Thursday, 18 August 2016

ഒരിയ്‌ക്കലും ഉറങ്ങാതെ
കാത്തിരിയ്ക്കുന്നുണ്ടെന്റെ മനസ്സ്.
നിന്റെ മന്ദഹാസത്തിന്റെ
നിലാവിൽ....
കണ്ണുകളിലെ അഗ്നിയിൽ..
ചൂടുള്ള നിശ്വാസത്തിന്റെ
തുടിപ്പുകളിൽ....
നെഞ്ചിനുള്ളിലെ മിടിപ്പിൽ....
ഒരിയ്ക്കൽ മാത്രം
ഉരുകണമെനിയ്ക്ക്.....
വഴിയറിയാതെ
എത്തിപ്പെട്ടതാണെന്ന്
കരുതുമ്പോഴും..
ഹൃദയത്തിൽ നിന്ന്
ഹൃദയത്തിലേയ്ക്കുള്ള
പ്രണയത്തിന്റെ അരുവിയ്ക്ക്
കടലിനേക്കാൾ ആഴമാണ്.

Friday, 5 August 2016

മൗനം

 മൗനത്തിന്റെ വാത്മീകത്തിൽ മറഞ്ഞിരിയ്ക്കുമ്പോൾ  മുഗ്ദ്ധവും ക്ഷണികവുമായ മണൽത്തരികൾ പോലെ സ്വപ്‌നങ്ങൾ സമാധിയിലാണ്. ദുഃഖങ്ങൾ ഇരുള് പോലെ മൃതിയുടെ മുലപ്പാല് കുടിച്ച് തിടം വച്ച് പന്തലിയ്ക്കും. ശ്വാസക്കാറ്റിൽ വേദനകൾ ഇണ ചേരും, രാത്രികളിൽ പ്രതാപികളായ കറുത്ത നക്ഷത്രങ്ങളായി ഓരോ മൗനവും എന്റെ ആകാശങ്ങളിൽ ദുർമുഖങ്ങളുടെ മുൾപ്പീലിയണിയും. അതിന്റെ മൂർച്ചയിൽ ഹൃദയത്തിൽ മഴവില്ലുകൾ മുറിഞ്ഞ് നീറും. ഒരു കൈക്കുമ്പിൾ ജലം വിരൽപ്പഴുതിലൂടുർന്ന് പോകുമ്പോലെ ജീവിതത്തിന്റെ നനവും, പ്രണയത്തിലെ വസന്തവും, നീതി തേടുന്ന നിലവിളികളും, ധർമ്മ സംഹിതകളും മൗനത്തിന്റെ ഹിമസദൃശ്യമീ ശവ കുഴിയ്ക്കുള്ളിൽ മറഞ്ഞു പോകുമെങ്കിൽ അക്ഷരങ്ങളുടെ മൗനം പേറിയ ആ ജഡ ഭാഷകൾ എനിക്ക് വേണ്ട, വാക്കുകൾ കെട്ടി കിടന്നെന്റെ നാവിനെ ചുട്ടു പൊള്ളിയ്ക്കുന്നു.

Wednesday, 3 August 2016

എന്റെ ശരീരം വേദനകൾ നിറഞ്ഞ
വസന്തത്തിന്റെ ഒരു കുപ്പായം
എനിയ്ക്കായി തുന്നി വച്ചിരിയ്ക്കുന്നു.
എങ്കിലും കാലമേ നിന്റെ കുസൃതിയ്ക്ക്
ഞാനെന്റെ ദേഹത്തെ വിട്ടു തരില്ല.
തീയെരിഞ്ഞ തിരശീല പോലെങ്കിലും
അതിലെന്റെ കവിത കൂടി നിറച്ചു
ഞാൻ പൂത്തു നിൽക്കും.

മൗനം മറച്ച ദുഃഖം.

പെറ്റിട്ട ഒരു കുഞ്ഞിനുപോലും
പറയി മുലകൊടുത്തില്ല.
പച്ചില കൊണ്ട് പേറ്റുചോര തുടച്ച്
പൂക്കൾകൊണ്ട് പൈതലിനെ സ്നാനം ചെയ്ത്
നിറഞ്ഞു തുളുമ്പിയ മുലകളിൽ നിന്നും
ഇറ്റി വീണ മുലപ്പാലും അന്തമില്ലാത്ത
അലച്ചലിന്റെ ദുർവിധിയിൽ
അണപൊട്ടിയൊഴുകിയ കണ്ണീരും ചേർന്ന
മിശ്രിത പെണ്‍ലവണത്തിൽ എഴുതപ്പെട്ട
കാലചരിത്രത്തിൽ വാ കീറിയ ദൈവം
ഇര കല്പിച്ച പ്രമാണത്തിന്റെ ഭാരമേന്തി
നിശബ്ദമായ അനുഗമനത്തിന്റെ
മാതൃ ദുഃഖമെരിയുകയായിരുന്നു
പ്രപഞ്ച സ്പന്ദനങ്ങളിൽ.
No matter what words on paper hurt like
my eyes became wet and heart full of sorrows,
This is the time I realized what is pain.
There is a fire starting in my heart,
it burn my mind and the growth of pain have inside,
sometimes it hurts more to hold on.

