Wednesday, 24 July 2013

അമ്പിളി

അമ്പിളിയെ
കറുത്ത വാവ്
കടഞ്ഞെടുത്ത മഷി
നിനക്ക് നീലാഞ്ജനം.
ഭയത്തിന്റെ
മേഘപാളികൾക്കിടയിൽ
മുഖമൊളിക്കാതെ,
ഇടിമുഴക്കങ്ങളിൽ
അടർന്നു വീണൊരു
കായലിൽ മറയാതെ
ഇരുൾ കുടിച്ചു വറ്റിച്ച
നിലാവിനെയൊരു 
 നിറഹാസത്താൽ
വീണ്ടും പരത്തു .  



Tuesday, 23 July 2013

തിലോദകം

മേഘങ്ങളുമ്മ വച്ച
ഗിരി ശ്രുംഗങ്ങൾ വിട്ട്
കൊലുസിന്റെ 
പൊട്ടിചിരിയുമായി
വെള്ളാരങ്കല്ലുകളെ
മിനുക്കിയൊരുക്കി
വെണ്മ മാഞ്ഞ ഉടലിൽ
മുങ്ങി നിവർന്ന
പാപങ്ങളുടെ കറുപ്പും
പാദങ്ങൾ ബന്ധിച്ച
വിഷ കുരുക്കിൽ
കുതിപ്പു മുറിഞ്ഞ
 കിതപ്പുമായി 
തീരാ വ്യഥയോടെ
സമുദ്ര സംഗമമറിയാതെ
പാതി വഴിയിൽ
ശ്വാസമറ്റു വീണ നീ
എന്റെയീ തിലോദകം
ഏറ്റു വാങ്ങുക .

     

Sunday, 21 July 2013

ശലഭ ജന്മം

അല തല്ലും
സമുദ്രങ്ങളെന്നിൽ
തേങ്ങി ഒതുങ്ങുമ്പോൾ
സ്വപ്‌നങ്ങൾ
ശലഭ ജന്മങ്ങൾ തേടി,
തിരി താഴ്ത്തിയകലും
നിലാവിന്റെ
മണ്‍കുടിൽ വിട്ട്
ബന്ധനത്തിന്റെ
ബന്ധുരമായ
ചിപ്പിക്കുള്ളിൽ
കണ്ണീർ ഉരുക്കിയുരുക്കി
ഒരു മുത്തായി
അടിഞ്ഞു ചേരുന്നു .

 
  

Saturday, 20 July 2013

പ്രളയം

കാറ്റിലൊരു പൂമ്പൊടി
നദിയിലൊരു വിത്ത്
തണൽ തഴപ്പാർന്നൊരു സ്വപ്നം
അവിടെ പ്രളയത്തെ വിട്ടു
പ്രകൃതി നീയെന്തിനു
നിഷ്ക്കളങ്കരെ കൂടി കൊന്നു .


ബാല്യം

കൈ നീട്ടി തൊട്ടപ്പോൾ
ഭൂമിയിലെ പൂവുകൾ
ആകാശത്തേക്ക്
പറന്നു പോയി .
വിരൽ തുമ്പിൽ നിന്നും
മായാത്തൊരാ-
മഴവില്ലിന്മേൽ
ഓർമ്മകളുടെ സുഗന്ധം
ബാല്യാത്തിലേക്കൊരു
ഊഞ്ഞാല കെട്ടി .

Monday, 15 July 2013

കനൽതുള്ളി

വാക്കുകൾ കൊണ്ടെന്റെ ഹൃദയം
കൊത്തി തിന്നു നീ വിശപ്പടക്കുക .
കണ്ണുനീർ കൊണ്ട് ദാഹവും അകറ്റുക .
ഓർമ്മകളിൽ തനിച്ചാക്കാതെ
വാക്കുകൾ വിഷം തുപ്പിയ
 മൌനത്തിന്റെ കനൽ കൊണ്ടെന്റെ
ശരീരത്തെ കത്തിച്ചു തിരിഞ്ഞു നടക്കുക.
ഇല്ലെങ്കിൽ നോവിന്റെ തീ തുള്ളിയായി
കണ്‍പീലികൾക്കിടയിൽ മറഞ്ഞിരുന്ന്
ഞാനാ ഹൃദയത്തെ ചുട്ടു പൊള്ളിചേക്കാം.




യാത്ര

വേനൽകാറ്റ്പരത്തിയ മണ്ണിൽ
പലതുംമറഞ്ഞു തുടങ്ങിയിരിക്കുന്നു.
നര കയറിയ ആകാശം
ഒരു വെള്ള കൊടി പോലെ ,
അതിൽ കത്തുന്ന സൂര്യ ഹൃദയം.
അറിവിന്റെ ലോകത്ത് നിന്ന്
 നേരിന്റെ അക്ഷരങ്ങൾ തേടിയുള്ള
യാത്രയിലായിരുന്നു ഞാൻ.
സ്മൃതി മണ്ഡപങ്ങളിൽ
ഒഴുകുന്ന ചോരപുഴയിലെന്റെ
ആർഷ ഭാരതത്തിൻ അകത്തളങ്ങളിൽ
കനക്കുമിരുട്ടിലൊരു നില വിളിയിലെന്റെ
വാക്കുകൾ തളർന്നു നെഞ്ചിൻ മിടിപ്പു മാഞ്ഞു,
കാൽ പാടുകൾ മായ്ച കാലത്തിന്റെ
മണൽ പരപ്പിൽ ഇരുൾ വെളിച്ചമാകുവോളം  
ഞാൻ അലഞ്ഞു നടന്നു .