Saturday, 9 August 2014

ഗാസയിലെ തീ

ഒരു യുദ്ധം തീരുമ്പോൾ മറ്റൊന്ന് തുടങ്ങുന്നു,
വെടിയൊച്ചകൾ ആകാശം മുട്ടെ
ഉയരുന്നു പുകച്ചുരുളുകൾ.
ഇത് കണ്ണീർപ്പഴക്കങ്ങളെയെങ്ങോട്ടോ
പലായനം ചെയ്യിക്കാനധർമ്മത്തിൻ കിരാതത്വം.
ബോംബുകൾ പെയ്തു വീണു ചിന്നി ചിതറി
തെറിക്കും കബന്ധങ്ങളിൽ, ദീനരോദനങ്ങളിൽ
പൊടിയുന്ന ചങ്കുമായി തൻ പൈതങ്ങളെ
തിരഞ്ഞു തളരുന്നോരമ്മ കാലുകൾ.
അക്ഷരങ്ങൾക്കും പകർത്തുവാനാവുമൊ 
മനം നൊന്തുയരുമാ ഗാന്ധാരീ വിലാപങ്ങൾ.
ഇനിയുമടയാത്ത നിർജീവമാം മിഴികളിൽ
മുങ്ങി കിടക്കുന്നു നിങ്ങൾ തൻ സ്വപ്‌നങ്ങൾ,
കിനാക്കളില്ലാ കരിന്തിരി വെട്ടങ്ങളായ്.
മാംസം വെന്തൊരു തീ കാറ്റിൻ മണമേറ്റ് കരിഞ്ഞ
മണൽക്കുഴിയിൽ ഗാസ ചുവന്നു വിതുമ്പുമ്പോൾ
യുദ്ധ കൊതിയുടെ നിറുകയിൽ നിന്നീ രക്തത്തുള്ളികൾ
 പാനം ചെയ്തു ഗുരുതിക്കളമാടിയുറയാൻ
ഏതു മത വിശ്വാസങ്ങളേത് വർഗ്ഗങ്ങൾ ഒരേ
 ആകാശമൊരേ ഭൂമിയും വെട്ടിമുറിച്ചതിരുകൾ തീർപ്പു.
 ചിന്തിക്കു മൗനം പുലർത്താതെ നമ്മുക്കും ലജ്ജിയ്ക്കാമിനി,
ഈ ആശങ്കകളിൽ സമാധാനമൊരു വിശ്വാസം മാത്രമാവുന്നു.
കനത്ത വ്യസനവും നരച്ച നാളെകളും ഒരിക്കലും
അവസാനിയ്ക്കാത്ത വിഷാദങ്ങളും മാത്രമീ യുദ്ധാന്ത്യത്തിൻ
തിരുശേഷിപ്പുകളെന്നാകിലും നിഷ്പക്ഷപാതം ജ്വലിയ്ക്കുമൊരു
സൂര്യനെ സ്വപ്നം കാണുന്നുണ്ട് ഗാസയുടെ ഉരുകുന്ന നെഞ്ചകം.









      



    

still waiting

Rain drops are falling down
those will vanish to some where
but I am waiting
until that drizzle come again.
Jasmines have died
lily blossoms have gone
but I am waiting till next summer
to see those expecting
Heart feels immense lonely
since you have left me
but I won,t shed tears
I am waiting
until you come to my life.

Saturday, 28 June 2014

Dear death

Dear death,
If you say i come today
I won't cry
I won't worry
I read the story of life
and I learnt what dose it mean.


