വെടിയൊച്ചകൾ ആകാശം മുട്ടെ
ഉയരുന്നു പുകച്ചുരുളുകൾ.
ഇത് കണ്ണീർപ്പഴക്കങ്ങളെയെങ്ങോട്ടോ
പലായനം ചെയ്യിക്കാനധർമ്മത്തിൻ കിരാതത്വം.
ബോംബുകൾ പെയ്തു വീണു ചിന്നി ചിതറി
തെറിക്കും കബന്ധങ്ങളിൽ, ദീനരോദനങ്ങളിൽ
പൊടിയുന്ന ചങ്കുമായി തൻ പൈതങ്ങളെ
തിരഞ്ഞു തളരുന്നോരമ്മ കാലുകൾ.
അക്ഷരങ്ങൾക്കും പകർത്തുവാനാവുമൊ
മനം നൊന്തുയരുമാ ഗാന്ധാരീ വിലാപങ്ങൾ.
ഇനിയുമടയാത്ത നിർജീവമാം മിഴികളിൽ
മുങ്ങി കിടക്കുന്നു നിങ്ങൾ തൻ സ്വപ്‌നങ്ങൾ,
കിനാക്കളില്ലാ കരിന്തിരി വെട്ടങ്ങളായ്.
മാംസം വെന്തൊരു തീ കാറ്റിൻ മണമേറ്റ് കരിഞ്ഞ
മണൽക്കുഴിയിൽ ഗാസ ചുവന്നു വിതുമ്പുമ്പോൾ
യുദ്ധ കൊതിയുടെ നിറുകയിൽ നിന്നീ രക്തത്തുള്ളികൾ
പാനം ചെയ്തു ഗുരുതിക്കളമാടിയുറയാൻ
ഏതു മത വിശ്വാസങ്ങളേത് വർഗ്ഗങ്ങൾ ഒരേ
ആകാശമൊരേ ഭൂമിയും വെട്ടിമുറിച്ചതിരുകൾ തീർപ്പു.
ചിന്തിക്കു മൗനം പുലർത്താതെ നമ്മുക്കും ലജ്ജിയ്ക്കാമിനി,
ഈ ആശങ്കകളിൽ സമാധാനമൊരു വിശ്വാസം മാത്രമാവുന്നു.
കനത്ത വ്യസനവും നരച്ച നാളെകളും ഒരിക്കലും
അവസാനിയ്ക്കാത്ത വിഷാദങ്ങളും മാത്രമീ യുദ്ധാന്ത്യത്തിൻ
തിരുശേഷിപ്പുകളെന്നാകിലും നിഷ്പക്ഷപാതം ജ്വലിയ്ക്കുമൊരു
സൂര്യനെ സ്വപ്നം കാണുന്നുണ്ട് ഗാസയുടെ ഉരുകുന്ന നെഞ്ചകം.