്ക്ക്,
കൂടുതൽ ഉയരത്തിൽ തിരിച്ചു വരാൻ
പിന്മടങ്ങുന്ന കടൽത്തിര പോലെ
ആത്മാവിന്റെ ആക്രോശങ്ങളിൽ ഒറ്റ തിരിഞ്ഞ
 മണൽത്തരിയായി അവസാനിയ്ക്കുന്നില്ല ഞാൻ.
എഴുതാതിരിയ്ക്കാനത്രേ മതാന്ധതയുടെ വാൾ-
കൊണ്ടവരെന്റെ വിരലുകളെ അറുത്തെറിഞ്ഞത്,
പറയാതിരിയ്ക്കാനായി നാവും പിഴുതെറിയുന്നു.
എത്ര തൂത്താലും പോവാതെ അടിത്തട്ടിലൂറി നില്ക്കുന്ന
ജാതി ചിന്തകളെന്നെ ചെന്നായ്ക്കൾക്കെറിഞ്ഞ് കൊടുക്കുന്നു.
നിലവിളികളും നിഷേധങ്ങളും പാഴാവുന്നു,
എഴുത്ത് മരിക്കുന്നുവെന്നാൽ ഞാൻ മരിക്കുന്നു.
പുകയുന്ന മനസ്സിന്റെ മുറിവുകൾ എന്തിനെന്നെ
 ജീവിതത്തിന്റെ കഴുമരങ്ങൾ കാട്ടിത്തരുന്നു.
തൂക്കി കൊല്ലപ്പെട്ട ആയിരം ജീവിതത്തെക്കാൾ
നീണ്ട കാലമാണ് കഴുമരത്തിനുള്ളത്.     
 ഹിമസദൃശ്യമീ ശവക്കുഴിയ്ക്കുള്ളിലെന്നാലും 
 നേരിന്റെ മഷി നിറച്ച എഴുത്താണിയ്ക്കെന്നും
 ആയുധത്തെക്കാൾ മൂര്ച്ചയുണ്ട്,അഗ്നിയെക്കാൾ പൊള്ളലുണ്ട്.
അവയിലെന്റെ ഹൃദയസ്പന്ദനം കൊണ്ട് ജ്വലിയ്ക്കുന്ന
ആത്മാവിന്റെ തീപ്പൊരിയാണ് ചിന്തകൾ.


No comments:

Post a Comment