പന്തിരുകുലം

ദേശാന്തരങ്ങളുടെ അതിരുകൾ ഭേദിച്ച്
ഭൂമിലോകത്തിന്റെ അന്തമില്ലാത്ത
സഞ്ചാരപഥങ്ങളിൽ പുളഞ്ഞു നടന്ന
അതീന്ദ്രിയജ്ഞാനത്തിന്റെ തൃഷ്ണകൾ.
മന്ത്രോച്ചാരണത്തിനു പകരം മാദക ഭാഷണങ്ങൾ
ഹോമാഗ്നിക്ക് പകരം കാമാഗ്നിയും
തീർത്ഥത്തിനുംപൂക്കൾക്കും പകരമോ
ശുക്ലവുംഅണ്ഡവും ഗുരുതിയായ്പേറ്റുചോരയും.
സദാ ത്രസിച്ചു നില്ക്കുന്ന ബീജ കാമനകളും
സദാ വിടര്ന്നു നില്ക്കുന്ന ഗർഭപാത്രവും കൊണ്ട്
വിസ്മയകരമായ ജന്മ വൈവിധ്യങ്ങളുടെ
പേറ്റു പിറവികളായി പന്തിരുകുല സൃഷ്ടികൾ.
കാമത്തിന് സവർണ്ണന് നിറങ്ങളില്ല.
അഴിമതിയുടെ മഹാസമുദ്രം
കേന്ദ്രമെങ്കിൽ മറ്റുള്ളവയതിൻ
പോഷക നദികൾ മാത്രം.
അതിൽ നിന്നും വളഞ്ഞു കുത്തിയ
നട്ടെല്ലുകൾ വാരിയെടുത്തൊരു
വില്ല് തീർക്കാം നമുക്കിനി,
ആധിപത്യങ്ങൾ ഭോഗിച്ചു കൊന്ന
നാടിന്റെ ഫോസിലുകൾ നിരത്തിയൊരു
വില്ലടിച്ചാം പാട്ടിനായ്.

വിശുദ്ധന്മാർ.

രൂപ കൂടിനുള്ളിൽ നിന്ന്
ദുരാചാര സംഘങ്ങൾ
ഇറങ്ങി വരുന്നു.
രാവിലെ ചിരിയ്ക്കുകയും
രാത്രിയിൽ ഇളിയ്ക്കുകയും
ചെയ്യുന്ന വിശുദ്ധന്മാർ.
പെണ്ണിന്റെ ഉടയാടകളഴിച്ച്
അട്ടഹസ്സിയ്ക്കുന്ന ദുശാസനന്മാർ.
ആവോളം കാമിയ്ക്കുകയും
ഭോഗിയ്ക്കുകയും ചെയ്യുന്നവർ-
നാവുകൾ പിഴുതെടുക്കുകയും
ചുണ്ടുകൾ തുന്നിക്കെട്ടുകയും ചെയ്യും.
പകലിന്റെ നെഞ്ചിലൂടെ
ഇരുളിന്റെ നിഴലിലൂടെ
കണ്ണിറുക്കി ചിരിയ്ക്കുന്ന തെരുവിലൂടെ
ഒരു കുഞ്ഞു പെൺ ശരീരമെങ്കിലും
ആർത്തിയോടെ അവർ തിരഞ്ഞു വരും.
മാനങ്ങൾ കളവു പോകും,
പ്രതിഷേധങ്ങളെ കീഴ്പ്പെടുത്തലുകളുടെ
പട്ടടയിലേയ്ക്ക് എടുത്തു വയ്ക്കും.
ഈ കാലത്തിന്റെ നാൾ വഴിയിൽ
വന്യതയോടെ അവർ ചൂളം വിളിക്കും,
നിസ്സഹായതയുടെ ചുവരുകൾക്കുള്ളിൽ
നിലവിളികൾ വീണു കറുക്കും.
മരണം എന്നെ ശരീരത്തിൽ നിന്നും
മോചിപ്പിയ്ക്കുന്നതിനു മുൻപ്
രണ്ടു എകാന്തതകൾക്കിടയിലെ
വിശുദ്ധി പോലെ നീയെന്റെ നെറ്റിയിൽ,
ഇമകൾക്കിടയിലെ നനവിൽ,
തളരാത്ത സ്നേഹത്തിന്റെ
മീനുകൾ പിടയുന്ന എന്റെ കണ്ണുകളിൽ
അമർത്തി ചുംബിയ്ക്കുക.
എന്റെ തളര്ച്ചകൾക്കിടയിലെ ഉണർവ്വ് പോലെ,
കടലിലെ തിരകൾ പോലെ നീയെന്നെ തൊടുമ്പോൾ
മൃതിയെന്റെ ജീവനെ മറക്കുമായിരിക്കാം.