Thursday, 12 December 2013

ഗ്രഹാതുരത്വം

വാടിയ തുമ്പ പൂവിന്റെ
മുഷിഞ്ഞ വേണ്മയിലും
ഓർമ്മകളുടെ സുഗന്ധം പേറുന്ന
ഒരു പൂക്കാലം പോലെ
എന്റെ ഗ്രാമവും വീടും.
ലോകമെല്ലായിടവുമേറെ
മാറ്റങ്ങളിൽ മാറുമ്പോഴും
ഒന്നുമേൽക്കാതെ സ്വച്ചമായീ
ഗൃഹാതുരത്വത്തിന്റെ തുരുത്ത്.
വേനലൊഴിവിന്റെ അതിഥിയായി
കാലവും ദ്രുത ഗമനം
നിറുത്തി വച്ചിവിടെ എന്നെപ്പോലെ
പൂഴി മണ്ണിലെ പാരിജാത ചോട്ടിൽ
വിശ്രമിക്കുന്നു. 


    

പായലുകൾ

ഉച്ച വെയിലിൻ
മുള്ളുകൾ തറച്ച്
പുഴയിലെ ആകാശത്ത്
ഞാൻ ഒറ്റയ്ക്കിരുന്നു.
പെയ്തൊഴിഞ്ഞ സൂര്യനെ
അടിച്ചു വാരിയിട്ട
ഓളങ്ങളിൽ വർണങ്ങൾ
ഒഴുകി നടന്നു.
പറന്നകന്ന വെളിച്ചത്തിന്റെ
കൊറ്റികളെ നോക്കി
പായലുകൾ ആത്മാക്കളെ
തേടിയുഴറിയലഞ്ഞെന്റെ
മേനിക്ക് കമ്പളം തുന്നുന്നു.
     

വെയിൽ ദാഹം


നീരൊഴുകുന്ന
ചരിവിലിരുന്നു 
മേഘത്തെ തൊട്ടു
ഞാനൊരു മഴയെ
നുള്ളിയെടുക്കാൻ.
വെയിൽ ഉണക്കി
എടുത്തെന്നെ
ആകാശത്ത് വച്ചു
കാറ്റിൽ തട്ടി ചിതറി
മണ്ണിൽ പെയ്തു നിറയാൻ.

കോമരങ്ങൾ

എന്റെ മലയാളമെ ഇവിടെയല്ലോ
ശ്വസിക്കാൻ ജാതിയുടെ കാറ്റ് വീശി.
കുടിക്കാൻ മതം ചേർത്ത വെള്ളമൂറ്റി
വിശപ്പടക്കാൻ വര്ഗീയത ഭക്ഷണമായ്.
ദൂരങ്ങൾ പെരുകി തലയ്ക്കുള്ളിലായി
പരസ്പരമൊരു പുഞ്ചിരി വിദൂര സ്വപ്നമായി.
മറവി ഒരലങ്കാരമാക്കിമാറ്റി കരിമ്പാറ
ഭിത്തികൾ പണിതു മത ഹൃദയങ്ങളിൽ.
സത്യത്തെ വിഷം കുടിപ്പിച്ചും
നേരിനെ വീട്ടു തടങ്കലിലാക്കിയും
ഇരുണ്ട യുഗപിറവിയെ ആഹ്വാനം ചെയ്യുന്നു
ദേവ ഭൂമിയിലുന്നത പീഠങ്ങൾ സ്വച്ചമായ്.
അവ്യക്തമാം രൗദ്രവാഗ്വാദങ്ങളിൽ
ചീന്തിയ ചോരെയ്ക്കെല്ലാം
ഒരേ നിറമോരെ മനസായിരുന്നിട്ടും
ഒതുങ്ങി നിലക്കാത്ത വിഭ്രാന്തിയോടെ
ഇരുട്ടിനും വെളിച്ചത്തിനുമിടക്ക്
സമരം ചെയ്യുന്നു നൈമീഷികമാം
അല്പ പ്രാണനും കൈയിൽ-
വച്ചോടിയീ മർത്യർ.


 
      

 

        

Tuesday, 10 December 2013

ചിറകുകൾ


ഗണിത ചിഹ്നങ്ങൾ
മണ്ണിലെഴുതുന്ന
മിന്നൽപ്പിണരുകൾ.
ഇലകളിൽ മേഘങ്ങൾ
തുളുമ്പി നിന്നു
നിലാവിന്റെ
മരം വെട്ടിക്കളഞ്ഞ്
ഇരുട്ട് മുറ്റത്ത്‌ കിടന്നു.
എന്റെ മിഴികൾക്ക് മീതെ
ചിത്ര ശലഭ ചിറകുകളായ്
നിന്റെ ചുണ്ടുകൾ
പതിഞ്ഞു നിന്നു. 

             


 
    

Monday, 9 December 2013

പൊതിചോറ്

ഹൃദയ ഭിത്തിയിൽ
അടിച്ചു ചിതറുന്ന വെയിൽ.
ഒരില ചോറ്
രണ്ടാക്കി പകുത്ത തണലിൽ
പിറകിലൊരു സൗഹൃദ കടൽ 
എന്നെ തൊട്ടു നില്ക്കുന്നു.
.

Sunday, 8 December 2013

ഞാൻ മഴ

ഞാൻ മഴ
പ്രസന്നതയുടെ മൂകത.
വേനൽ അടർത്തി മാറ്റിയ
ജീവിതത്തിന്റെ
നനവുകളിൽ നിന്നും
പടിയിറങ്ങി പോയ
മൃതിയുടെ അടയാളം.
മറ്റേതൊരു ജന്മത്തിലേക്കു
ഞാനെത്തുകിൽ അന്നുമീ
മുറ്റത്തു പൂമഴയായി
മണ്ണിലൊരൊറ്റ
 കിനാവായി മാറാൻ.