Monday, 16 June 2014

ഏകാന്തതയുടെ കവാടങ്ങൾ

മിഴിനീർപ്പൂ ഇതളുകൾ പൊഴിയുന്നുണ്ട്‌.
പൊഴിയുന്നവയ്ക്കു ഇരിക്കാനൊരിടം
തിരയുന്നുണ്ട് നിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ .
നീ ഉത്ഭവിച്ചത്‌ എന്റെ ഭൂത കാലത്തിൽ നിന്നാണ്.
നിന്റെ കണ്ണുകളും പുഞ്ചിരിയും മുൻജന്മങ്ങളിലും
എനിക്ക് പരിചിതമായിരുന്നു.
ചെറിയ മാത്രയിൽ മാത്രം നിന്റെ സാമീപ്യം
ഞാൻ അനുഭവിച്ചറിയുന്നു.
നീയും ഞാനും മൗനം അന്യോന്യം പകർന്ന്
വാക്കുകൾ കൊണ്ടാകാശം തൊടുന്ന
ഒരു ഗന്ധർവാകൃതി ഞാൻ നിനക്ക് നേടിത്തന്നു.
ആ ഹ്രസ്വകാലം ഇന്ദ്രജാലത്തിന്റെ ഋതുകാലമായി.
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ഇടയിൽ സഞ്ചരിച്ച്
വേലിയേറ്റത്തിൽ കടലെന്ന പോലെ ഞാനഹങ്കരിക്കുന്നു.
കവിളുകളിൽ തീനാളങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്വപ്‌നങ്ങൾ.
പൌർണ്ണമികൾ ആവര്ത്തിക്കപെടും ഞാൻ പ്രണയിനിയാണ്. 
ഏതു മൂഡസമൂഹമാണ് എന്റെ നേത്രങ്ങളിൽ
 ഉന്മാദത്തിന്റെ തിളക്കമുണ്ടെന്ന് വിധിച്ച മാന്യനാമധേയങ്ങൾ.
അവരുടെ കണ്ണുകളിലെ ക്രൗര്യം ദർശിച്ചിട്ടോ
എന്റെ പൂമുഖം വിട്ടു നീ തിരിഞ്ഞു നടന്നത്,
ദൈവമെന്ന അപാരമായ ഏകാന്തത മാത്രം കൂട്ടായി തന്നത്.
എന്റെ ആത്മാവ്‌ വെറും അടിമയാണ് മോചനമില്ലാത്ത
സര്ഗ്ഗ ശക്തികളുടെ തടവറയിലെ അടിമ. 

                  


Saturday, 14 June 2014

ഷേക്സ്പിയറോട്

ദൂരെ ദൂരെയുള്ള കടലരികിന്റെ
അദൃശ്യതയിൽ നിന്നുയരുന്ന നിന്റെ ഉജ്ജ്വല മുഖം.
ഹേ കവി സൂര്യാ, ചക്രവാളത്തിന്റെ
നെഞ്ചകം അങ്ങയെ അറിഞ്ഞു.
അവൾ അങ്ങയുടെ നെറ്റിയിൽ ഉമ്മ വച്ചു.
കാനന ശാഖകളാകുന്ന കൈയിൽ കോരിയെടുത്ത്
മൂടൽമഞ്ഞിന്റെ മൂടുപടത്തിൽ നിന്നെ ഒളിപ്പിച്ചു.
ദേവതമാർ ഓടികളിക്കുന്ന പൂക്കൾ വിരിഞ്ഞ 
ശാദ്വല ഭൂമിയിൽ അവൾ നിന്നെ നോക്കികണ്ടു.
ചെറുമരത്തോപ്പിലെ ഗായക സംഘം
ഗാഡനിദ്രയിലാണ്ടാപ്പോൾ പുലർച്ചക്കുണരുന്ന
കിളികൾ അങ്ങേക്ക് സ്വാഗതമോതി.
ആംഗലനാടിന്റെ കവിസൂര്യാ
ശതാബ്ദങ്ങൾക്ക് ശേഷം ഈ നിമിഷമീ തീരത്തെ
താലവൃക്ഷങ്ങൾ വിറപൂണ്ട ശാഖികൾ
വാനിലേയ്ക്കുയർത്തി അങ്ങേയ്ക്കായി സ്തുതിപാടുന്നു.



           
        
 

പെണ്ണുടലിന്റെ രോദനം

ബാല്യത്തിന്റെ പൂവുടലുകളിൽ
മൃഗതൃഷ്ണയുടെ
ആരോഹണാവരോഹണങ്ങൾ. 
കൗമാരത്തിന്റെ കൂത്താട്ടങ്ങളിലും
യൗവ്വനത്തിന്റെ ആഘോഷങ്ങളിലും
പതിയിരുന്ന് കടിച്ചു കീറുന്ന
കുളച്ചണ്ടിയുടെ ഗന്ധമുള്ള കാട്ടുജീവികൾ.  
ആന്തരാവയവങ്ങളെ കൊത്തിവലിച്ച്
ലോകത്തിന്റെ വിദൂരതിർത്തികളിൽ  
കെട്ടിത്തൂക്കി നിർത്തുന്നു.
ആയിരം കുടന്ന വെള്ളം കോരിയെടുക്കാനുള്ള
ആവേശത്തോടെ പെണ്‍ ശരീരമാകുന്ന
തടാകത്തിലേക്ക് ഇറങ്ങി ചെല്ലുന്നവർ,
രക്തപ്പുഴകളിൽ തീക്ഷണ നൊമ്പരം പോലെ
തലയിട്ടടിക്കുന്ന ഉന്മാദ നൃത്തങ്ങളിൽ
തകരുന്ന ശിശിരത്തിലെ വസന്തശോഭകൾ. 
ജീർണതയുടെ പുതുപര്യായങ്ങൾ പോലെ
പല്ലും നഖവും ഉപയോഗിച്ച് ഇര തേടി 
മായാ മൃഗങ്ങളായ് വിഹരിക്കുന്ന 
അവരുടെ ഉള്ളിൽ അന്ധകാരവും
സിരകളിൽ നായാട്ടിന്റെ രുചിയുറഞ്ഞ
കാമത്തിന്റെ ദ്രാവകവും ഒഴുകി നടന്നു.
എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ
മരവിച്ച ധർമ്മസംഹിതകളെ മറികടന്ന്
സ്ത്രീ ശരീരങ്ങളിൽ അമൃതേത്ത് നടത്തുന്ന
ശ്വാനന്മാരുടെ കണ്ണുകളെ ഞാൻ ഭയപ്പെടുന്നു. 
ആണ് പെണ്ണിന് നരകമാകത്തൊരു ലോകം
വിദൂര സ്വപ്നങ്ങളിൽ  മൃതിയാണ്ട് കിടക്കുന്നു.
   
 
 

  

Wednesday, 11 June 2014

തീരങ്ങൾ

മനസ്സിൽ പുഴയും ആകാശവും കിളികളും.
ഒരു വിളിയുടെ അറ്റത്ത്‌ പൂത്തുലയുന്ന ആര്ദ്രതയുടെ
 ഋതുക്കളിൽ മഴയ്ക്ക്‌ആയിരം കൈകളുണ്ട്.  
നെറ്റിയിലെ സന്ധ്യ ചുരുങ്ങിയ പൊട്ടിൽ നിന്ന്
വെയിൽ തുടച്ചു കളയുന്ന കാറ്റിലൊരു ചെമ്പക -
പൂമരം ചിറകുകൾ വിരിച്ച് പറന്നു നടന്നു.
സ്വപ്നങ്ങളുടെ കാടകം ഉള്ളം നനഞ്ഞ
പൂക്കളുമായ്‌ കണ്ണിലൂടെ ഒഴുകിപോയി .
നിലാവിന്റെ വെണ്‍ പ്രാവുകൾ പറന്നിറങ്ങാത്ത
എന്റെ മുറികളിൽ പൊട്ടാത്ത മൗനതിന്റെ
രാത്രിയും പകലും ഒരില വെള്ളത്തിൽ വാക്കുകൾ
വരിഞ്ഞു കെട്ടിയ തീരങ്ങളെ മായ്ച്ചു കളയുന്നു.
കൈയിൽ ചുരുട്ടിപ്പിടിച്ച പ്രണയ തീയ്യ്‌  അണഞ്ഞു പോകുന്നു ,
ജീവിതത്തിന്റെ വഴികൾ വളവു തിരിഞ്ഞ് മറഞ്ഞു പോവുന്നു.